ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20-യില്‍ ഇന്ത്യയുടെ ജയത്തേക്കാള്‍ മലയാളികളെ സന്തോഷിപ്പിച്ചത് ഒരുപക്ഷേ സഞ്ജു സാംസന്റെ പ്രകടനമായിരുന്നിരിക്കണം. മത്സരത്തില്‍ 42 പന്തില്‍ നിന്ന് നാലു സിക്‌സും ഒമ്പത് ഫോറുമടക്കം 77 റണ്‍സെടുത്ത സഞ്ജു ഇന്ത്യന്‍ ജേഴ്‌സിയിലെ തന്റെ ആദ്യ അര്‍ധ സെഞ്ചുറിയും സ്വന്തമാക്കി. സഞ്ജുവില്‍ നിന്ന് മികച്ച ഒരു ഇന്നിങ്‌സ് കാത്തിരുന്നവര്‍ ആശ്വാസം പകരുന്നതായി താരത്തിന്റെ ഇന്നിങ്‌സ്.

To advertise here,

മത്സരത്തിനു ശേഷം ചാനലിലെ എക്‌സ്ട്രാ ഇന്നിങ്‌സ് പരിപാടിയില്‍ മലയാളത്തില്‍ സംസാരിച്ച് സഞ്ജു വീണ്ടും മലയാളികളെ ഞെട്ടിച്ചു. മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജയോടാണ് സഞ്ജു ലൈവില്‍ മലയാളത്തില്‍ സംസാരിച്ചത്. ജഡേജയുടെ അമ്മ മലയാളിയാണ്, ആലപ്പുഴ സ്വദേശിയും.

സഞ്ജു കേരളത്തില്‍ നിന്ന് അജയ് ജഡേജയാണ് സംസാരിക്കുന്നതെന്ന് പറഞ്ഞാണ് ജഡേജ, സഞ്ജുവിനോട് സംസാരിച്ച് തുടങ്ങിയത്. ഇന്ത്യയ്ക്കായി കളിക്കുമ്പോഴുള്ള ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കിയതില്‍ അഭിനന്ദനങ്ങള്‍. എങ്കിലും ഹൂഡ നേടിയ പോലെ ഒരു സെഞ്ചുറി നേടാനാകാത്തതില്‍ നിരാശയുണ്ടോ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിനാണ് സഞ്ജു മലയാളത്തില്‍ മറുപടി പറഞ്ഞ് തുടങ്ങിയത്.

'അജയ് ഭായ് നമസ്‌കാരം സുഖമാണല്ലോ അല്ലേ?' എന്ന സഞ്ജുവിന്റെ ചോദ്യത്തിന് 'ഇവിടെ സുഖമാണ്. അവിടെ സുഖമാണോ?' എന്ന് ജഡേജ മലയാളത്തില്‍ തന്നെ മറുപടി നല്‍കി. ഭക്ഷണമൊക്കെ കഴിച്ചോ എന്ന് ജഡേജയോട് മലയാളത്തില്‍ തന്നെ ചോദിച്ചതിനു പിന്നാലെ താങ്കളോട് പിന്നീട് കൂടുതല്‍ സമയം മലയാളത്തില്‍ സംസാരിക്കാമെന്ന് പറഞ്ഞ് സഞ്ജു തന്റെ പ്രതികരണത്തിലേക്ക് കടക്കുകയായിരുന്നു.

ഇരുവരും മലയാളത്തില്‍ സംസാരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

'സഞ്ജു ചേട്ടാ ഒന്നിങ്ങോട്ട് നോക്കിക്കേ'; ഡബ്ലിനില്‍ താരത്തെ പൊതിഞ്ഞ് ആരാധകര്‍

നേരത്തെ അയര്‍ലന്‍ഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിനിടെ സഞ്ജു ആരാധകരെ കൈയിലെടുത്തിരുന്നു. മത്സരത്തിനിടെ ബൗണ്ടറിക്കരികില്‍ കൂടി നടന്നുപോയ സഞ്ജുവിനെ വിളിച്ച് ഓട്ടോഗ്രാഫ് വാങ്ങാനും സെല്‍ഫിയെടുക്കാനും മലയാളികളടക്കമുള്ളവരുടെ ബഹളമായിരുന്നു.

ഇത്തരത്തില്‍ സഞ്ജു ഡബ്ലിനിലെ ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നതും സെല്‍ഫിയെടുക്കുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മലയാളി ആരാധകര്‍ സഞ്ജു... സഞ്ജു... എന്ന് ആര്‍ത്തുവിളിക്കുന്നതും, വിളിച്ച് വിളിച്ച് തൊണ്ടപൊട്ടി എന്ന് പറയുന്നതുമെല്ലാം ഈ വീഡിയോയിലുണ്ട്. ബൗണ്ടറി ലൈനിന് പുറത്ത് ഒരു സുരക്ഷാ ഉദ്യോഗസ്ഥനൊപ്പമെത്തിയ സഞ്ജു, ആരാധകര്‍ നീട്ടിയ ജേഴ്സികളിലും മറ്റും ഓട്ടോഗ്രാഫ് എഴുതി നല്‍കാനും ഫോണ്‍ നീട്ടുന്നവര്‍ക്കൊപ്പം സെല്‍ഫിയെടുക്കാനുമെല്ലാം തയ്യാറാകുന്നുണ്ട്.