ഇസ്ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരേയും ക്യാപ്റ്റൻ ബാബർ അസമിനെതിരേയും ആഞ്ഞടിച്ച് പാക് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ റമീസ് രാജ. ക്രിക്കറ്റ് ടീം ഏതു ദിശയിലേക്കാണ് പോകുന്നത് എന്ന കാര്യത്തിൽ ക്രിക്കറ്റ് ബോർഡ് ആശയക്കുഴപ്പത്തിലാണെന്നും യുവതാരങ്ങളെ ടീമിലെത്തിക്കുന്നതിൽ യാതൊരു ദയയും കാണിക്കരുതെന്നും റമീസ് രാജ പറയുന്നു. വെറ്ററൻ താരങ്ങളായ മുഹമ്മദ് ഹഫീസിനേയും ഷുഐബ് മാലിക്കിനേയും ട്വന്റി-20 ടീമിലെടുത്തതിനേയും റമീസ് രാജ വിമർശിച്ചു.

To advertise here,

1992 ലോകകപ്പിൽ പാകിസ്താൻ യുവത്വമുള്ള ടീമായിരുന്നു. ടീമിനെ തിരഞ്ഞെടുക്കുമ്പോൾ ദയ കാണിക്കേണ്ട ആവശ്യമില്ല. യുവതാരങ്ങളെ തിരഞ്ഞെടുക്കണം. ആഗ്രഹിച്ച ഫലം പെട്ടെന്ന് കിട്ടിയില്ലെങ്കിലും അങ്ങനെ ചെയ്യണം. ഒപ്പം കളിച്ച താരങ്ങളോടുള്ള സൗഹൃദം ഒരു വശത്തേക്ക് മാറ്റിനിർത്തണം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാകണം ടീം സെലക്ഷൻ- റമീസ് രാജ വ്യക്തമാക്കുന്നു.

നേരത്തെ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് തോന്നിയപ്പോൾ ബാബർ അസമിനെ ക്യാപ്റ്റനാക്കി. അതേസമയം 40 വയസ്സിനോട് അടുക്കുന്ന രണ്ടുപേരെ ടീമിലെടുക്കുകയും ചെയ്തു. ഏതു ദിശയിലേക്കാണ് പാകിസ്താൻ പോകുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. റമീസ് രാജ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ മാസം ഇംഗ്ലണ്ടിൽ നടന്ന പരമ്പരയിൽ പാകിസ്താൻ 1-0ത്തിന് പരാജയപ്പെട്ടിരുന്നു. ട്വന്റി-20യിൽ ഇരുടീമുകളും ഓരോ വിജയങ്ങൾ നേടി സമനില പാലിച്ചു.

Content Highlights: Ramiz Raja slams Babar Azam captaincy