ഒരു കളിക്കാരനെ ഏതുസമയത്ത് ഏതു രീതിയിൽ ഉപയോഗപ്പെടുത്തണമെന്ന് കാർലോ ആഞ്ചലോട്ടിയോളം അറിയുന്ന പരിശീലകർ കുറവായിരിക്കും. തന്ത്രങ്ങളെക്കാൾ മാൻമാനേജ്‌മെന്റ് വൈദഗ്ധ്യമാണ് ഈ ഇറ്റലിക്കാരനെ ക്ലബ് ഫുട്‌ബോളിലെ വിജയപരിശീലകനാക്കിമാറ്റിയത്. ഇറ്റാലിയൻ ഫുട്‌ബോളിന്റെ പരമ്പരാഗത പ്രതിരോധരീതിയല്ല ആഞ്ചലോട്ടിയുടേത്. ആക്രമണഫുട്‌ബോളാണ് നയം, അതും കളിയുടെ അവസാനഘട്ടത്തിലെ ഹൈപ്രസ്സിങ്. റയൽ മഡ്രിഡിൽ വിജയിച്ച ഈ രീതിയാണ് ജപ്പാനെതിരേ ബ്രസീലിനെ ജയിപ്പിക്കുന്നതിലും പരിശീലകന് തുണയായത്. നോക്കൗട്ട് റൗണ്ടിൽ ബ്രസീലിന്റെ തിരിച്ചുവരവുകണ്ട മത്സരത്തിൽ ജപ്പാനെ തോൽപ്പിച്ചു (2-1). കാസെമിറോയും പകരക്കാരൻ ഗബ്രിയേൽ മാർട്ടിനെല്ലിയും ബ്രസീലിനായും കെയ്ഷു സാനോ ജപ്പാനായും ഗോൾ നേടി.

To advertise here,

പതിവിൽനിന്ന് വ്യത്യസ്തമായി ആക്രമണ ഫുട്‌ബോൾ വെടിഞ്ഞ് പ്രതിരോധമുറയിലേക്കുമാറിയ ജപ്പാനെയാണ് കളത്തിൽ കണ്ടത്. മധ്യനിരയ്ക്ക് ബലംകൊടുത്ത് പ്രതിരോധത്തിന് ഉപകാരപ്പെടുന്ന 3-4-2-1 ശൈലിയാണ് അവർ സ്വീകരിച്ചത്. ബ്രസീൽ 4-1-2-3 ശൈലിയിൽ കളിച്ചു. ആദ്യപകുതിയിൽ ജപ്പാൻ പ്രതിരോധക്കോട്ട കെട്ടിയപ്പോൾ ബ്രസീലിന്റേത് പന്ത് വരുതിയിൽനിർത്തി, കുറിയ പാസുകളുമായി കടന്നുകയറാനുള്ള ശ്രമമായിരുന്നു. അപ്രതീക്ഷിതമായി സാനോയുടെ ഗോളിൽ ലീഡ് കിട്ടിയ ജപ്പാൻ പൂർണമായും പ്രതിരോധത്തിലേക്ക് ഒതുങ്ങിയപ്പോൾ മറുമരുന്നില്ലാതെയായി ബ്രസീൽ.

എന്നാൽ, രണ്ടാംപകുതിയിൽ ആഞ്ചലോട്ടി തന്ത്രം മാറ്റിപ്പിടിച്ചു. പരിക്കേറ്റ ലൂക്കാസ് പാക്വേറ്റയ്ക്കു പകരം എൻഡ്രിക്കിനെ ഇറക്കി ഫോർമേഷൻ 4-2-4ലേക്ക് മാറ്റി.

എൻട്രിക് വന്നതോടെ ഫൈനൽ തേർഡിൽ സമ്മർദം കൂട്ടാൻ ടീമിനായി. ഇതോടെ ബ്രസീൽ എപ്പോൾ വേണമെങ്കിലും ഗോൾ നേടാമെന്ന അവസ്ഥയുമായി. ഗബ്രിയേൽ മെഗൽഹാസിന്റെ ക്രോസിൽ കാസെമിറോ സമനിലഗോൾ നേടിയതോടെ ആഞ്ചലോട്ടി വീണ്ടും തന്ത്രം മാറ്റി. പിന്നെ ജപ്പാൻ ബോക്‌സിലേക്ക് നിരന്തരം ഹൈബോളുകളെത്തി. ഇതിനിടെ മാത്യൂസ് കുന്യക്ക് പകരം ഗബ്രിയേൽ മാർട്ടിനെല്ലി കളത്തിലെത്തി. നെയ്മറിനെ പ്രതീക്ഷിച്ചിടത്താണ് മാർട്ടിനെല്ലിയുടെ വരവ്. പ്രതിരോധനിരക്കാരാൽ മാർക്കുചെയ്യപ്പെട്ട വിനീഷ്യസിനെ വിങ്ങിൽ ഇറക്കി കളിപ്പിച്ചു. മാർട്ടിനെല്ലിയോടും ബ്രൂണോ ഗിമാറസിനോടും മുന്നോട്ടുകയറി കളിക്കാൻ ആവശ്യപ്പെട്ട ആഞ്ചലോട്ടി അവസാനഘട്ടത്തിൽ പ്രസ്സിങ് കടുപ്പിച്ചു. പന്തുമായി വിനീഷ്യസ് കയറിയപ്പോഴെല്ലാം ഗോൾമണത്തു. ഇഞ്ചുറി ടൈമിൽ, ഏഴു പ്രതിരോധനിരക്കാർ കോട്ടതീർത്ത പെനാൽട്ടി ബോക്‌സിനുള്ളിലാണ് വരച്ചവരപോലെയുള്ള പാസ് ഗിമാറസിൽനിന്ന് മാർട്ടിനെല്ലിയിലേക്ക് എത്തിയത്. ഒരുനിമിഷംപോലും പാഴാക്കാതെ മാർട്ടിനെല്ലിയുടെ ക്ലിനിക്കൽ ഫിനിഷിങ്ങിൽ ബ്രസീൽ അകത്തേക്കും ജപ്പാൻ പുറത്തേക്കും.