2020ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ലേലം പുരോഗമിക്കുന്നു. കൗമാര ലെഗ് സ്പിന്നര്‍ക്കായി മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്സും പൊരിഞ്ഞ പോരാട്ടം. 20 ലക്ഷം അടിസ്ഥാനവിലയില്‍നിന്ന് രണ്ടുകോടി രൂപയ്ക്കാണ് ഒടുവില്‍ താരത്തെ പഞ്ചാബ് സ്വന്തമാക്കിയത്. ആ താരമാണ് രവി ബിഷ്‌ണോയ്. അണ്ടര്‍-19 ലോകകപ്പില്‍ 17 ഇരകളുമായി വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തിയ ഇന്ത്യന്‍ താരം.

പഞ്ചാബിന്റെ മുഖ്യപരിശീലകന്‍ ഇന്ത്യയുടെ ഇതിഹാസ ലെഗ് സ്പിന്നര്‍ അനില്‍ കുംബ്ലെയാണ് കൗമാരതാരത്തെ ടീമിലെത്തിക്കാന്‍ മുന്‍കൈയെടുത്തതെന്നോര്‍ക്കണം. അതില്‍തന്നെയുണ്ട് ബിഷ്‌ണോയിയുടെ പ്രതിഭയ്ക്കുള്ള അംഗീകാരം.

ലോകകപ്പ് ജയത്തില്‍ ഇന്ത്യയുടെ ജയങ്ങളിലെല്ലാം സ്പിന്‍ മാജിക് കൊണ്ട് രാജസ്ഥാന്‍താരം കൈയൊപ്പുചാര്‍ത്തി. ഫൈനലില്‍ ബംഗ്ലാദേശിനെ, കറങ്ങുന്ന പന്തുകള്‍കൊണ്ട് വിറപ്പിക്കാനും ബിഷ്‌ണോയിക്കായി. താരത്തിന്റെ 60 പന്തുകളും ബംഗ്ലാ ബാറ്റ്സ്മാന്‍മാരെ ഭീതിയിലാഴ്ത്തി.

ടൂര്‍ണമെന്റില്‍ വീഴ്ത്തിയ 17 വിക്കറ്റുകളില്‍ നാലെണ്ണം ഫൈനലിലായിരുന്നു. ശ്രീലങ്കയ്‌ക്കെതിരേ രണ്ടുവിക്കറ്റെടുത്തു തുടങ്ങിയ ബിഷ്‌ണോയ് ജപ്പാനെതിരേ അഞ്ചുറണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി വിശ്വരൂപം കാട്ടി. ന്യൂസീലന്‍ഡിനെതിരേയും നാലു വിക്കറ്റ് വീഴ്ത്തി.

രാജസ്ഥാനിലെ ജോധ്പുരുകാരനായ ബിഷ്‌ണോയ് സഹോദരന്റെ പാത പിന്തുടര്‍ന്നാണ് ക്രിക്കറ്റിലെത്തിയത്. രാജസ്ഥാനായി സയ്യിദ് മുഷ്താഖ് ട്രോഫിയില്‍ അരങ്ങേറിയ താരം 2019-ല്‍ വിജയ് ഹസാരെയിലും കളിച്ചു. തുടര്‍ന്ന് ദിയോദാര്‍ ട്രോഫിയില്‍ ഇന്ത്യന്‍ എ ടീമിലും കളിച്ചു.

Content Highlights: Ravi Bishnoi U 19 World Cup Cricket Indian Spin Bowler