റായ്പുര്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ ബ്രെറ്റ് ലീയും തമ്മില്‍ മത്സരത്തിനിടെ ഏറ്റുമുട്ടുന്നത് കാണാന്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ബ്രെറ്റ് ലീയുടെ ചീറിപ്പാഞ്ഞുവരുന്ന പന്തുകളെ കൂസലില്ലാതെ നേരിടുന്ന സച്ചിന്റെ ബാറ്റിങ് മികവ് കണ്ട് ആരാധകര്‍ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. 

To advertise here,

ബ്രെറ്റ് ലീയുടെ പന്തുകളില്‍ സച്ചിന്‍ നേടുന്ന ബൗണ്ടറികള്‍ ക്രിക്കറ്റിന്റെ ഏറ്റവും വലിയ സൗന്ദര്യങ്ങളിലൊന്നാണ്. എന്നാല്‍ ഇരുവരും വിരമിച്ച ശേഷം അത്തരത്തിലൊരു മുഹൂര്‍ത്തം ഇനിയുണ്ടാവില്ലെന്ന് പലരും കരുതി. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ബ്രെറ്റ് ലീയും സച്ചിനും വീണ്ടും മുഖാമുഖം വന്നു. റോഡ് സേഫ്റ്റി സീരിസ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലാണ് സച്ചിനെതിരേ ലീ പന്തെറിഞ്ഞത്. മത്സരത്തിനിടെ സച്ചിന്റെ അതിമനോഹരമായ ഷോട്ടും പിറന്നു. 

ഇന്ത്യ ലെജന്‍ഡ്‌സിന്റെ നായകനായ സച്ചിന്‍ ഓപ്പണറായി ബാറ്റുചെയ്യാനെത്തി. ആദ്യ ഓവര്‍ ചെയ്യാനെത്തിയത് സാക്ഷാല്‍ ബ്രെറ്റ് ലീ. താരത്തിന്റെ ഓവറിലെ അവസാന പന്തില്‍ സച്ചിന്റെ തകര്‍പ്പന്‍ കവര്‍ ഡ്രൈവ്. പന്ത് ഫീല്‍ഡര്‍മാര്‍ക്കിടയിലൂടെ പാഞ്ഞ് ബൗണ്ടറി ലൈനിനെ ചുംബിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറവും സച്ചിന്റെ ബാറ്റിങ് മികവിന് പോറലേറ്റിട്ടില്ല എന്നതിന്റെ മകുടോദാഹരണം. അതുവരെ ഒരു റണ്‍സ് മാത്രം വഴങ്ങിയ ബ്രെറ്റ് ലീയും ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിച്ചു. 

സച്ചിന്‍ ഫോറടിക്കുന്നതിന്റെ വീഡിയോ മുംബൈ ഇന്ത്യന്‍സ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. വര്‍ഷങ്ങള്‍ പിറകിലേക്ക് പോയ പോലെ തോന്നുന്നെന്നാണ് ആരാധകര്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്. മത്സരത്തില്‍ 10 റണ്‍സ് മാത്രമാണ് സച്ചിന് നേടാനായത്. എന്നാലും സച്ചിന്റെ ആ ബൗണ്ടറി ആരാധകരുടെ മനം കവര്‍ന്നു. മത്സരത്തില്‍ ഇന്ത്യ ഓസീസിനെ തോല്‍പ്പിച്ച് ഫൈനലില്‍ ഇടം നേടുകയും ചെയ്തു.