2007 സെപ്റ്റംബര്‍ 24-ന്, ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ പ്രഥമ ട്വന്റി 20 ലോകകപ്പിന്റെ ഫൈനല്‍ നടക്കുന്നു. 

To advertise here,

ഇന്ത്യ ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയാണ് പാകിസ്താന്‍. ഒരു വിക്കറ്റ് മാത്രം ബാക്കിനില്‍ക്കേ അവസാന ഓവറില്‍ ജയിക്കാന്‍ പാകിസ്താന് 13 റണ്‍സ് മാത്രം. ജൊഗീന്ദര്‍ ശര്‍മയെറിഞ്ഞ അവസാന ഓവറുകളിലെ ആദ്യ രണ്ടു പന്തുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ മിസ്ബാഹ് ഉള്‍ ഹഖ് വിജയലക്ഷ്യം നാലു പന്തില്‍ നിന്ന് വെറും ആറ് റണ്‍സാക്കി കുറച്ചു. 

ലോകകപ്പിനും പാകിസ്താനും ഇടയില്‍ വെറും ആറ് റണ്‍സിന്റെ ദൂരം മാത്രം. ജൊഗീന്ദറിന്റെ മൂന്നാം പന്തില്‍ മിസ്ബാഹ് ഒരു സ്‌കൂപ്പിന് ശ്രമിക്കുന്നു. ജൊഗീന്ദറിന്റെ പന്തിന്റെ വേഗത വായിക്കുന്നതില്‍ പിഴച്ച മിസ്ബാഹിന്റെ ബാറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് നേരെ പോയത് ഷോര്‍ട്ട് ഫൈന്‍ ലെഗിലേക്കായിരുന്നു. 100 കോടിയിലേറെ വരുന്ന ഇന്ത്യക്കാര്‍ ഒന്നടങ്കം തരിച്ചുനിന്ന് പോയ നിമിഷം. ആ സമയം അവിടെയുണ്ടായിരുന്നത് മലയാളി താരം ശ്രീശാന്തായിരുന്നു. ഇതേ മത്സരത്തിലെ 18-ാം ഓവറില്‍ റണ്ണൊഴുക്ക് തടയാന്‍ സാധിക്കാത്തതിന്റെ കേട് ശ്രീശാന്തിന് തീര്‍ക്കണമായിരുന്നു. മിസ്ബാഹിന്റെ ആ ക്യാച്ച് ശ്രീ കൈയിലൊതുക്കുമ്പോള്‍ വാണ്ടറേഴ്‌സ് ഒന്നടങ്കം പൊട്ടിത്തെറിക്കുകയായിരുന്നു. ലെഗ് സൈഡില്‍ ഫീല്‍ഡര്‍ സര്‍ക്കിളിനുള്ളിലായത് മുതലെടുത്ത് ഷോട്ട് കളിക്കാന്‍ ശ്രമിച്ച മിസ്ബാഹ് ഓര്‍ത്തുകാണില്ല ലോകത്തിന്റെ ഏത് കോണില്‍ പോയാലും അവിടെ ഒരു മലയാളി ഉണ്ടാകുമെന്ന്. 

2007 സെമിയില്‍ ഓസ്‌ട്രേലിയക്കെതിരേ പുറത്തെടുത്ത പ്രകടനവും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ജാക്ക് കാലിസിന്റെ നിലതെറ്റിച്ച പന്തും തന്നോട് മുട്ടാന്‍ വന്ന ആന്ദ്രേ നെല്ലിനെതിരേ പറത്തിയ സിക്‌സുമടക്കം രാജ്യാന്തര ക്രിക്കറ്റില്‍ നിരവധി ഓര്‍മകള്‍ സമ്മാനിച്ചാണ് ശ്രീശാന്ത് തന്റെ കളിജീവിതം അവസാനിപ്പിക്കുന്നത്.