ന്യൂഡല്‍ഹി: ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ മുഹമ്മദ് സിറാജ്, സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള മികവാര്‍ന്ന താരങ്ങളെ ഉള്‍പ്പെടുത്താതിരുന്നത്  വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. രോഹിത് ശര്‍മ, വിരാട് കോലി ഉള്‍പ്പെടെയുള്ള ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായി ഋഷഭ് പന്തിനെയും കെ.എല്‍. രാഹുലിനെയുമാണ് ഉള്‍പ്പെടുത്തിയത്. ഏകദിന ലോകകപ്പിനുശേഷം മുഹമ്മദ് ഷമിയും ടീമില്‍ തിരിച്ചെത്തി. 

To advertise here,

സിറാജിനെ ഉള്‍പ്പെടുത്താത് സങ്കടകരമാണെങ്കിലും ന്യായമായ കാര്യമാണ് അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ചെയ്തതെന്നാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക് പറയുന്നത്. ബുംറ, ഷമി, അര്‍ഷ്ദീപെല്ലാം ഏകദിന ക്രിക്കറ്റില്‍ അസാമാന്യ മികവുള്ളവരാണ്. അതിനാല്‍ സിറാജിനെ ഒഴിവാക്കേണ്ടി വന്നുവെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. 

വിക്കറ്റ് കീപ്പര്‍മാരില്‍ സഞ്ജുവിനെ മറികടന്ന് പന്ത് വന്നതിനു പിന്നിലെ ഒരു കാരണവും ദിനേഷ് കാര്‍ത്തിക് വ്യക്തമാക്കുന്നു. വിജയ് ഹസാരെ ടീമില്‍നിന്ന് വിട്ടുനിന്നതാണ് സഞ്ജു പുറത്താവാന്‍ കാരണമെന്നതടക്കമുള്ള പലകാര്യങ്ങളും നേരത്തേ പുറത്തുവന്നിരുന്നു. അവസാനം കളിച്ച മത്സരത്തില്‍ സെഞ്ചുറിയും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച റെക്കോഡും ഉണ്ടായിട്ടും സഞ്ജുവിനെ ഉള്‍പ്പെടുത്താത്തത് വലിയ വിമര്‍ശനത്തിനിടയാക്കി. 

2024 ടി20 ലോകകപ്പില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും മുഴുവന്‍ മത്സരങ്ങളിലും ഋഷഭ് പന്താണ് ഇറങ്ങിയിരുന്നത്. ഇന്ത്യ കിരീടം നേടിയ ടി20 ലോകകപ്പില്‍ ഒരു മത്സരത്തില്‍ പോലും സഞ്ജുവിന് ഇറങ്ങാനായില്ല. സഞ്ജുവും പന്തും ബാറ്റിങ്ങില്‍ മികച്ച പ്രകടനം നടത്തുന്നവരാണെന്നാണ് കാര്‍ത്തിക്കിന്റെ അഭിപ്രായം. പക്ഷേ, സഞ്ജുവിനേക്കാള്‍ പന്തിനുള്ള പ്രത്യേകത എന്നത്, അദ്ദേഹം ഇടംകൈയന്‍ ബാറ്ററാണെന്നതാണ്. അതാണ് പന്തിനെ തിരഞ്ഞെടുത്തതിനു പിന്നിലെ ഘടകമെന്നും കാര്‍ത്തിക് പറയുന്നു.