ലണ്ടന്‍: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റര്‍മാരിലൊരാളാണ് ചേതേശ്വര്‍ പൂജാര. പൂജാരയെ ടെസ്റ്റ് മത്സരങ്ങളിലേക്ക് മാത്രമാണ് ഇന്ത്യന്‍ ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുക്കാറ്. എന്നാല്‍ പൂജാരയ്ക്കുള്ളില്‍ ഒരു വെടിക്കെട്ട് ബാറ്ററുണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ടെസ്റ്റില്‍ മാത്രമല്ല ഏകദിനത്തിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് പൂജാര. 

To advertise here,

ഇംഗ്ലണ്ടിലെ റോയല്‍ ലണ്ടന്‍ ഏകദിന ക്രിക്കറ്റ് കപ്പിലാണ് പൂജാരയുടെ ഞെട്ടിക്കുന്ന പ്രകടനം പുറത്തുവന്നത്. സസക്‌സിനുവേണ്ടി ബാറ്റേന്തിയ പൂജാര സെഞ്ചുറിയുമായി ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. 

ഗ്രൂപ്പ് എ യില്‍ വാര്‍വിക്‌ഷൈറിനെതിരേയാണ് പൂജാരയുടെ തകര്‍പ്പന്‍ പ്രകടനം പിറന്നത്. നായകന്‍ ടോം ഹെയ്‌നസിന് പരിക്കേറ്റതോടെ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത പൂജാര വെടിക്കെട്ട് പ്രകടനത്തോടെ ഏവരെയും അമ്പരപ്പിച്ചു. വെറും 79 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 107 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. 

ലിയാം നോര്‍വെല്‍ ചെയ്ത 45-ാം ഓവറില്‍ 22 റണ്‍സാണ് പൂജാര അടിച്ചെടുത്തത്. 4,2,4,2,6,4 എന്നിങ്ങനെയാണ് താരം ഓരോ പന്തിലും സ്‌കോര്‍ ചെയ്ത റണ്‍സ്. ഒടുവില്‍ 49-ാം ഓവറില്‍ പൂജാര പുറത്തായി. 

പക്ഷേ പൂജാരയുടെ ഇന്നിങ്‌സിന് സസക്‌സിനെ വിജയത്തിലെത്തിക്കാനായില്ല. വാര്‍വിക്‌ഷൈര്‍ ഉയര്‍ത്തിയ 311 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സസക്‌സ് നാല് റണ്‍സിന്റെ തോല്‍വി വഴങ്ങി.