ബാഴ്‌സലോണ: നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാഴ്‌സലോണയുടെ മുന്നേറ്റതാരം സെര്‍ജിയോ അഗ്യൂറോയ്ക്ക് മൂന്നുമാസം കളിക്കാനാവില്ല. അഗ്യൂറോയ്ക്ക് മൂന്നുമാസം വിശ്രമമനുവദിച്ചു. 

To advertise here,

അലാവെസിനെതിരായ ലാ ലിഗ മത്സരത്തിനിടെയാണ് അഗ്യൂറോയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്യൂറോയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ടീം അധികൃതര്‍ അറിയിച്ചു. 

മത്സരത്തിന്റെ 40-ാം മിനിട്ടിലാണ് അഗ്യൂറോയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ നിന്ന് ഈ സീസണിലാണ് അര്‍ജന്റീന താരമായ അഗ്യൂറോ ബാഴ്‌സയിലെത്തിയത്. മെസ്സിയുടെ പകരക്കാരനായി വന്നെങ്കിലും ബാഴ്‌സയ്ക്ക് വേണ്ടി അധികം മത്സരങ്ങളില്‍ കളിക്കാന്‍ അഗ്യൂറോയ്ക്ക് സാധിച്ചിരുന്നില്ല. പരിക്കുമൂലം മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്ന അഗ്യൂറോ ഈയിടെയാണ് ബാഴ്‌സയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. 

അഗ്യൂറോയുടെ അഭാവം ബാഴ്‌സയ്ക്ക് കൂടുതല്‍ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. മെസ്സി ടീം വിട്ടതോടെ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ബാഴ്‌സലോണ നിലവില്‍ ലാ ലിഗയില്‍ ഒന്‍പതാം സ്ഥാനത്താണ്. 11 മത്സരങ്ങളില്‍ നിന്ന് വെറും 16 പോയന്റ് മാത്രമാണ് മുന്‍ ചാമ്പ്യന്മാര്‍ക്ക് നേടാനായത്. 

Content Highlights: Aguero sidelined for three months following chest discomfort