ലാഹോർ: അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിൽ പാകിസ്താൻ കളിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. തിങ്കളാഴ്ച പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി പാകിസ്താൻ മന്ത്രിയും ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വി കൂടിക്കാഴ്ച നടത്തിയിരുന്നു. വെള്ളിയാഴ്ചയോ അല്ലെങ്കിൽ അടുത്ത തിങ്കളാഴ്ചയോ പാകിസ്താൻ നിലപാടറിയിക്കും. എന്നാൽ ടൂർണമെന്റ് കളിക്കുകയും ഇന്ത്യയുടെ മത്സരം മാത്രം ബഹിഷ്കരിക്കുകയും ചെയ്യാനാണ് പാകിസ്താന്റെ ആലോചനയെന്നാണ് പുതിയ റിപ്പോർട്ട്.
ബഹിഷ്കരണവുമായി ബന്ധപ്പെട്ട് എല്ലാ സാധ്യതകളും പിസിബി നേതൃത്വം പരിശോധിക്കുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യക്കെതിരേയുള്ള മത്സരം ബഹിഷ്കരിക്കുന്നത് സംബന്ധിച്ച് പുതിയ ഫോർമുല ബോർഡ് വിലയിരുത്തുകയാണ്. ആദ്യ രണ്ട് മത്സരങ്ങളിലെ ഫലം നോക്കി മാത്രം അത്തരം തീരുമാനമെടുത്താൽ മതിയെന്നാണ് വിലയിരുത്തൽ. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ചാൽ മാത്രം ഇന്ത്യക്കെതിരായ കളി ഒഴിവാക്കിയാനാണ് ധാരണ. യുഎസ്, നെതർലൻഡ്സ് ടീമുകൾക്കെതിരേയാണ് പാകിസ്താന്റെ ആദ്യ മത്സരങ്ങൾ.
ഐസിസിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇന്ത്യയ്‌ക്കെതിരായ ടി20 ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കാൻ പാകിസ്താൻ ഒരുങ്ങുന്നത്. ഇന്ത്യയിൽ നിന്ന് മത്സരങ്ങൾ മാറ്റണമെന്ന ബംഗ്ലാദേശിന്റെ അഭ്യർഥന അംഗീകരിക്കാത്തതും അതുവഴി ബംഗ്ലാദേശിന് ടൂർണമെന്റിൽ നിന്ന് പിന്മാറേണ്ടിവന്ന സാഹചര്യവും കണക്കിലെടുത്താണ് പുതിയ നീക്കം. ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാകിസ്താൻ നടത്തിയ ബഹിഷ്‌കരണ ഭീഷണിക്കെതിരേ ഐസിസി കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയതും പാകിസ്താനെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഇതോടെയാണ് ഐസിസിയോടുള്ള പ്രതിഷേധം എന്ന നിലയ്ക്ക് ഇന്ത്യയ്‌ക്കെതിരായ മത്സരം മാത്രം ബഹിഷ്‌കരിക്കാൻ പാകിസ്താൻ ഒരുങ്ങുന്നത്.
ബംഗ്ലാദേശ് ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാകിസ്താനും ടൂർണമെന്റ് ബഹിഷ്‌കരിക്കാനുള്ള ആലോചനയിലെത്തിയത്. ബംഗ്ലാദേശിന് പകരം സ്‌കോട്ട്‌ലൻഡിനെ ലോകകപ്പ് കളിപ്പിക്കാൻ ഐസിസി തീരുമാനിച്ചതോടെ പാകിസ്താനും ടൂർണമെന്റ് കളിക്കുമോയെന്ന കാര്യം ഉറപ്പില്ലെന്ന് വ്യക്തമാക്കി. പിന്നാലെയാണ് നഖ്‌വി പാക് പ്രധാനമന്ത്രിയുമായി നിർണായക ചർച്ച നടത്തിയത്. ഏകദേശം 30 മിനിറ്റ് നേരം ഇരുവരും ചർച്ച ചെയ്തു. അതേസമയം, അന്തിമതീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല.
Content Highlights: PCB India match boycott decision hinges on first two World Cup games
Published: 28 Jan 2026, 06:18 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented