വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ നാലാം ട്വന്റി-20യില്‍ റെക്കോഡുമായി കെ.എല്‍ രാഹുലും ജസ്പ്രീത് ബുംറയും. ട്വന്റി-20 കരിയറില്‍ രാഹുല്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കിയപ്പോള്‍ മറ്റു പേസ് ബൗളര്‍മാര്‍ക്കൊന്നുമില്ലാത്ത റെക്കോഡാണ് ബുംറ സ്വന്തമാക്കിയത്. അന്താരാഷ്ട്ര ട്വന്റി-20യില്‍ നാല് ഓവര്‍ പൂര്‍ത്തിയാക്കിയ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ ആറില്‍ താഴെ ഇക്കോണമിയില്‍ പന്തെറിഞ്ഞ താരമെന്ന നേട്ടമാണ് ബുംറയുടെ പേരിനൊപ്പം ചേര്‍ന്നത്. 

നാലാം ട്വന്റി-20യില്‍ എട്ടു റണ്‍സിലെത്തിയപ്പോഴാണ് രാഹുല്‍ 4000 ക്ലബ്ബിലെത്തിയത്. ഈ നേട്ടത്തിലെത്തുന്ന 94-ാമത്തെ താരമാണ് രാഹുല്‍. അതേസമയം ട്വന്റി-20യില്‍ 2000-ത്തിലേറെ റണ്‍സ് നേടിയ താരങ്ങളില്‍ ബാറ്റിങ് ശരാശരിയില്‍ രണ്ടാം സ്ഥാനത്താണ് രാഹുല്‍. പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ഒന്നാമത്. അന്താരാഷ്ട്ര ട്വന്റി-20യില്‍ രാഹുലിനേക്കാള്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍ അഞ്ചു പേരാണ്. വിരാട് കോലി, രോഹിത് ശര്‍മ്മ, സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍, എം.എസ് ധോനി എന്നിവരാണ് രാഹുലിന് മുന്നിലുള്ളത്.

Read More: ആവേശത്തിലാഴ്ത്തി നിരാശനാക്കുന്ന സഞ്ജു; സൂപ്പര്‍ ഓവറിന്റെ ആശ്വാസം മാത്രം ബാക്കി!

പതിനാലാം തവണയാണ് ബുംറ ആറില്‍ താഴെ ഇക്കോണമിയില്‍ പന്തെറിയുന്നത്. പാകിസ്താന്‍ പേസര്‍ സുഹൈല്‍ തന്‍വീര്‍, ന്യൂസീലന്‍ഡിന്റെ ടിം സൗത്തി എന്നിവരെ പിന്നിലാക്കിയാണ് ബുംറയുടെ നേട്ടം. ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ രവിചന്ദ്ര അശ്വിന്റെ റെക്കോഡും ബുംറ മറികടന്നു. വെല്ലിങ്ടണില്‍ നാല് ഓവര്‍ എറിഞ്ഞ ബുംറ 20 റണ്‍സ് മാത്രമാണ് വഴങ്ങിയത്. അഞ്ച് ആണ് ഇക്കോണമി. ഒപ്പം മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ വിക്കറ്റുമെടുത്തു.

Content Highlights: KL Rahul and Jasprit Bumrah Records India vs New Zealand fourth T20