ന്യൂഡല്‍ഹി: 2034 ലോകകപ്പ് ഫുട്‌ബോളിലെ ചില മത്സരങ്ങള്‍ ഇന്ത്യയിലും നടത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്.). സൗദി അറേബ്യയാണ് 2034 ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യം വഹിക്കുന്നത്. സൗദിയോടൊപ്പം ചില മത്സരങ്ങള്‍ക്ക് ഇന്ത്യയും ആതിഥ്യം വഹിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് എ.ഐ.എഫ്.എഫ്. അധ്യക്ഷന്‍ കല്യാണ്‍ ചൗബേ വ്യക്തമാക്കി. എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കുമുന്നിലാണ് അദ്ദേഹം നിര്‍ദേശം വെച്ചത്. 

To advertise here,

ഒക്ടോബര്‍ 18-ന് നടന്ന ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ (എ.എഫ്.സി.) അടിയന്തര യോഗത്തിലും സൗദി ആതിഥ്യം വഹിക്കുന്നതിനെ പിന്തുണച്ചു. ഇന്ത്യയും അക്കൂട്ടത്തില്‍ പിന്തുണച്ചിരുന്നു. 

48 ടീമുകളാണ് 2034 ലോകകപ്പില്‍ മാറ്റുരക്കുക. ആകെ 104 മത്സരങ്ങളുണ്ടാകും. അവയില്‍ പത്ത് മത്സരങ്ങളെങ്കിലും ഇന്ത്യയില്‍വെച്ച് നടത്താനുള്ള ശ്രമങ്ങള്‍ വേണമെന്നാണ് ചൗബെ മുന്നോട്ടുവച്ച നിര്‍ദേശം. ഇന്ത്യ ഇതുസംബന്ധിച്ച  ആലോചനകള്‍ നടത്തുകയോ ആസൂത്രണം നടത്തുകയോ ചെയ്യണമെന്ന് എക്‌സിക്യുട്ടീവ് യോഗത്തില്‍ ചൗബേ വിശദീകരിച്ചു. 2030 ലോകകപ്പ് ഫുട്‌ബോള്‍ ആഫ്രിക്കയിലും യൂറോപ്പിലും തെക്കേ അമേരിക്കയിലുമായി നടത്താനാണ് തീരുമാനിച്ചത്. ഇതോടെ 2034 ലോകകപ്പ് ഏഷ്യയില്‍ മാത്രമായി നടത്തണമെന്ന് ഫിഫ നിര്‍ദേശിച്ചിരുന്നു.