ലണ്ടൻ: യൂറോപ്പ ലീഗിൽ സെവിയ്യ-ഇന്റർമിലാൻ ഫൈനൽ. സെമിയിൽ യുക്രെയ്ൻ ടീം ഷക്തറിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തോൽപ്പിച്ചാണ് ഇന്റർമിലാൻ ഫൈനൽ ടിക്കറ്റെടുത്തത്. ഇരട്ടഗോളുമായി അർജന്റീനയുടെ മുന്നേറ്റതാരം ലൗട്ടാരോ മാർട്ടിനെസും ബെൽജിയം സ്ട്രൈക്കർ ലുകാകുവുമാണ് ഇന്ററിന് വിജയം സമ്മാനിച്ചത്.

To advertise here,

മത്സരം തുടങ്ങി 19-ാം മിനിറ്റിൽ ഇന്റർമിലാൻ മാർട്ടിനെസിന്റെ ഹെഡ്ഡറിലൂടെ ലീഡെടുത്തു. ബരെല്ലയുടെ മനോഹരമായ അസിസ്റ്റിൽ നിന്നായിരുന്നു ആ ഗോൾ. രണ്ടാം പകുതിയിൽ 64-ാം മിനിറ്റിൽ മറ്റൊരു ഹെഡ്ഡർ ഇന്ററിന്റെ ലീഡ് ഇരട്ടിയാക്കി. ഡംബ്രോസ് ആയിരുന്നു ഗോൾ സ്കോറർ.

74-ാം മിനിറ്റിൽ മാർട്ടിനെസ് തന്റെ രണ്ടാം ഗോൾ കുറിച്ചു. ലുകാകുവിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ആ ഗോൾ. ഈ സീസണിൽ ഇന്റിറിന് വേണ്ടി മാർട്ടിനെസ് കണ്ടെത്തുന്ന 21-ാമത്തെ ഗോളായിരുന്നു അത്. പിന്നീട് ലുകാകു ഇരട്ടഗോളുകൾ നേടി. 78, 84 മിനിറ്റുകളിലാണ് ബെൽജിയം താരം ലക്ഷ്യം കണ്ടത്. ഇതിൽ ഒരു ഗോൾ അടിച്ചത് മാർട്ടിനെസ് ആയിരുന്നു.

ഓഗസ്റ്റ് 22-ന് നടക്കുന്ന ഫൈനലിൽ സെവിയ്യയാണ് ഇന്റർമിലാന്റെ എതിരാളികൾ. മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചാണ് സെവിയ്യ ഫൈനലിലെത്തിയത്.

Content Highlights: Europa League Football Final, Inter Milan vs Sevilla