
മഡ്രിഡ്: മുൻ ചാമ്പ്യൻമാരായ റയൽ മഡ്രിഡ്, ബയേൺ മ്യൂണിക് എന്നീ ടീമുകൾ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ പ്രീക്വാർട്ടറിൽ കടന്നു. വമ്പൻജയത്തോടെ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സനലും നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചു. അതേസമയം, സമനിലയിൽ കുരുങ്ങിയ മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ സാധ്യത തുലാസിലായി.
ഗ്രൂപ്പ് സി.യിൽ നാപ്പോളിയെ 4-2 ന് തകർത്താണ് റയൽ നോക്കൗട്ട് ബർത്തുറപ്പിച്ചത്. റോഡ്രിഗോ (11), ജൂഡ് ബെല്ലിങ്ഹാം (22), നിക്കോ പെസ് (84), ജോസലു (90+4) എന്നിവർ ഗോൾ നേടി. ജിയോവാനി സിമിയോണി (ഒമ്പത്), ആന്ദ്രെ സാംബോ (47) എന്നിവർ നാപ്പോളിക്കായി സ്കോർ ചെയ്തു. ഗ്രൂപ്പിലെ മറ്റൊരുകളിയിൽ ബ്രഗായും യൂണിയൻ ബെർലിനും സമനിലയിൽ പിരിഞ്ഞു (1-1). ഒരു റൗണ്ട് അവശേഷിക്കെ റയലിന് 15 പോയന്റായി. നാപ്പോളി (ഏഴ്), ബ്രാഗ (നാല്), ബെർലിൻ (രണ്ട്) എന്നിങ്ങനെയാണ് പോയന്റ് നില.
ഗ്രൂപ്പ് എ.യിൽനിന്ന് 12 പോയന്റോടെയാണ് ബയേൺ മുന്നേറിയത്. അഞ്ചാംറൗണ്ടിൽ കോപ്പൻഹേഗൻ ബയേണിനെ ഗോൾരഹിതസമനിലയിൽ തളച്ചിരുന്നു. മറ്റൊരുകളിയിൽ ഗളത്സരെയോട് 3-3 ന് സമനില വഴങ്ങിയതാണ് യുണൈറ്റഡിന് തിരിച്ചടിയായത്. 3-1ന് ലീഡ് ചെയ്തശേഷമാണ് യുണൈറ്റഡ് കുരുങ്ങിയത്. ഗോൾകീപ്പർ ആന്ദ്രെ ഒനാന വരുത്തിയ രണ്ട് അബദ്ധങ്ങൾ തിരിച്ചടിയായി. യുണൈറ്റഡിനായി ആലെസാൻഡ്രോ ഗർനാച്ചോ (11), ബ്രൂണോ ഫെർണാണ്ടസ് (18), സ്കോട്ട് മാക്ടോമിനെ (55) എന്നിവർ ഗോൾ നേടി. ഹക്കിം സീയെച്ച് ഇരട്ടഗോൾ (29, 62) നേടി. മുഹമ്മദ് അക്തുർക് ഗോഗ്ലുവും (71) സ്കോർചെയ്തു. കോപ്പൻ ഹേഗൻ (അഞ്ച്), ഗളത്സരെ (നാല്), യുണൈറ്റഡ് (നാല്) ടീമുകളിലൊന്ന് നോക്കൗട്ട് റൗണ്ടിലെത്തും.
ഗ്രൂപ്പ് ബി.യിൽ ലെൻസിനെ 6-0 ത്തിന് തകർത്താണ് ആഴ്‌സനൽ പ്രീക്വാർട്ടറിലെത്തിയത്. കെയ് ഹാവെർട്‌സ് (13), ഗബ്രിയേൽ ജെസ്യൂസ് (21), ബുകയോ സാഖ (23), ഗബ്രിയേൽ മാർട്ടിനെല്ലി (27), മാർട്ടിൻ ഒഡെഗാർഡ് (45), ജോർജീന്യോ (പെനാൽട്ടി-86) എന്നിവർ ലക്ഷ്യംകണ്ടു. സെവിയയെ 3-2 ന് കീഴടക്കി ഡച്ച് ക്ലബ്ബ് പി.എസ്.വി. ഐന്തോവനും നോക്കൗട്ട് റൗണ്ടിലെത്തി. ഇസ്മയിൽ സെയ്ബാറി (68), റിക്കോർട്ടോ പെപി (90) എന്നിവർ ഐന്തോവനായി ഗോൾ നേടി. നെമഞ്ജ ഗുഡേൽജിയുടെ സെൽഫ് ഗോളും ടീമിന് ലഭിച്ചു. സെർജിയോ റാമോസ് (24), യൂസഫ് എൻ നസെരി (47) എന്നിവർ സെവിയയുടെ ഗോൾ നേടി. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ 10,000-ാം ഗോളാണ് റാമോസ് നേടിയത്.
ഗ്രൂപ്പ് ഡി.യിൽനിന്ന് റയൽ സോസിഡാഡും ഇന്റർമിലാനും അവസാന പതിനാറിൽ ഇടംപിടിച്ചു. ഇന്റർ-ബെൻഫിക്ക (3-3), സോസിഡാഡ്-സാൽസ്ബർഗ് (0-0) മത്സരങ്ങൾ സമനിലയിൽ അവസാനിച്ചതോടെയാണ് പ്രീക്വാർട്ടറിലേക്കുള്ള ടീമുകളുടെ കാര്യത്തിൽ തീരുമാനമായത്.
Content Highlights: champions league football
Published: 01 Dec 2023, 07:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented