വെല്ലിങ്ടണ്‍: ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം ക്യാപ്റ്റനും ന്യൂസീലന്‍ഡ് വംശജനുമായ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സ് സ്വന്തം രാജ്യത്തിനായി കളിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി റോസ് ടെയ്‌ലര്‍. മുന്‍ ന്യൂസീലന്‍ഡ് താരമായ ടെയ്‌ലര്‍ അടുത്തിടെ പുറത്തിറങ്ങിയ തന്റെ ആത്മകഥയായ 'റോസ് ടെയ്‌ലര്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റി'ലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

To advertise here,

2010-ല്‍ ഏകദേശം 18 വയസ്സുള്ളപ്പോള്‍ ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബായ ഡര്‍ഹമിന് വേണ്ടി കളിച്ചിരുന്ന സമയത്ത് താന്‍ സ്‌റ്റോക്ക്‌സിനോട് ന്യൂസീലന്‍ഡിനായി കളിക്കാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചിരുന്നുവെന്ന് ടെയ്‌ലര്‍ പറയുന്നു.

''അദ്ദേഹത്തിന് അപ്പോള്‍ 18-19 വയസാണ് പ്രായം. ഒരു തനി കിവി (ന്യൂസീലന്‍ഡുകാരന്‍). ഒരിക്കല്‍ ന്യൂസീലന്‍ഡില്‍ വന്ന് കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഞാന്‍ അവനോട് ചോദിച്ചു. അയാള്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നു, അതിനാല്‍ ഞാന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് സി.ഇ.ഒ ജസ്റ്റിന്‍ വോണിന്, ഈ സ്റ്റോക്ക്‌സ് മികച്ച യുവ ക്രിക്കറ്ററാണെന്നും അദ്ദേഹത്തിന് ന്യൂസീലന്‍ഡിനായി കളിക്കാന്‍ താത്പര്യമുണ്ടെന്നും കാട്ടി ഒരു സന്ദേശമയച്ചു.

എന്നാല്‍ സ്റ്റോക്ക്‌സ് ന്യൂസീലന്‍ഡിലെത്തി ആഭ്യന്തര ക്രിക്കറ്റ് കളിച്ചുതുടങ്ങട്ടെ, എന്നിട്ട് നോക്കാമെന്നായിരുന്നു വോണിന്റെ മറുപടി.

താഴെത്തട്ടില്‍ നിന്ന് ആരംഭിക്കാനാണെങ്കില്‍ അയാള്‍ക്ക് താത്പര്യമുണ്ടാകില്ലെന്ന് താന്‍ അറിയിച്ചുവെന്നും അതിനു ശേഷം അക്കാര്യത്തില്‍ തീരുമാനമൊന്നും ഉണ്ടായില്ലെന്നും ടെയ്‌ലര്‍ തന്റെ ആത്മകഥയില്‍ പറയുന്നു.

ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ ജനിച്ച സ്റ്റോക്ക്‌സ് 12-ാം വയസിലാണ് ഇംഗ്ലണ്ടിലേക്ക് താമസം മാറുന്നത്. അദ്ദേഹത്തിന്റെ പിതാവും പ്രൊഫഷണല്‍ റഗ്ബി താരവുമായിരുന്ന ജെറാര്‍ഡ് സ്റ്റോക്ക്‌സ് കുംബ്രിയയിലെ ഒരു റഗ്ബി ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റെടുത്തതോടെയാണ് സ്‌റ്റോക്ക്‌സും കുടുംബവും രാജ്യം വിട്ടത്.