മിലാന്‍: 2021-2022 സീസണ്‍ ഇറ്റാലിയന്‍ സീരി എ കിരീടം എ.സി മിലാന് സ്വന്തം. അവസാന മത്സരത്തില്‍ സസ്സുവോളോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് മിലാന്‍ കിരീടത്തില്‍ മുത്തമിട്ടത്. 11 വര്‍ഷത്തിനുശേഷമാണ് എ.സി.മിലാന്‍ കിരീടാവകാശിയാകുന്നത്. മിലാന്റെ 19-ാം സീരി എ കിരീടം കൂടിയാണിത്. 

To advertise here,

അവസാന ലീഗ് മത്സരം വരെ ആവേശം നിറഞ്ഞ സീസണാണായിരുന്നു ഇത്. ആദ്യ സ്ഥാനക്കാരായ ഇന്റര്‍ മിലാനും എ.സി.മിലാനും തമ്മില്‍ വെറും രണ്ട് പോയന്റിന്റെ മാത്രം വ്യത്യാസം. അവസാന മത്സരത്തില്‍ മിലാന്‍ സമനിലയോ തോല്‍വിയോ നേരിടുകയും ഇന്റര്‍ ജയിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനേ. എന്നാല്‍ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ കളി പുറത്തെടുത്ത് എ.സി.മിലാന്‍ കിരീടം സ്വന്തമാക്കി. 

ഒളിവര്‍ ജിറൂഡിന്റെ ഇരട്ട ഗോളാണ് ടീമിന് തുണയായത്. ഫ്രാങ്ക് കെസ്സിയെയും ലക്ഷ്യം കണ്ടു. ഇതോടെ 38 മത്സരങ്ങളില്‍ നിന്ന് എ.സി.മിലാന്‍ 86 പോയന്റ് നേടി. അവസാന മത്സരത്തില്‍ വിജയിച്ച കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ഇന്റര്‍ 38 മത്സരങ്ങളില്‍ നിന്ന് 84 പോയന്റ് നേടി രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. നാപ്പോളി മൂന്നാമതും യുവന്റസ് നാലാമതും ഫിനിഷ് ചെയ്തു. 

അവസാന മത്സരത്തില്‍ ഇന്റര്‍ എതിരല്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സാംപ്‌ദോറിയയെ കീഴടക്കി. ജോക്വിന്‍ കോറിയ ഇരട്ടഗോളടിച്ചപ്പോള്‍ ഇവാന്‍ പെരിസിച്ചും ലക്ഷ്യം കണ്ടു. 

2019-ല്‍ സ്റ്റെഫാനോ പിയോണി മാനേജരായി സ്ഥാനമേറ്റതിനുശേഷമാണ് എ.സി.മിലാന്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ തുടങ്ങിയത്. പിയോണിയുടെ തന്ത്രങ്ങളാണ് മിലാന് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.