ന്യൂഡല്‍ഹി: പരിശീലക സ്ഥാനത്തുനിന്ന് പുറത്തായതിനു പിന്നാലെ ഇന്ത്യന്‍ ഫുട്‌ബോളിനെ കടന്നാക്രമിച്ച് കോച്ച് ഇഗോര്‍ സ്റ്റിമാച്ച്. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെതിരെയാണ് വിമര്‍ശനം.അധികാര മോഹികളുടെ കൈകളില്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ ഫുട്‌ബോളെന്ന് സ്റ്റിമാച്ച് വിമര്‍ശിച്ചു. അടുത്ത 20 വര്‍ഷത്തേക്ക് ഇന്ത്യന്‍ ഫുട്‌ബോള്‍ നല്ല അവസ്ഥയില്‍ എത്താന്‍ സാധ്യതയില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍  സ്റ്റിമാച്ച് പറഞ്ഞു.

To advertise here,

'ഇന്ത്യന്‍ ഫുട്‌ബോള്‍ തടവറയിലാണ്. രണ്ട് ദശാബ്ദങ്ങള്‍ കഴിഞ്ഞാലും കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് തോന്നുന്നില്ല. മൂന്നാംറൗണ്ടില്‍ കടന്നിരുന്നങ്കില്‍പ്പോലും പരിശീലകസ്ഥാനം വിടാന്‍ ഞാന്‍ തീരുമാനിച്ചിരുന്നതായി  മുതിര്‍ന്ന കളിക്കാര്‍ക്ക് അറിയാം. മതിയായ പിന്തുണയില്ലാതെ, കള്ളത്തരങ്ങള്‍ നിറഞ്ഞവരും സ്വകാര്യ താത്പര്യങ്ങളുള്ളവരുമായി മുന്നോട്ടുപോവുക സാധ്യമല്ല. എന്നെ നിശ്ശബ്ദനാക്കിയെന്നതാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഏറ്റവും വലിയ നേട്ടം'-സ്റ്റിമാച്ച് പറഞ്ഞു. 

എ.ഐ.എഫ്.എഫ്. അധ്യക്ഷന്‍ കല്യാണ്‍ ചൗബെയ്‌ക്കെതിരെയും സ്റ്റിമാച്ച് വിമര്‍ശനം നടത്തി. ജനപ്രിയനാവുന്നതില്‍ മാത്രമാണ് ചൗബെയുടെ ശ്രദ്ധ. അവര്‍ക്ക് ജോലി ബന്ധമില്ല. ഞാനും ചൗബെയും ഒരിക്കലും നല്ല ബന്ധമുണ്ടായിട്ടില്ല. ഇത് സെക്രട്ടറി ജനറലിനെ അറിയിച്ചതാണ്. എ.ഐ.എഫ്.എഫിലെ അംഗങ്ങള്‍ക്ക് ഫുട്‌ബോള്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോവണമെന്ന് അറിയില്ല. അവര്‍ക്ക് അധികാരത്തെക്കുറിച്ച് മാത്രമാണ് ശ്രദ്ധിക്കുന്നത്. കല്യാണ്‍ ചൗബെ ഒഴിഞ്ഞാല്‍ ഇന്ത്യന്‍ ഫുട്‌ബോളിന് സാധ്യതയുണ്ടെന്നും സ്റ്റിമാച്ച് പറഞ്ഞു. പരിശീലക ജോലിയിലെ സമ്മര്‍ദം മൂലം ഇടക്കാലത്ത് അടിയന്തര ഹൃദയശസ്ത്രക്രിയ നടത്തേണ്ടിവന്നുവെന്നും സ്റ്റിമാച്ച് പറഞ്ഞു.  

2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ മൂന്നാം റൗണ്ടില്‍ കടക്കാത്തതിനെത്തുടര്‍ന്ന് സ്റ്റിമാച്ചിനെ മുഖ്യപരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. ഖത്തറിനെതിരേ വിവാദ ഗോളില്‍ പരാജയപ്പെട്ടതാണ് ഇന്ത്യ പുറത്തായതിനു കാരണം. നിയമവിരുദ്ധമായ ഒരു ഗോള്‍ റഫറി ഖത്തറിന് അനുവദിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 2-1നായിരുന്നു ഇന്ത്യയുടെ തോല്‍വി.