അഹമ്മദാബാദ്: ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര വിജയിച്ചതിന്റെ ആഘോഷത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ഇന്ത്യ റെക്കോഡ് വിജയമാണ് സ്വന്തമാക്കിയത്. 168 റണ്‍സിന് കിവീസിനെ തകര്‍ത്ത ഇന്ത്യ റണ്‍സിന്റെ അടിസ്ഥാനത്തിലെ ഏറ്റവും വലിയ വിജയം നേടുകയും ചെയ്തു. 

To advertise here,

മത്സരത്തില്‍ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലും നാല് വിക്കറ്റ് വീഴ്ത്തിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. എന്നാല്‍ ഇരുവരെയും കൂടാതെ വാര്‍ത്തകളില്‍ ഇടം നേടുകയാണ് ഇന്ത്യയുടെ അതിവേഗ പേസ് ബൗളറായ ഉമ്രാന്‍ മാലിക്ക്. ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ ഉമ്രാന്‍ എറിഞ്ഞ പന്ത് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. 

മൈക്കിള്‍ ബ്രേസ്‌വെല്ലിനെതിരേ ഉമ്രാന്‍ ചെയ്ത പന്താണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മത്സരത്തിന്റെ അഞ്ചാം ഓവറിലെ മൂന്നാം പന്തിലാണ് ഈ സംഭവമരങ്ങേറിയത്. ഉമ്രാന്‍ മാലിക്കിന്റെ 150 കിലോമീറ്റര്‍ വേഗത്തില്‍ വന്ന പന്ത് ബ്രേസ്‌വെല്ലിനെ മറികടന്ന് വിക്കറ്റ് പിഴുതു. വിക്കറ്റ് തകര്‍ത്തതിനൊപ്പം ഉമ്രാന്റെ പന്തിന്റെ വേഗതയില്‍ വായുവിലേക്കുയര്‍ന്ന ബെയ്ല്‍സ് തെറിച്ചുവീണത് 30 യാര്‍ഡ് സര്‍ക്കിളിന് പുറത്താണ്. ഇതാണ് ആരാധകരെ സ്തംബ്ധരാക്കിയത്. ബെയ്ല്‍സ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെയും സ്ലിപ്പില്‍ നിന്ന സൂര്യകുമാര്‍ യാദവിന്റെയും തലയ്ക്ക് മുകളിലൂടെ പറന്നു. 

മത്സരത്തില്‍ ഉമ്രാന്‍ 2.1 ഓവറില്‍ 9 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റെടുത്തു.