ഗുരുഗ്രാം: രാത്രി പാർട്ടി കഴിഞ്ഞ് ക്ലബ്ബിന് സമീപം കാറിൽ കിടന്നുറങ്ങിയ ആളെ ബന്ദിയാക്കി കാറുമായി കടന്നുകളഞ്ഞ മൂന്ന് യുവാക്കൾ അറസ്റ്റിൽ. തട്ടിയെടുത്ത കാർ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ അറസ്റ്റിലായത്. വാടകയ്ക്കെടുത്ത കാറാണ് ഇവർ തട്ടിയെടുത്തത്.

To advertise here,

പോലീസ് പറയുന്നത് ഇങ്ങനെ: ഗുരുഗ്രാമിലെ സെക്ടർ 29-ലെ ഒരു ക്ലബ്ബിലായിരുന്നു പാർട്ടി. അതു കഴിഞ്ഞശേഷം ഞായറാഴ്ച പുലർച്ചെ 4.30-ഓടെ ക്ലബ്ബിൽ നിന്ന് തനിച്ച് തിരികെ വന്ന പരാതിക്കാരൻ വാടകയ്ക്കെടുത്ത സ്വിഫ്റ്റ് കാറിൽ കിടന്ന് ഉറങ്ങിപ്പോയി. ഉറങ്ങിക്കിടക്കുമ്പോൾ മൂന്ന് യുവാക്കൾ കാറിലേക്ക് അതിക്രമിച്ചു കയറുകയും ബന്ദിയാക്കി കാറുമായി കടന്നുകളയുകയും ചെയ്തു. പരാതിക്കാരനെ പിന്നീട് വഴിയിൽ ഉപേക്ഷിച്ചാണ് അക്രമിസംഘം കാർ വിൽപനയ്ക്കായി കൊണ്ടുപോയത്.

സംഭവത്തിൽ ജാർഖണ്ഡ് സ്വദേശി തൗഫീഖ് (18), നൂഹ് ജില്ലയിലെ ആകാശ് (18), റോഹ്തക് ജില്ലയിലെ ഭരൺ ഗ്രാമവാസി ആയുഷ് (18) എന്നിവരെ പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഗുരുഗ്രാമിലെ ഇന്ദിര കോളനിയിൽ വാടകയ്ക്ക് താമസിച്ചുവരുന്നവരാണ് എല്ലാവരും.

പരാതിക്കാരൻ കാറിൽ തനിച്ച് ഉറങ്ങുന്നത് കണ്ടപ്പോഴാണ് മോഷണം നടത്താൻ തീരുമാനിച്ചതെന്ന് പോലീസ് ചോദ്യം ചെയ്യലിൽ ഇവർ വെളിപ്പെടുത്തി.