ഇന്ത്യൻ ക്രിക്കറ്റിലെ ബാറ്റിങ് രാജാവ് എന്ന അർഥത്തിലാണ് വിരാട് കോലിയെ ആരാധകർ കിങ് കോലിയെന്ന് വിശേഷിപ്പിക്കുന്നത്. എന്നാൽ ആ രാജാവിനെ വീഴ്ത്തിയ 'രാജകുമാര'ന്റെ പന്താണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രിൻസ് യാദവ് എന്ന പേസ് ബൗളർ കോലിയെ ക്ലീൻ ബൗൾഡാക്കിയ പന്തിനെ ‘ബോൾ ഓഫ് ദി ടൂർണമെന്റ്’ എന്നാണ് പലരും വിശേഷിപ്പിക്കുന്നത്‌. ഔട്ടായശേഷം അമ്പരപ്പോടെ നിൽക്കുന്ന കോലിയുടെ ദൃശ്യത്തിൽ നിന്ന് തന്നെ പ്രിൻസ് യാദവിന്റെ പന്തിന്റെ മികവ് വ്യക്തമാണ്.

To advertise here,

നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സും ലഖ്‌നൗ സൂപ്പർ ജയന്റ്‌സും തമ്മിലുള്ള മത്സരത്തിലാണ് ഈ വിക്കറ്റ് വീഴ്ത്തിയ പ്രകടനം അരങ്ങേറിയത്‌. രണ്ടാം ഓവറിലെ രണ്ടാം പന്ത് നേരിടാൻ ക്രീസിലുണ്ടായിരുന്നത് സാക്ഷാൽ കോലി. ലഖ്‌നൗവിന്റെ പേസർ പ്രിൻസ് ബോളെറിയുമ്പോൾ കോലിയുടെ വിക്കറ്റ് മാത്രമായിരുന്നു ലക്ഷ്യം. അദ്ദേഹത്തെ പോലൊരു മികച്ച ബാറ്ററെ വീഴ്ത്താൻ സാധാരണ തന്ത്രങ്ങൾ മതിയാകില്ലെന്ന് നന്നായി അറിയാവുന്ന പ്രിൻസ് തൊടുത്തത് നിക് ബാക്കറായിരുന്നു.

പ്രിൻസിന്റെ കൈയിൽ നിന്ന് പുറപ്പെട്ട പന്ത് ഓഫ് സ്റ്റംപിന് പുറത്തേക്കെന്ന് തോന്നിപ്പിച്ചാണ് മുന്നോട്ട് കുതിച്ചത്. ആ രീതിയിൽ തന്നെ അത് നേരിടാനായി കോലി മുന്നോട്ട് നീങ്ങി. എന്നാൽ കിങ് കോലിയെ സമർഥമായി കബളിപ്പിച്ചുകൊണ്ട് പന്ത് വെട്ടിത്തിരിഞ്ഞ് ബാറ്റിനും പാഡിനും ഇടയിലൂടെ കടന്ന് ഓഫ് സ്റ്റമ്പിനെ വീഴ്ത്തിയതോടെ അക്ഷരാർഥത്തിൽ എല്ലാവരും ഞെട്ടി. മണിക്കൂറിൽ 140.4 കിലോമീറ്റർ വേഗതയിൽ പറന്നെത്തിയ പന്ത് 1.47 ഡിഗ്രി സ്വിങ് ചെയ്തുകൊണ്ടാണ് കോലിയുടെ വിക്കറ്റ് തെറിപ്പിച്ചത്.

കോലിയുടെ വിക്കറ്റ്‌ തെറിപ്പിക്കുന്ന പ്രിൻസ് യാദവിന്റെ നിപ് ബാക്കർ ബോളിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടു. വരാനിരിക്കുന്ന രാജ്യാന്തര ടൂർണമെന്റിൽ പ്രിൻസ് യാദവ് നിർബന്ധമായി വേണമെന്ന് പലരും വീഡിയോയ്‌ക്കൊപ്പം കുറിച്ചു. കോലിയുടേതിന് പുറമെ 11-ാം ഓവറിൽ ദേവ്ദത്ത് പടിക്കലിന്റേയും ജിതേഷ് ശർമയുടേയും വിക്കറ്റുകളും യാദവ് തൂക്കിയിരുന്നു.

എന്താണ് നിപ് ബാക്കർ?

ഫാസ്റ്റ് ബൗളർമാർ പ്രയോഗിക്കുന്ന അപൂർവവും അൽപ്പം പ്രയാസമേറിയതുമായ സവിശേഷ ബൗളിങ് രീതിയാണ് നിപ് ബാക്കർ. ഓഫ് സ്പിൻ ബോളുകൾക്ക് സമനമായി പിച്ചിൽ കുത്തിയ ശേഷം, വലംകൈ ബാറ്ററുടെ ബാറ്റിന് ഉള്ളിലേക്ക് അതിവേഗം ഗതിമാറി പോകുന്നതാണ് നിപ് ബാക്കർ പന്തിന്റെ സവിശേഷത. പിച്ച് ചെയ്ത ശേഷം നിലത്തുനിന്ന് ദിശ മാറുമെന്നതാണ്, വായുവിൽ തിരിയുന്ന ഇൻ സ്വിങ്ങറുകളിൽ നിന്ന് നിപ് ബാക്കറിനെ വ്യത്യസ്തമാക്കുന്നത്.