മാലകളും തകിടുകളും വകഞ്ഞുമാറ്റി, അയഞ്ഞുതൂങ്ങിയ ചുവന്ന ഉടുപ്പിനുള്ളിൽനിന്ന് അയാൾ ഒരു കുപ്പി പുറത്തെടുത്തു. അതിനുള്ളിലെ വെളുത്തപൊടി വലത്തേ ഉള്ളംകൈയിലേക്ക്, ആദ്യമത് മുഖത്ത് തേച്ചുപിടിപ്പിച്ചു. വീണ്ടും പൊടിയെടുത്ത് അന്തരീക്ഷത്തിലേക്ക് ഊതി... എന്തൊക്കെയോ ഉരുവിട്ടു. ഘാന-പാനമ കളി സമനിലയിലേക്ക് പോകുമെന്നു തോന്നിച്ചപ്പോഴാണത്. 90+5-ാം മിനിറ്റിൽ ഘാനയുടെ വിജയഗോൾ വന്നു.

To advertise here,

ഇതിനുപിന്നാലെ ഘാനയിലെ ഒരു മന്ത്രവാദിയുടെ വാചകം വൈറലായി. 'ഹാരി കെയ്നെ തളയ്ക്കാൻ ഞാൻ ചിലതൊക്കെ ചെയ്യുന്നുണ്ട്...' ഘാനയുടെ അടുത്തമത്സരം ഇംഗ്ലണ്ടിനെതിരേയാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണത്. അന്ന് ആരും അതത്ര ഗൗരവത്തിലെടുത്തില്ലെങ്കിലും ബുധനാഴ്ച ഘാന-ഇംഗ്ലണ്ട് മത്സരം സമനിലയിൽ അവസാനിച്ചതോടെ ആ മന്ത്രവാദിയെക്കുറിച്ചായി ചർച്ച. നാന ക്വാകു ബോൻസാം അതാണ് അയാളുടെ പേര്. ബോൻസാം എന്നാൽ, ചെകുത്താനെന്ന് അർഥം. ഘാനയിലെ അതിപ്രശസ്തനായ മന്ത്രവാദി. ''ഞാൻ ഹാരിയെ കെട്ടിയിട്ടിരിക്കുകയായിരുന്നു. എന്റെ നാടിന്റെ കളി കഴിഞ്ഞതിനാൽ അഴിച്ചുവിടുന്നു...'' -കളിക്കുശേഷം ബോൻസാം പറഞ്ഞു. ഘാനയ്‌ക്കെതിരായ മത്സരത്തിൽ ഹാരി കെയ്ൻ ഉറച്ച ഗോളവസരം നഷ്ടപ്പെടുത്തിയിരുന്നു. മത്സരത്തിൽ കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞതുമില്ല.

എന്നാൽ, ബോൻസാമിന്റെ പ്രയോഗങ്ങൾ ഫലിച്ചെന്നും പറയാനാകില്ല. ഘാനയ്ക്ക് കിട്ടേണ്ട പെനാൽട്ടിയുൾപ്പെടെ റഫറി അനുവദിച്ചതുമില്ല. ''വാർ ആ സമയത്ത് കാപ്പികുടിക്കാൻ പോയതാണെന്ന് തോന്നുന്നു...'' -ഘാന കോച്ച് കാർലോ ക്യുറസോവ് മത്സരശേഷം പറഞ്ഞു.

ആഫ്രിക്കൻ ടീമുകൾക്കുനേരേ എല്ലായ്പ്പോഴുമുള്ള മന്ത്രവാദ ആരോപണം ഈ ലോകകപ്പിലും വെളുത്തപൊടിപോലെ ഉയരുകയാണ്. 2002-ലെ ലോകകപ്പിൽ ഫ്രാൻസിനെതിരേ സെനഗൽ നേടിയ വിജയത്തിനുപിന്നിലും മന്ത്രവാദമാണെന്ന് ഫ്രാൻസിന്റെ മുൻതാരം ഇമ്മാനുവൽ പെറ്റിത് പറഞ്ഞിട്ടുണ്ട്. ആ ലോകകപ്പ് തുടങ്ങുന്നതിന് ഒരുവർഷംമുൻപ്, ഫ്രാൻസിലെ ഒരു ബീച്ചിൽ ഇമ്മാനുവൽ പെറ്റിത് ഒരു സെനഗലീസ് തെരുവുകച്ചവടക്കാരനെ കണ്ടിരുന്നു. ''ലോകകപ്പിൽ ഫ്രാൻസ് സെനഗലുമായി ഏറ്റുമുട്ടും. സെനഗൽ 1-0ന് വിജയിക്കും. സെനഗലിലെ മന്ത്രവാദികൾ വളരെ ശക്തരാണ്. നിങ്ങൾ അത് കാണും'' -അന്ന് അയാൾ ഇമ്മാനുവലിനോട് പറഞ്ഞു. 2022-ൽ ഫ്രാൻസിന്റെ പോൾ പോഗ്ബ സഹതാരമായിരുന്ന കിലിയൻ എംബാപ്പെക്കെതിരേ ആഫ്രിക്കൻ മന്ത്രവാദമായ 'ജുജു' ചെയ്തെന്ന് ആരോപണമുയർന്നിരുന്നു. 2002-ലെ ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ സെമിഫൈനലിൽ കാമറൂണും മാലിയും ഏറ്റുമുട്ടുന്നതിന് തൊട്ടുമുൻപ്, ഗ്രൗണ്ടിൽ ഒരു മന്ത്രവാദത്തകിടുവെച്ചെന്ന് പ്രചരിച്ചിരുന്നു. ആഫ്രിക്കൻ താരങ്ങളിൽ പലരും മികച്ച ഫോം നിലനിർത്താൻ മന്ത്രവാദികൾക്ക് വലിയ പ്രതിഫലം നൽകുന്നുണ്ട്. ഭൂരിഭാഗം ആഫ്രിക്കൻ കളിക്കാരും പരിക്കേൽക്കുമ്പോൾ ഡോക്ടർമാരെ കാണുന്നതിനെക്കാൾ കൂടുതൽ 'ജുജു' ചികിത്സയിലാണ് വിശ്വസിക്കുന്നത്.

മന്ത്രവാദത്തിന് ഇത്ര ശക്തിയുണ്ടെങ്കിൽ ലോകകപ്പിൽ ഇന്നുവരെ ഒരു ആഫ്രിക്കൻ ടീമും ക്വാർട്ടർഫൈനലിനപ്പുറം കടക്കാത്തത് എന്തുകൊണ്ടെന്നതിന് ഉത്തരമില്ല.