ബാരന്‍ക്വില്ല (കൊളംബിയ): ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ലാറ്റിനമേരിക്കന്‍ പോരാട്ടത്തില്‍ ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയെ കീഴടക്കി കൊളംബിയ. ഇക്കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനല്‍ തോല്‍വിക്ക് പകരംവീട്ടാനിറങ്ങിയ കൊളംബിയ, അര്‍ജന്റീന സംഘത്തെ കാര്യമായി പരീക്ഷിച്ചു. സൂപ്പര്‍ താരം ലയണല്‍ മെസ്സിയില്ലാതെ ഇറങ്ങിയ അര്‍ജന്റീന ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് തോറ്റത്. ഇത്തവണത്തെ യോഗ്യതാ പോരാട്ടങ്ങളില്‍ അര്‍ജന്റീനയുടെ രണ്ടാം തോല്‍വിയാണിത്.
കൊളംബിയക്കായി യേഴ്‌സണ്‍ മൊസ്‌ക്വേര, ഹാമിഷ് റോഡ്രിഗസ് എന്നിവര്‍ വലകുലുക്കിയപ്പോള്‍ നിക്കോളാസ് ഗോണ്‍സാലസിന്റെ വകയായിരുന്നു അര്‍ജന്റീനയുടെ ആശ്വാസഗോള്‍.
കോപ്പ ഫൈനലില്‍ കൊളംബിയന്‍ വലകുലുക്കിയ ലൗറ്റാരോ മാര്‍ട്ടിനെസിനെയും ജൂലിയന്‍ അല്‍വാരസിനെയും മുന്നേറ്റത്തിന്റെ ചുമതലയേല്‍പ്പിച്ചാണ് സ്‌കലോണി ടീമിനെ ഇറക്കിയത്. നിക്കോളാസ് ഗോണ്‍സാലസ്, എന്‍സോ ഫെര്‍ണാണ്ടസ്, ലിയാന്‍ഡ്രോ പരേഡെസ്, റോഡ്രിയോ ഡിപോള്‍ എന്നിവരായിരുന്നു മധ്യനിരയില്‍. ലാസ്ന്‍ഡ്രോ മാര്‍ട്ടിനെസ്, ക്രിസ്റ്റിയന്‍ റൊമേറോ, നിക്കോളാസ് ഒട്ടമെന്‍ഡി, ഗോണ്‍സാലോ മൊണ്‍ഡിയേല്‍ എന്നിവര്‍ പ്രതിരോധത്തിലും വിശ്വസ്തന്‍ എമിലിയാനോ മാര്‍ട്ടിനെസ് ഗോള്‍വലയ്ക്കാ താഴെയും അണിനിരന്നു.
സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിന്റെ തുടക്കംമുതല്‍ കൊളംബിയ ആധിപത്യം പുലര്‍ത്തി. 25-ാം മിനിറ്റില്‍ കൊളംബിയ മുന്നിലെത്തി. റോഡ്രിഗസ് നല്‍കിയ ഒരു ക്രോസില്‍ തലവെച്ച് മൊസ്‌ക്വേര വലകുലുക്കി. രണ്ടാം പകുതിയുടെ തുടക്കത്തിലാണ് ഇതിന് അര്‍ജന്റീനയുടെ മറുപടിയെത്തുന്നത്. കൊളംബിയന്‍ പ്രതിരോധത്തിന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. പന്ത് റാഞ്ചി മുന്നേറിയ നിക്കോളാസ് ഗോണ്‍സാലസ് കൊളംബിയന്‍ ഗോളിയുടെ കാലിനിടയിലൂടെ പന്ത് വലയിലാക്കി.
എന്നാല്‍ ഒരു പെനാല്‍റ്റി മത്സരത്തിന്റെ വിധിയെഴുതി. കൊളംബിയന്‍ ഡിഫന്‍ഡര്‍ ഡാനിയന്‍ മുനോസിനെ നിക്കോളാസ് ഒട്ടമെന്‍ഡി ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. വാര്‍ പരിശോധിച്ച ശേഷമായിരുന്നു റഫറിയുടെ വിധി. കിക്കെടുത്ത റോഡ്രിഗസിന്റെ കിടിലനൊരു ഷോട്ട് എമി മാര്‍ട്ടിനെസിന് യാതൊരു അവസരവും നല്‍കാതെ വലയിലെത്തി.
തോറ്റെങ്കിലും എട്ട് കളികളില്‍ നിന്ന് 18 പോയന്റുമായി അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്. 16 പോയന്റുമായി കൊളംബിയ രണ്ടാമതുണ്ട്.
Content Highlights: Colombia defeated World Cup champions Argentina in a thrilling World Cup qualifier match
Published: 11 Sept 2024, 08:01 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented