
എന്താണ് മങ്കാദ് ലോ?
നോൺ സ്‌ട്രൈക്കര്‍ എൻഡിലുള്ള ബാറ്റ്സ്മാൻ, ബൗൾ ചെയ്യുന്നതിനു മുമ്പേ ക്രീസ് വിട്ടിറങ്ങിയാൽ ബൗളർക്ക് അയാളെ റണ്ണൗട്ടാക്കാൻ അനുമതി നൽകുന്ന ക്രിക്കറ്റ് നിയമമാണ് മങ്കാദ് ലോ എന്നറിയപ്പെടുന്നത്. ക്രിക്കറ്റ് നിയമങ്ങളുടെ പരിപാലകരായ മെറിൽബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ (Marylebone Cricket Club -MCC) നിയമാവലിയിൽ 'അൺഫെയർ പ്ലേ'യെ കുറിച്ച് പറയുന്ന 41-ാം സെക്ഷന്റെ കീഴിലാണ് ഈ നിയമം വരുന്നത്. പലപ്പോഴായി സംഭവിച്ച വിവാദങ്ങളുടെ പേരിൽ നിയമം, 2017ലുൾപ്പെടെ എംസിസി പലതവണ പരിഷ്കരിച്ചിട്ടുണ്ട്. 1947ലെ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ വിനു മങ്കാദ് ഓസീസിന്റെ ബിൽ ബ്രൗണിനെ ഈ നിയമമനുസരിച്ച് പുറത്താക്കിയതോടെയാണ് ഈ നിയമം 'മങ്കാദിങ്' എന്നറിയപ്പെടാൻ തുടങ്ങിയത്.
പ്രയോഗിക്കാനല്ലെങ്കിൽ നിയമമെന്തിന്?
ഇന്ത്യയുടെ എണ്ണം പറഞ്ഞ ഓൾറൗണ്ടർമാരിലൊരാളായ വിനു മങ്കാദിന്റെ നീക്കം അക്കാലത്തു തന്നെ വലിയ വിമർശനങ്ങൾ വിളിച്ചുവരുത്തി. എന്നാൽ, അന്നത്തെ ഓസീസ് ക്യാപ്റ്റനും ഇതിഹാസ താരവുമായ ഡോൺ ബ്രാഡ്മാൻ മങ്കാദിനെ അനുകൂലിക്കുകയാണ് ചെയ്തത്. 'മാധ്യമങ്ങൾ മങ്കാദിന്റെ സ്പോർട്സ്മാൻ സ്പിരിറ്റിനെ ചോദ്യം ചെയ്യുന്നത് എന്തിനാണെന്ന് എനിക്ക് ഒരിക്കലും മനസ്സിലാക്കാനായിട്ടില്ല,' ബ്രാഡ്മാൻ തന്റെ ആത്മകഥയായ 'ഫെയർവെൽ ടു ക്രിക്കറ്റി'ൽ എഴുതി. 'ബൗളർ പന്തെറിയുന്ന സമയത്ത് നോൺ സ്‌ട്രൈക്കര്‍ ക്രീസിലുണ്ടായിരിക്കണമെന്ന് നിയമം വ്യക്തമാക്കുന്നുണ്ട്. അല്ലെങ്കിൽ ബൗളർക്ക് അയാളെ റണ്ണൗട്ടാക്കാമെന്ന നിയമമെന്തിനാണ്? നേരത്തേ ക്രീസ് വിട്ടിറങ്ങുന്ന നോൺസ്‌ട്രൈക്കര്‍ക്ക് അന്യായമായ ആനുകൂല്യമാണ് ലഭിക്കുന്നത്.'

ബ്രാഡ്മാൻ വ്യക്തമാക്കിയതു പോലെ ബാറ്റ്സ്മാന് അന്യായമായി ലഭിക്കുന്ന ഈ ആനുകൂല്യത്തെ കുറിച്ചാണ് എംസിസി നിയമം 41.16ലും പറയുന്നത്. എന്നാൽ, ബാറ്റ്സ്മാന്റെ 'അൺഫെയർ പ്ലേ'യ്ക്കെതിരെ പ്രതികരിക്കുന്ന ബൗളർക്കാണ് എപ്പോഴും പഴി കേള്‍ക്കേണ്ടിവരുന്നതെന്ന് മാത്രം. ഈ ജനുവരി 31ന് നടന്ന അണ്ടർ 19 ലോകകപ്പ് മത്സരത്തിലെ മങ്കാദിങ്ങിന്റെ അവസ്ഥയും മറ്റൊന്നല്ല. അഫ്ഗാൻ-പാക് മത്സരത്തിലെ നൂർ അഹമ്മദിന്റെ മങ്കാദിങ് വീഡിയോ തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് അക്കൗണ്ടിൽ പോസ്റ്റു ചെയ്ത് ഐസിസി തന്നെ ചോദിക്കുന്നത് 'ഇതേക്കുറിച്ച് നിങ്ങൾ എന്ത് കരുതുന്നു?' എന്നാണ്. വീഡിയോയുടെ കമന്റ് സെക്ഷനിൽ അഫ്ഗാൻ താരങ്ങൾക്കെതിരേ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
ബൗളിങ്ങിന് മുമ്പേ ക്രീസ് വിട്ടിറങ്ങുന്നത് നോൺ സ്‌ട്രൈക്കർക്ക് റണ്ണെടുക്കാനുള്ള ഓട്ടത്തിൽ വലിയ ആനുകൂല്യം നല്‍കുന്നെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടാണ്, അത് അൺഫെയർ പ്ലേ ആയി കണക്കാക്കപ്പെടുന്നതും റണ്ണൗട്ടിന് അനുമതി നൽകുന്നതും. ആധുനിക ക്രിക്കറ്റിൽ ഇഞ്ചുകളുടെ വ്യത്യാസത്തിലുള്ള റണ്ണൗട്ടുകൾ പോലും കളിയുടെ ഗതി തന്നെ മാറ്റിമറിക്കും. കളി കൊടുമ്പിരികൊള്ളുന്ന അവസാന ഓവറുകളിൽ വിശേഷിച്ചും (2019 ലോകകപ്പ് സെമിയിലെ ധോനിയുടെ റണ്ണൗട്ട് ഇന്ത്യൻ ആരാധകർ അത്ര വേഗമൊന്നും മറക്കാനിടയില്ല). ഈ സമയത്ത് കളിയുടെ ആവേശത്തിൽ ബാറ്റ്സ്മാൻമാർക്ക് ക്രീസിനു പുറത്തിറങ്ങി നിൽക്കുന്ന പ്രവണത കൂടുതലാണുതാനും.

ക്രിക്കറ്റിന്റെ സ്പിരിറ്റിന് യോജിച്ചതാണോ?
പലപ്പോഴും, ബൗളിങ്ങിന് മുമ്പേ നോൺസ്‌ട്രൈക്കര്‍ ക്രീസ് വിട്ടിറങ്ങുന്നത് ഒരു പൊതുരീതി എന്ന നിലയിൽ അംഗീകരിക്കപ്പെടുകയാണ് ചെയ്യാറ്. അവസാന ഘട്ടത്തിലല്ലെങ്കിൽ ബൗളിങ് ടീമും ഇതേക്കുറിച്ച് അത്ര ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. ഒപ്പം ക്രിക്കറ്റിന്റെ സ്പിരിറ്റിന് നിരക്കുന്നതല്ല മങ്കാദിങ് എന്നാണ് വിമർശകരിൽ ഭൂരിപക്ഷവും ചൂണ്ടിക്കാണിക്കുന്നതും. എംസിസിയുടെ ക്രിക്കറ്റ് നിയമാവലിയുടെ ആമുഖത്തിൽ 'സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്' എന്ന തലക്കെട്ടിൽ ഇങ്ങനെ പറയുന്നു: 'നിയമങ്ങളെ ബഹുമാനിക്കുന്നതിനൊപ്പം, ക്രിക്കറ്റിന്റെ അന്തസത്ത ഉൾക്കൊണ്ട് കൂടിയാണ് കളിക്കേണ്ടത്. അതിനെ ഹനിക്കുന്ന പ്രവർത്തനങ്ങൾ ക്രിക്കറ്റിനും പരിക്കേൽപിക്കുന്നു.'
1987 ലോകകപ്പിലെ വെസ്റ്റിൻഡീസും പാകിസ്താനും തമ്മിലുള്ള മത്സരത്തിൽ പാകിസ്താന്റെ സലീം ജാഫറിനെ മങ്കാദിങ് ചെയ്യാതെ ക്രീസിലേക്ക് മടങ്ങാനാവശ്യപ്പെട്ട കോട്ട്നി വാൽഷിനെ ഇന്നും ക്രിക്കറ്റ് ലോകം വാഴ്ത്തുന്നുണ്ട്. ഒരു വിക്കറ്റ് ശേഷിക്കേ അവസാന പന്തിൽ എതിർ ടീമിന് രണ്ടു റൺസ് വേണ്ടിയിരുന്നപ്പോഴായിരുന്നു വാൽഷ് ജാഫറിന് മുന്നറിയിപ്പ് നൽകി വീണ്ടും പന്തെറിയാൻ തയ്യാറായത്. അടുത്ത പന്തിൽ രണ്ടു റൺസെടുത്ത പാകിസ്താൻ മത്സരത്തിൽ വിജയിക്കുകയും വിൻഡീസ് ആദ്യമായി ലോകകപ്പ് സെമി കാണാതെ ടൂർണമെന്റിൽ നിന്നും പുറത്താവുകയും ചെയ്തു. വാണിങ് നൽകാതെ റണ്ണൗട്ടാക്കുന്നത് ക്രിക്കറ്റിന്റെ സ്പിരിറ്റിന് ചേർന്നതല്ലെന്നും അതുചെയ്യാൻ തനിയ്ക്കാകുമായിരുന്നില്ലെന്നും പിൽക്കാലത്ത് വാൽഷ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
നോൺ സ്‌ട്രൈക്കര്‍ ക്രീസ് വിട്ടിറങ്ങുമ്പോൾ മുന്നറിയിപ്പ് നൽകാം, അത്തരം സന്ദർഭങ്ങളിൽ ബൗൾ ചെയ്യാതെ വീണ്ടും റണ്ണപ്പെടുക്കാം എന്നതൊക്കെയാണ് മങ്കാദിങ്ങിന് പകരം ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ, ഇതെത്രമാത്രം പ്രായോഗികമാണെന്ന കാര്യം ആരും ആലോചിക്കാറില്ല. ബാറ്റ്സ്മാന് അന്യായമായി ലഭിക്കുന്ന ആനുകൂല്യം ഒഴിവാക്കപ്പെടേണ്ടതാണെങ്കിലും അതിന്റെ പേരിൽ 'ബൗൾ ചെയ്യും മുമ്പേ' നോൺ സ്‌ട്രൈക്കറെ പുറത്താക്കുക എന്നത് കടന്ന കയ്യാണെന്ന വാദവും തള്ളിക്കളയാനാവില്ല. അശ്വിൻ സംഭവത്തെ ആദ്യം അനുകൂലിച്ച എംസിസി പിന്നീട് നിലപാട് മാറ്റിയപ്പോൾ ചൂണ്ടിക്കാണിച്ചതുപോലെ ബൗൾ ചെയ്യുന്നത് 'ബോധപൂർവം വൈകിപ്പിച്ച്' നോൺസ്‌ട്രൈക്കറെ കെണിയിൽ പെടുത്താനുള്ള സാധ്യതയും നിലനിൽക്കുന്നു.
പരിഹാരമെന്ത്?
കാലങ്ങളായി തുടരുന്ന മങ്കാദിങ് വിവാദത്തിന് പരിഹാരം കാണാനുള്ള ഉത്തരവാദിത്തം ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിനാണ്. 2019 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ വിജയിപ്പിച്ച 'ബൗണ്ടറി നിയമം' പോലുള്ള അപഹാസ്യകരമായ നിയമങ്ങൾ സമീപകാലത്ത് ഐസിസി തിരുത്തിയിട്ടുമുണ്ട്. നോൺസ്ടൈ്രക്കർക്ക് അധിക ആനുകൂല്യം ലഭിക്കാതെ നിയമം എങ്ങനെ ഒഴിവാക്കാം അല്ലെങ്കിൽ നോൺസ്‌ട്രൈക്കറെ പുറത്താക്കാതെ നിയമം എങ്ങനെ നിലനിർത്താം എന്നതാണ് മങ്കാദിങ്ങിലെ കുഴക്കുന്ന പ്രശ്നം. ഇവിടെയാണ് എംസിസിയുടെ മറ്റൊരു നിയമം പ്രായോഗികമാകുന്നത് -ലോ 18, സ്കോറിങ് റൺസ്.

റൺസെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുന്ന ഈ നിയമത്തിനു കീഴിൽ 'ഷോർട്ട് റൺസി'നെ (18.3) കുറിച്ച് പറയുന്ന ഭാഗമുണ്ട്. ഓടി റൺസെടുക്കുമ്പോൾ ബാറ്റ്സ്മാൻമാർ ഒരു റൺ പൂർത്തിയാക്കാതെ അടുത്ത റൺസിനായി ശ്രമിക്കുന്നതിനെയാണ് ഷോർട്ട് റൺ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒന്നിലേറെ റൺസ് ഓടിയെടുക്കുന്ന സാഹചര്യത്തിൽ ബാറ്റ്സ്മാൻ എതിർഭാഗത്തെ ക്രീസിൽ എത്തിയില്ലെങ്കിൽ ഷോർട്ട് റൺ ആയി കണക്കാക്കി ഒരു റൺസ് കുറയ്ക്കുകയാണ് ചെയ്യുക. നോൺസ്ടൈ്രക്കർ ക്രീസ് വിട്ടിറങ്ങുന്നതിനെ നിലവിലുള്ള ഈ നിയമത്തിന് കീഴിലാക്കിയാൽ മങ്കാദിങ് പ്രശ്നത്തിന് പരിഹാരമാകും.
ബൗളർ ബൗൾ ചെയ്യുന്നതിനു മുമ്പേ നോൺസ്‌ട്രൈക്കര്‍ ക്രീസ് വിട്ടിറങ്ങിയാൽ ആ റൺ ബാറ്റിങ് ടീമിന് കിട്ടാതെ വരും. മന:പൂർവമല്ലാത്ത ഷോർട്ട് റൺ (Unintentional short runs -18.4) എന്ന സെക്ഷനിൽ ഇക്കാര്യം വ്യക്തമാക്കുന്നു. ഇതോടെ ബാറ്റ്സ്മാൻ ബൗൾ ചെയ്യുന്നതുവരെ ക്രീസിൽ തുടരാൻ സ്വയം നിർബന്ധിതനാകുന്നു. അവസാന ഓവറുകളിൽ പോലും ഇക്കാര്യം ശ്രദ്ധിക്കപ്പെടുകയും ബാറ്റ്സ്മാന് നേരത്തേ ക്രീസിന് വെളിയിലിറങ്ങി നിൽക്കാനുള്ള പ്രവണതയ്ക്ക് അറുതി വരികയും ചെയ്യും. ബാറ്റ്സ്മാൻ ബോധപൂർവം ഷോർട്ട് റണ്ണെടുത്താൽ (Deliberate short runs), അപ്പോൾ എടുക്കുന്ന റൺസ് മുഴുവൻ റദ്ദ് ചെയ്യാനും ബൗളിങ് ടീമിന് അഞ്ച് പെനാൽറ്റി റൺസ് നൽകാനും ലോ 18.5 വ്യവസ്ഥ ചെയ്യുന്നുമുണ്ട്.
Content Highlights:Why ICC Did Not Resolve Mankading Controversy Aswin Mankad Law
Published: 02 Feb 2020, 02:15 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented