കൊച്ചി: ''കല്യാണത്തിന്റെ തലേന്ന് വരന്റെ ആളുകൾ സ്ത്രീധനം കൂട്ടിച്ചോദിക്കുന്നതുപോലെയുള്ള ഒരു പരിപാടിയായിപ്പോയി ഇത്. അവസാനനിമിഷം വാക്കുമാറ്റി വരന്റെ വീട്ടുകാർ സമ്മർദമുണ്ടാക്കിയാൽ പാവം പെണ്ണുവീട്ടുകാർ എന്തുചെയ്യും. എങ്ങനെയെങ്കിലും പറഞ്ഞുറപ്പിച്ച കല്യാണം നടത്താൻ അവർ കടം വാങ്ങിയിട്ടായാലും കുറേ കാശുണ്ടാക്കാതെ എന്തു ചെയ്യാനാണ്...'' കേരള ബ്ലാസ്റ്റേഴ്സിന്റെ വാർത്താ സമ്മേളനം തടഞ്ഞ് അവരെ ഇറക്കിവിട്ട്, അടുത്ത ദിവസത്തെ മത്സര നടത്തിപ്പ് അനിശ്ചിതത്വത്തിലാക്കിയ ജി.സി.ഡി.എ.യുടെ നടപടിയെ ചിലർ വിശേഷിപ്പിച്ചത് അങ്ങനെയാണ്. കായികകേരളത്തിന് ഏറെ നാണക്കേടുണ്ടാക്കിയ ഫൗൾ പ്ലേ തന്നെയാണ് ഇക്കാര്യത്തിൽ ജി.സി.ഡി.എ. നടത്തിയത്.

To advertise here,

മുംബൈ സിറ്റി എഫ്.സി.ക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പത്രസമ്മേളനം തടഞ്ഞ ജി.സി.ഡി.എ.യുടെ നടപടി കേട്ടുകേൾവി പോലുമില്ലാത്ത ഒന്നാണ്. കോച്ച് ഡേവിഡ് കറ്റാലയും ഇന്ത്യൻതാരം റൗളിൻ ബോർഗസും ഉൾപ്പെടെയുള്ള ബ്ലാസ്റ്റേഴ്സ് സംഘത്തെയാണ് പത്രസമ്മേളനം നടക്കുന്ന മുറിയിൽനിന്ന് ഇറക്കിവിട്ടത്. വലിയ വേദനയോടെയും സങ്കടത്തോടെയുമാണ് ആ നേരത്ത് ബ്ലാസ്റ്റേഴ്സ് സംഘം സ്റ്റേഡിയത്തിൽനിന്ന് ഇറങ്ങിപ്പോയത്.

കൂടുതൽ വാടക ചോദിച്ച ജി.സി.ഡി.എ. വൈകുന്നേരം അതേ ആവശ്യത്തിനൊപ്പം മെയിന്റൻസ് തുക ഇനത്തിൽ 25 ലക്ഷം രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടതോടെ വലിയ പ്രതിസന്ധിയിലേക്കാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വീണത്. ഐ.എസ്.എല്ലിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഒഡിഷ എഫ്.സി.യും ഈസ്റ്റ് ബംഗാളും ചെന്നൈയിൻ എഫ്.സി.യു.മൊക്കെ അധികൃതരെ സമീപിച്ചപ്പോൾ അവർക്കെല്ലാം ഈ സീസണിലെ കളികൾക്കായി അവിടത്തെ സ്റ്റേഡിയങ്ങൾ സൗജന്യമായി വിട്ടുനൽകിയ കാര്യവും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇതിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. ഇവിടെ സൗജന്യമില്ലെങ്കിൽ പോലും നേരത്തേപറഞ്ഞ വാക്കിൽനിന്ന് മാറാതിരുന്നുകൂടേയെന്നും അവർ ചോദിക്കുന്നു.

ശനിയാഴ്ച രാവിലെ പത്രസമ്മേളനം നടത്താനെത്തുമ്പോൾ അതിന് ജി.സി.ഡി.എ.യുടെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുരക്ഷാവിഭാഗത്തിന്റെ ഇടപെടൽ. മാധ്യമപ്രവർത്തകരെയും പുറത്താക്കി സുരക്ഷാവിഭാഗം ഹാൾ പൂട്ടി. അതിന് പുറത്ത് നിന്ന മാധ്യമപ്രവർത്തകരെ അവിടെയും നിൽക്കാൻ അനുവദിക്കാതെ സ്റ്റേഡിയത്തിന് പുറത്താക്കി സുരക്ഷാവിഭാഗം പ്രധാന കവാടവും പൂട്ടി.

വാടക സംബന്ധിച്ച കാര്യത്തിൽ തീരുമാനമാകാത്തതിനാലാണ് ടീമിന് പത്രസമ്മേളനം നടത്താൻ സ്റ്റേഡിയത്തിലെ ഹാൾ നൽകാതിരുന്നതെന്നാണ് ജി.സി.ഡി.എ. പറയുന്നത്. മുൻ സീസണിൽ 8.4 ലക്ഷം രൂപയ്ക്ക് നൽകിയിരുന്ന സ്റ്റേഡിയം ഇതിലും കുറഞ്ഞ തുകയ്ക്ക് നൽകാനാവില്ലെന്നാണ് എക്‌സിക്യുട്ടീവ് കമ്മിറ്റി പറയുന്നത്. എന്നാൽ ചെയർമാൻ പൊതുവേദിയിൽ പ്രഖ്യാപിച്ച വാടക അംഗീകരിക്കാതെ അവസാനനിമിഷം കൂടുതൽ തുകയാണ് ജി.സി.ഡി.എ. ചോദിക്കുന്നതെന്നാണ് ബ്ലാസ്റ്റേഴ്സ് പറയുന്നത്. ചെയർമാൻ പൊതുവേദിയിൽ പറഞ്ഞ കാര്യത്തിന് വിലയില്ലേയെന്ന ബ്ലാസ്റ്റേഴ്സിന്റെ ചോദ്യത്തിനും ജി.സി.ഡി.എ.യ്ക്ക് ഉത്തരമില്ല.