സിഡ്‌നി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 200 വിക്കറ്റ് നേടുന്ന ആദ്യതാരമായി ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബോളര്‍ പാറ്റ് കമിന്‍സ്. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ചാം ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ വാഷിങ്ടണ്‍ സുന്ദറിന്റെ വിക്കറ്റ് നേടിയതോടെയാണ് കമിന്‍സ് ചരിത്രനേട്ടം കുറിച്ചത്. 12 റണ്‍സില്‍ നില്‍ക്കെ ഓവറിലെ നാലാം ബോളില്‍ സുന്ദറിനെ കമിന്‍സ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

To advertise here,

മറ്റൊരു ഓസ്‌ട്രേലിയന്‍ താരം നഥാന്‍ ലിയോണാണ് കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളില്‍ രണ്ടാമന്‍- 196 വിക്കറ്റുകള്‍. നഥാന്‍ ലിയോണിനെ സാക്ഷിയാക്കിയായിരുന്നു കമിന്‍സിന്റെ നേട്ടം. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ മാത്രം കമിന്‍സ് മൂന്നുവിക്കറ്റ് നേടി.

കൂടുതല്‍ വിക്കറ്റുനേടിയവരുടെ പട്ടികയിലെ ആദ്യ അഞ്ചുപേരില്‍ മൂന്നുപേര്‍ ഓസ്‌ട്രേലിയന്‍ താരങ്ങളും രണ്ടുപേര്‍ ഇന്ത്യന്‍ താരങ്ങളുമാണ്. അടുത്തിടെ രാജ്യാന്തര മത്സരങ്ങളില്‍നിന്ന് വിരമിച്ച ആര്‍. അശ്വിനാണ് മൂന്നാമത്. 195 വിക്കറ്റുകളാണ് അശ്വിന്‍ നേടിയത്. നാലാമത് മിച്ചല്‍ സ്റ്റാര്‍ക്കും (165) അഞ്ചാമത് ജസ്പ്രീത് ബുംറയുമാണ് (156) ഉള്ളത്.