മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന് അധോലോക സംഘത്തിന്റെ ഭീഷണി വന്നതായി റിപ്പോര്‍ട്ട്. ഡി-കമ്പനി എന്നറിയപ്പെടുന്ന ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തില്‍ നിന്നാണ് ഭീഷണി ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് റിങ്കുവിന്റെ പ്രൊമോഷണല്‍ ടീമിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. 2025 ഫെബ്രുവരിക്കും ഏപ്രിലിനും ഇടയ്ക്ക് മൂന്നു തവണ റിങ്കുവിന് ഭീഷണി സന്ദേശം വന്നതായി മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി.

To advertise here,

ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സംഘമായ ഡി കമ്പനിയാണ് ഭീഷണി സന്ദേശത്തിനു പിന്നിലെന്ന് സംശയിക്കുന്നതായും മുംബൈ ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് പ്രതികളെന്നു സംശയിക്കുന്ന രണ്ടുപേരെ വെസ്റ്റിന്‍ഡീസില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ മുഹമ്മദ് ദില്‍ഷാദ്, മുഹമ്മദ് നവീദ് എന്നിവരെ ഓഗസ്റ്റില്‍ ഇന്ത്യയ്ക്ക് കൈമാറിയിരുന്നു.

അന്തരിച്ച മുന്‍ എംഎല്‍എ ബാബ സിദ്ദിഖിയുടെ മകന്‍ സീഷന്‍ സിദ്ദിഖിയില്‍ നിന്ന് 10 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതിന് ഈ പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി നടന്ന ചോദ്യം ചെയ്യലില്‍ അവരില്‍ ഒരാള്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് റിങ്കു സിങ്ങിനെ വിളിച്ചതായി സമ്മതിക്കുകയായിരുന്നു.