ദുബായ്: ഐ.സി.സി പുറത്തുവിട്ട ഏറ്റവും പുതിയ വനിതാ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങില്‍ ഇന്ത്യയുടെ ജൂലന്‍ ഗോസ്വാമി രണ്ടാമത്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് ഗോസ്വാമി റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. 

To advertise here,

ബൗളര്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തായിരുന്ന ഗോസ്വാമി രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. 727 പോയന്റാണ് താരത്തിനുള്ളത്. 760 പോയന്റുമായി ഓസ്‌ട്രേലിയയുടെ ജെസ്സ് ജോനാസ്സെനാണ് പട്ടികയില്‍ ഒന്നാമത്. ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരമാണ് ജൂലന്‍ ഗോസ്വാമി.

എന്നാല്‍ വനിതാ ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ലോക ഒന്നാം നമ്പറായിരുന്ന ഇന്ത്യയുടെ മിതാലി രാജിന് തിരിച്ചടി നേരിട്ടു. രണ്ട് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് താരം മൂന്നാം റാങ്കിലേക്ക് വീണു. 738 പോയന്റാണ് മിതാലിയ്ക്കുള്ളത്. മിതാലിയെ മറികടന്ന് ദക്ഷിണാഫ്രിക്കയുടെ ലിസെല്ലി ലീ ഒന്നാം റാങ്കിലേക്കും ഓസ്‌ട്രേലിയയുടെ അലീസ്സ ഹീലി രണ്ടാം സ്ഥാനത്തേക്കും കുതിച്ചു. ലീയ്ക്ക് 761 പോയന്റും ഹീലിയ്ക്ക് 750 പോയന്റുമാണുള്ളത്. 

ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തിനുള്ളില്‍ ഇന്ത്യയുടെ സ്മൃതി മന്ഥാനയുമുണ്ട്. താരം ഒരു റാങ്ക് മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി. 

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ ദീപ്തി ശര്‍മയ്ക്ക് ഒരു സ്ഥാനം നഷ്ടപ്പെട്ടു. താരം ഇപ്പോള്‍ അഞ്ചാം റാങ്കിലാണ്. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ജൂലന്‍ ഗോസ്വാമി ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങിലെ ആദ്യ പത്തിലും സ്ഥാനം കണ്ടെത്തി. നിലവില്‍ പോയന്റ് പട്ടികയില്‍ പത്താമതാണ് താരം. 

Content Highlights: Jhulan Goswami moves to 2nd in bowlers list, Mithali Raj slips to 3rd place among batters in ICC ODI Rankings