സച്ചിനെന്നാല്‍ നമുക്ക് തെണ്ടുല്‍ക്കറാണ്. ഇന്ത്യക്കാര്‍ക്ക് എല്ലാവര്‍ക്കും അതങ്ങനെയാണ്. പക്ഷേ, അണ്ടര്‍-19-ലേക്ക് വന്നാല്‍, നമുക്കൊരു ക്ലാസ് സച്ചിന്‍ കൂടി ഉണ്ടെന്നു പറയേണ്ടി വരും. അത് പക്ഷേ, തെണ്ടുല്‍ക്കറല്ല, ദാസാണ്. സച്ചിന്‍ ദാസിന്റെ ക്ലാസും മാസും നിറഞ്ഞ ഇന്നിങ്‌സിനൊടുവില്‍ ഇന്ത്യ അണ്ടര്‍-19 ക്രിക്കറ്റ് കലാശക്കളിക്ക് യോഗ്യത കൈവരിച്ചിരിക്കുന്നു. 

To advertise here,

സെഞ്ചുറിക്ക് നാല് റണ്‍സകലെ കാഴ്ചക്കാരില്‍ കണ്ണീര് വീഴ്ത്തിയായിരുന്നു മടക്കം. പക്ഷേ, ഒരു സെഞ്ചുറിക്ക് ലഭിക്കുന്നതിനേക്കാള്‍ ഹൃദയം നിറഞ്ഞ കൈയടിയും സ്‌നേഹവും ഏറ്റുവാങ്ങിയാണ് സച്ചിന്‍ പവലിയനിലേക്ക് മടങ്ങിയത്. ഒരു ഘട്ടത്തില്‍ 32 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ തകര്‍ച്ചയുടെ ആഴം കുത്തിക്കൊണ്ടിരിക്കുകയായിരുന്നു ഇന്ത്യ. ആയിടത്തേക്കാണ് പാറ പോലെ നിലയുറപ്പിച്ച് രണ്ടുപേര്‍ വന്നത്. സച്ചിന്‍ ദാസും ക്യാപ്റ്റന്‍ ഉദയ് സാഹറണും. 

ഉറച്ചുനിന്ന ആ രണ്ട് ശിലകളെ, അടര്‍ത്തി മാറ്റാന്‍ ഏറെ കഷ്ടപ്പെട്ടു ദക്ഷിണാഫ്രിക്ക. പാടുപെട്ട് അവ അടര്‍ത്തി നീക്കിയപ്പോഴേക്കും കളി അവരുടെ കൈയില്‍നിന്ന് പോയിരുന്നു. കുട്ടിക്ക്രിക്കറ്റില്‍ ഇന്ത്യ എക്കാലവും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന സുന്ദരമായ ഒരിന്നിങ്‌സിന്റെ ക്രീസില്‍ സച്ചിനും ഉദയും ഇനി  അനശ്വരമായുണ്ടാകും.

ഇന്ത്യയുടെ ഫൈനലിലേക്കുള്ള വഴി വെട്ടിയതിന്റെ പേരില്‍ മാത്രം ഓര്‍ക്കപ്പെടേണ്ട പേരല്ല സച്ചിന്‍ ദാസിന്റേത്. സെമി ഫൈനലിലേക്ക് ചിറകടിച്ച് പറന്നതും ആ തോളില്‍നിന്നാണ്. നേപ്പാളിനെതിരേ 116 റണ്‍സാണ് സച്ചിന്‍ നേടിയിരുന്നത്. ആ സമ്പാദ്യത്തിന്റെ കരുത്തിലാണ് ഇന്ത്യക്ക് ഈ സെമി ഫൈനലുണ്ടായത്.  

