
കൊച്ചി: ഐ.എസ്.എൽ. ഫുട്‌ബോളിൽ. ബുധനാഴ്ച മോഹൻ ബഗാനെതിരേ കളിക്കാനിറങ്ങുമ്പോൾ കേരളാ ബ്ലാസ്റ്റേഴ്സിൽ മോഹം നിറഞ്ഞിരിക്കുന്നു. കൊൽക്കത്ത ടീമിനെതിരേ ഹോം മത്സരം ജയിക്കാനായാൽ ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് ഏറക്കുറെ ഉറപ്പാക്കാം.
കഴിഞ്ഞ അഞ്ച് കളിയിൽ നാലിലും തോറ്റാണ് ബ്ലാസ്റ്റേഴ്‌സ് വരുന്നതെങ്കിൽ അഞ്ചിലും തോൽക്കാതെയാണ് മോഹൻ ബഗാൻ കൊച്ചിയിൽ ഇറങ്ങുന്നത്. 17 കളിയിൽ 36 പോയിന്റുമായി ഒന്നാമതാണ് മോഹൻ ബഗാൻ. ഇത്രയും കളിയിൽ 29 പോയന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തും. കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7.30-നാണ് കിക്കോഫ്.
ന്യൂ ജെൻ ബ്ലാസ്റ്റ്
പരിക്കുകാരണം അഡ്രിയാൻ ലൂണ മുതൽ സച്ചിൻ സുരേഷ് വരെയുള്ളവരെ നഷ്ടപ്പെട്ടത് ബ്ലാസ്റ്റേഴ്സിനെ അലട്ടുന്നുണ്ട്.
അങ്ങനെ ഒരു ഫുൾ ഇലവനെ നഷ്ടമായ നിരാശ ചൊവ്വാഴ്ചത്തെ പത്രസമ്മേളനത്തിലും കോച്ച് ഇവാൻ വുകോമാനോവിച്ച് പങ്കിട്ടു. പകരമെത്തിയ യുവനിര നന്നായി കളിക്കുന്നതിന്റെ ആശ്വാസവുമുണ്ട്. മോഹൻബഗാനെതിരേയും ന്യൂ ജെൻ എനർജിയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ. ഈ സീസണിലെ ആദ്യ മുഖാമുഖത്തിൽ കൊൽക്കത്തയിൽ മോഹൻ ബഗാനെ വീഴ്ത്താനായ ആത്മവിശ്വാസവും ടീമിനുണ്ട്. ഐ.എസ്.എൽ. ചരിത്രത്തിൽ ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് കൊൽക്കത്തയിൽ ബഗാനെ തോൽപ്പിച്ചത്.
ഗോൾ ഡയമണ്ട്
പരിക്കുമാറി ടീമിൽ തിരിച്ചെത്തിയ ഗോളടി വീരൻ ദിമിത്രിയോസ് ഡയമാന്റകോസാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഊർജം. ലൂണ പോയതോടെ ക്യാപ്റ്റൻസി ഏറ്റെടുത്ത ഡയമാന്റകോസ് പത്തു ഗോളുമായി ടോപ് സ്കോറർ പട്ടികയിൽ രണ്ടാമനാണ്. പുതുതായി ടീമിലെത്തിയ ലിത്വാനിയൻ താരം ഫെദോർ ചെർനിച്ചും നൈജീരിയക്കാരൻ ജസ്റ്റിൻ ഇമ്മാനുവലും ഫോമിലായാൽ ഹോം ഗ്രൗണ്ടിൽ ബഗാനെതിരേ ജയം അസാധ്യമല്ല. സീസണിൽ ഹോം ഗ്രൗണ്ടിൽ കളിച്ച ഒമ്പതു മത്സരത്തിൽ ആറിലും ജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടെണ്ണത്തിൽ സമനില നേടി.
ബഡാ ബഗാൻ
കൊൽക്കത്ത ഡർബിയിൽ ഈസ്റ്റ് ബംഗാളിനെ 3-1ന് തോൽപ്പിച്ചാണ് ബഗാൻ വരുന്നത്. ഞായറാഴ്ച കൊൽക്കത്തയിലെ കളി കഴിഞ്ഞ് മൂന്നാംദിനം കൊച്ചിയിൽ കളിക്കേണ്ടിവരുന്നതിന്റെ ക്ഷീണം ഒഴിച്ചാൽ ബഗാന് മറ്റു പ്രശ്നങ്ങളില്ല. അവസാനം കളിച്ച അഞ്ചിൽ നാലു കളിയും ജയിച്ച ബഗാൻ ഒഡിഷയോട് സമനില വഴങ്ങി. എട്ടുഗോൾവീതം നേടി ടോപ് സ്കോറർ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ദിമിത്രി പെട്രാടോസും ജാസൺ കമ്മിങ്‌സും അടങ്ങിയ ആക്രമണനിരയാണ് ടീമിന്റെ കരുത്ത്. ഒപ്പം ഇന്ത്യൻ താരങ്ങളായ ലിസ്റ്റൺ കൊളാസോയും മൻവീർ സിങ്ങും ഗോളടിയിലും അസിസ്റ്റിലും തിളങ്ങുന്നു.
Content Highlights: kerala blasters mohun bagan
Published: 13 Mar 2024, 09:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented