മുംബൈ: ഇടവേളയ്ക്കുശേഷം ഇന്ത്യൻ ടീം വീണ്ടും ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾക്കിറങ്ങുന്നു. ശ്രീലങ്കയ്ക്കെതിരേ രണ്ടു മത്സരങ്ങളുടെ പരമ്പരയിലാണ് കളിക്കുന്നത്. ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ് പരമ്പര. കാരണം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനൽസാധ്യത നിലനിർത്താൻ ലങ്കൻ പര്യടനത്തിൽ പരമ്പര തൂത്തുവാരേണ്ടതുണ്ട്.

To advertise here,

ചാമ്പ്യൻഷിപ്പ് കാലയളവിൽ ഇതുവരെ ഒൻപത് ടെസ്റ്റുകൾ കളിച്ച ഇന്ത്യ നാലു ജയം നേടി. നാലു ടെസ്റ്റുകളിൽ തോറ്റു. ഒരു മത്സരം സമനിലയായി. ഇത്തവണ ഇന്ത്യയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ നാലു മത്സരങ്ങളുടെ പരമ്പര 2-1ന് തോറ്റാണ് തുടങ്ങിയത്. വിൻഡീസിനെതിരായ പരമ്പര 3-0ത്തിന് തൂത്തുവാരി ശക്തമായി തിരിച്ചുവന്നെങ്കിലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ പാളി. 2-0ത്തിനായിരുന്നു തോൽവി.

ഇന്ത്യയുടെ സാധ്യത

ഒൻപത് മത്സരങ്ങളാണ് ഇന്ത്യക്ക് ഇനി ബാക്കിയുള്ളത്. ഇതിൽ ശ്രീലങ്ക, ന്യൂസീലൻഡ് ടീമുകൾക്കെതിരേ രണ്ടുമത്സരങ്ങളുടെ പരമ്പരയും ഓസ്‌ട്രേലിയക്കെതിരേ അഞ്ചുമത്സരങ്ങളുടെ പരമ്പരയുമാണുള്ളത്. ഓസീസിനെതിരായ പരമ്പരയിൽ നാട്ടിൽ നടക്കുന്നത് ഇന്ത്യക്ക് അനുകൂലഘടകമാണ്.

60നുമുകളിൽ പോയിന്റ് ശരാശരി വന്നാൽ മാത്രമാണ് ഇന്ത്യക്ക് ഫൈനൽ സാധ്യതയുള്ളത്. അവശേഷിക്കുന്ന ഒൻപത് മത്സരങ്ങളിൽ ഏഴു ജയവും രണ്ടു തോൽവിയുമാണെങ്കിൽ 62.96 പോയിന്റ് ശരാശരിയാകും. എട്ടു വിജയവും ഒരു തോൽവിയുമാണെങ്കിൽ 68.52 പോയിന്റ് ശരാശരിയിലേക്ക് എത്താം. ഏറ്റവും കുറഞ്ഞത് ആറു ജയവും രണ്ടു സമനിലയുമെങ്കിലും വേണ്ടിവരും. ഓസ്‌ട്രേലിയ, ന്യൂസീലൻഡ് ടീമുകളെ നേരിടാനുള്ളതുകൊണ്ട് ഇന്ത്യക്ക് ഫൈനലിലേക്കുള്ള പ്രയാണം കടുപ്പമേറിയതാകും.