സിക്‌സടി വീരന്‍, ഫിനിഷര്‍, പത്താംനമ്പര്‍ കളിക്കാരന്‍

ഇതിഹാസത്തിന്റെ പേരുള്ള പുതിയ അവതാരം ലൈംലൈറ്റില്‍ വരുന്നത് കൃത്യം പറഞ്ഞാല്‍ രണ്ടു വര്‍ഷം മുന്‍പാണ്. പുണെയിലെ ഒരു അണ്ടര്‍-19 ടൂര്‍ണമെന്റിനിടെയാണ് സംഘാടകര്‍ സച്ചിനെ മനസ്സിലാക്കിത്തുടങ്ങിയത്. പന്ത് അതിര്‍ത്തി കടത്താന്‍ അപാരമായ കഴിവുള്ള സച്ചിന്‍ ദാസിനെക്കണ്ട് അവര്‍ക്കെല്ലാവര്‍ക്കും അദ്ഭുതം. അന്നുതൊട്ട്, സിക്‌സടിക്ക് കേളി കേട്ട കുട്ടി ക്രിക്കറ്ററായിട്ടാണ് സച്ചിന്‍ ദാസിനെ വിലയിരുത്തുന്നത്. 

മികച്ച ഒരു ഫിനിഷര്‍ കൂടിയാണ് സച്ചിന്‍ ദാസ്. മഹാരാഷ്ട്രയിലെ ബീഡില്‍നിന്നാണ് സച്ചിന്‍ ദാസ് വരുന്നത്. വെള്ളത്തിന് അങ്ങേയറ്റം ക്ഷാമം നിറഞ്ഞ, വരണ്ട ഭൂപ്രദേശമാണ് ബീഡ്. ജലക്ഷാമമുള്ള ആ ഭൂമികയില്‍, ക്രിക്കറ്റിന്റെ തെളിനീരുറവ തെളിച്ചിരിക്കുകയാണിപ്പോള്‍ സച്ചിന്‍ ദാസ്. കുഞ്ഞനിയന്റെ നേട്ടത്തില്‍ ആ നാടൊന്നാകെ സന്തോഷിക്കുകയാണ്. 

ഷെയ്ക് അസ്ഹര്‍ എന്ന പരിശീലകനു കീഴിലാണ് സച്ചിന്‍ തന്റെ ക്രിക്കറ്റ് പാകപ്പെടുത്തിയത്. വെള്ളമില്ലാത്ത, വരണ്ട ആ പ്രദേശത്ത് ക്രിക്കറ്റ് കളിക്കുക, പലപ്പോഴും വലിയ വെല്ലുവിളിയായിരുന്നു. ജലക്ഷാമം ജീവിതത്തെപ്പോലും തടസ്സപ്പെടുത്തിയ ഒരു പ്രദേശത്തിന്റെ പ്രചോദനമായിരിക്കുകയാണിപ്പോള്‍ സച്ചിന്‍. അതിന്റെ ആഘോഷ അലയൊലികളിലാണ് ബീഡ് പ്രദേശം. 

ക്രിക്കറ്റ് സ്‌നേഹിയായ അച്ഛന്‍ സഞ്ജയ് ദാസ് ഇതിഹാസ താരത്തിന്റെ പേരാണ് മകന് നല്‍കിയത്. അമ്മ സുരേഖ ദാസ് അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടറാണ്. പ്രതീക്ഷ എന്ന സഹോദരിയുമുണ്ട്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആരോഗ്യ വിഭാഗത്തിലാണ് അച്ഛന്‍ സഞ്ജയ്ക്ക് ജോലി. സുനില്‍ ഗവാസ്‌കറിന്റെ കടുത്ത ആരാധകനാണ് സഞ്ജയ്. രണ്ടാമത്തെ ആരാധ്യ താരം സച്ചിന്‍ തെണ്ടുല്‍ക്കറാണ്. 

പുതിയ തലമുറയുമായി ഏറ്റവും കണക്ടാവുന്ന ക്രിക്കറ്റര്‍ എന്ന നിലയ്ക്കാണ് മകന് സച്ചിന്റെ പേര് നല്‍കിയത്. തെണ്ടുല്‍ക്കറോടുള്ള ബഹുമാനാര്‍ഥമാണ് സച്ചിന്‍ ദാസ് പത്താംനമ്പര്‍ ജഴ്‌സിയണിയുന്നത്. 2023-ല്‍ മഹാരാഷ്ട്ര പ്രീമിയര്‍ ലീഗില്‍ (എം.പി.എല്‍.) ആണ് സച്ചിന്‍ ആദ്യമായി അരങ്ങേറുന്നത്.