ഗോൾ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ലങ്കയ്ക്ക് മുന്നിൽ 372 റൺസ് വിജയലക്ഷ്യമുയർത്തിയ ഇന്ത്യ ടീമിനെ 206 റൺസിന് ഓൾഔട്ടാക്കി. അതോടെ 165 റൺസ് ജയവുമായി ഗില്ലും സംഘവും മടങ്ങി. ഈ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ പോയന്റ് ശതമാനം വർധിപ്പിക്കാനും ഇന്ത്യക്കായി.

To advertise here,

നേരത്തേ 48.15 പോയന്റ് ശതമാനമാണ് ഉണ്ടായിരുന്നതെങ്കിൽ ലങ്കയ്‌ക്കെതിരായ ജയത്തോടെ അത് 53.33 ആയി ഉയർന്നു. എന്നാൽ പട്ടികയിലെ സ്ഥാനത്തിൽ മാറ്റമില്ല. അഞ്ചാം സ്ഥാനത്തുതന്നെ തുടരുകയാണ് ഇന്ത്യ. 10 മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും നാല് തോൽവിയും ഒരു സമനിലയുമായി 64 പോയന്റാണുള്ളത്. ഇന്ത്യക്കെതിരേ പരാജയപ്പെട്ടതോടെ ലങ്കയുടെ പോയന്റ് ശതമാനം 33.33 ലേക്ക് കൂപ്പുകുത്തി. പട്ടികയിൽ ആറാമതാണ് ലങ്ക. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ വരാനിരിക്കുന്ന മത്സരങ്ങൾ നിർണായകമാണ്.

ബംഗ്ലാദേശാണ് പട്ടികയിൽ നാലാം സ്ഥാനത്ത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ജയത്തോടെ പോയന്റ് ശതമാനം 66.67 ലേക്ക് ഉയർന്നിട്ടുണ്ട്. ന്യൂസിലൻഡ് മൂന്നാമതും ദക്ഷിണാഫ്രിക്ക രണ്ടാമതുമാണ്. കിവീസിന് 72.22 പോയന്റ് ശതമാനവും ദക്ഷിണാഫ്രിക്കയ്ക്ക് 75 പോയന്റ് ശതമാനവുമുണ്ട്. പട്ടികയിൽ തലപ്പത്ത് ഓസ്‌ട്രേലിയ തന്നെയാണ്. ഒൻപത് മത്സരങ്ങളിൽ നിന്ന് ഏഴ് ജയവും രണ്ട് തോൽവിയുമായി 77.78 പോയന്റ് ശതമാനമുണ്ട്.