ഓപ്പണിങ്ങില്‍ അഭിഷേക് ശര്‍മ-സഞ്ജു സാംസണ്‍ സഖ്യം ക്ലിക്കായി നില്‍ക്കുമ്പോളാണ് ശുഭ്മന്‍ ഗില്ലിനെ ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ട്വന്റി-20 ടീമില്‍ ഉള്‍പ്പെടുത്തുന്നത്. ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകനായ ഗില്ലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയാണ് ഉള്‍പ്പെടുത്തിയത്. തുടര്‍ന്ന് സഞ്ജുവിനെ ഓപ്പണിങ്ങില്‍നിന്നുമാറ്റി ഗില്ലിനെ അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു.
അതിനുശേഷം കളിച്ച 13 ഇന്നിങ്സുകളില്‍ കേവലം രണ്ടെണ്ണത്തില്‍ മാത്രമാണ് 40-നുമുകളില്‍ താരം സ്‌കോര്‍ചെയ്തത്. ഇതുവരെ സെഞ്ചുറിയോ അര്‍ധസെഞ്ചുറിയോ വന്നിട്ടുമില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യമത്സരത്തില്‍ നാലു റണ്‍സിന് പുറത്തായതോടെ ഗില്ലിനുനേരേയുള്ള വിമര്‍ശനം കടക്കും.
ഐപിഎല്ലില്‍ ഓപ്പണറായി മികച്ച ഫോമിലായിരുന്നെങ്കിലും അതിവേഗക്രിക്കറ്റിന് ചേര്‍ന്നതല്ല ഗില്ലിന്റെ ശൈലിയെന്ന് നേരത്തേത്തന്നെ വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍, ഇതൊന്നും കണക്കിലെടുക്കാതെയാണ് ഓപ്പണിങ്സ്ഥാനം നല്‍കിയത്. ഏഷ്യാ കപ്പില്‍ യുഎഇയ്‌ക്കെതിരേ പുറത്താകാതെ 20 റണ്‍സ് നേടിയാണ് തുടക്കം. അതിനുശേഷം 40 റണ്‍സിനു മുകളില്‍ സ്‌കോര്‍ചെയ്തത് ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരേയും (47), ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യമത്സരത്തിലും (46) മാത്രം. 13 ഇന്നിങ്സുകളില്‍ സ്‌കോര്‍ ചെയ്തത് വെറും 263 റണ്‍സ്.
ടി-20യില്‍ 34 മത്സരങ്ങളില്‍ കളിച്ച ഗില്‍ 841 റണ്‍സാണ് ആകെ നേടിയത്. 43 ഇന്നിങ്സ് കളിച്ച സഞ്ജു 995 റണ്‍സെടുത്തിട്ടുണ്ട്. മൂന്ന് വീതം സെഞ്ചുറിയും അര്‍ധസെഞ്ചുറിയുമുണ്ട്.
ഗില്‍ മങ്ങിയ ഫോമില്‍ കളിക്കുന്നതോടെ സഞ്ജുവിനെ ഓപ്പണറായി കൊണ്ടുവരണമെന്ന ആവശ്യം മുന്‍താരങ്ങളടക്കം ഉയര്‍ത്തുന്നുണ്ട്. ഇതിനൊപ്പം മികച്ച ഫോമിലുള്ള യശസ്വി ജയ്സ്വാളിനും അവസരം നല്‍കണമെന്ന ആവശ്യവും ശക്തമാണ്. അതുകൊണ്ടുതന്നെ പരമ്പരയിലെ ഇനിയുള്ള മത്സരങ്ങള്‍ ഗില്ലിന് നിര്‍ണായകമാണ്.
Content Highlights: Shubman Gill`s failure to click as an opener in T20s, failing to score a century or half-century, raises questions. Will Sanju Samson get a chance?
Published: 11 Dec 2025, 03:33 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented