സാന്‍ സിറോ: ചരിത്രമുറങ്ങുന്ന സാന്‍ സിറോയിലെ ജുസെപ്പെ മിയാസ സ്റ്റേഡിയം വിടാനൊരുങ്ങി ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലാന്‍. പുതിയ സ്റ്റേഡിയം പണിയാന്‍ ക്ലബ്ബ് സ്ഥലം വാങ്ങിയത് സാന്‍ സിറോയില്‍ നിന്ന് 15 കി.മീ. അകലെയാണ്.

To advertise here,

ഇറ്റാലിയന്‍ ഫുട്‌ബോളിലെ ചിരവൈരികളായ എസി മിലാനും ഇന്റര്‍ മിലാനും തങ്ങളുടെ ഹോം ഗ്രൗണ്ടായി പങ്കുവെയ്ക്കുന്ന സ്റ്റേഡിയമാണ് സാന്‍ സിറോ. ഇരുവരും നേര്‍ക്കുനേര്‍ വരുന്ന ഡെര്‍ബി ഡെല്ല മഡോന്നിന എന്നറിയപ്പെടുന്ന മിലാന്‍ ഡര്‍ബി നടക്കുന്ന ഇടം. 1926-ല്‍ നിര്‍മിച്ച സ്‌റ്റേഡിയം 80,000 പേര്‍ക്ക് ഇരുന്ന് കളി കാണാവുന്നതാണ്.

സാന്‍ സിറോയില്‍ നിന്ന് 15 കി.മീ. അകലെ സാന്‍ ഡൊണാറ്റോ മുന്‍സിപ്പാലിറ്റി പരിധിയിലാണ് എസി മിലാന്‍ ഇപ്പോള്‍ പുതിയ സ്റ്റേഡിയത്തിനായി 256,000 ചതുരശ്ര മീറ്റര്‍ സ്ഥലം വാങ്ങിയിരിക്കുന്നത്.

70,000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തിനായി സാന്‍ ഡൊണാറ്റോയില്‍ സ്ഥലം കണ്ടുവെച്ചതായി കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ എസി മിലാന്‍ പ്രഖ്യാപിച്ചിരുന്നു. വര്‍ഷങ്ങളുടെ പഴക്കമുള്ള സാന്‍ സിറോ സ്‌റ്റേഡിയം 1990-ലെ ലോകകപ്പിനായി ആധുനികവല്‍ക്കരിച്ചിരുന്നെങ്കിലും അതൊന്നും ഇരുക്ലബ്ബുകളുടെയും ഇപ്പോഴത്തെ ആവശ്യം നിറവേറ്റാന്‍ പോന്നതായിരുന്നില്ല. പരിമിതികള്‍ വര്‍ധിച്ചതോടെ ക്ലബ്ബുകള്‍ രണ്ടും സാന്‍ സിറോ പൊളിച്ച് പുതിയൊരു സ്റ്റേഡിയം പണിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാംസ്‌കാരിക താത്പര്യം മുന്‍നിര്‍ത്തി ഈ പദ്ധതി ഉപേക്ഷിക്കപ്പെടുകയായിരുന്നു.