
തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരായ വനിതാ ടി20 പരമ്പരയിൽ ആധിപത്യം തുടർന്ന് ഇന്ത്യ. നാലാം മത്സരത്തിലും ലങ്കയെ ഇന്ത്യ തകർത്തു. 30 റൺസിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയർത്തിയ 222 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കയ്ക്ക് 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനേ ആയുള്ളൂ. അർധസെഞ്ചുറി തികച്ച ഷെഫാലി വർമയും സ്മൃതി മന്ദാനയുമാണ് ഇന്ത്യക്കായി തിളങ്ങിയത്. ആദ്യ മൂന്ന് മത്സരവും വിജയിച്ച് ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടേത് തകർപ്പൻ തുടക്കമായിരുന്നു. ഓപ്പണർമാരായ ചമരി അട്ടപട്ടുവും ഹസിനി പെരേരയും വെടിക്കെട്ട് നടത്തിയതോടെ ടീം നാലോവറിൽ തന്നെ അമ്പത് കടന്നു. ആറാം ഓവറിൽ ഹസിനി പെരേര പുറത്തായി. 20 പന്തിൽ നിന്ന് താരം 33 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ ഒന്നിച്ച ചമരിയും ഇമേഷ ദുലാനിയും സ്കോറുയർത്തി. ചമരി ബൗണ്ടറികളിലൂടെ റൺസ് കണ്ടെത്തിയതോടെ ടീം പത്തോവറിൽ 95 റൺസെടുത്തു.
എന്നാൽ 13-ാം ഓവറിൽ ലങ്കയ്ക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. ചമരിയെ വൈഷ്ണവി ശർമ പുറത്താക്കി. 37 പന്തിൽ നിന്ന് താരം 52 റൺസെടുത്തു. സ്കോർ 140 ൽ നിൽക്കേ ദുലാനി റണ്ണൗട്ടായി. 29 റൺസാണ് താരത്തിന്റെ സമ്പാദ്യം. പിന്നീട് ലങ്കൻ ബാറ്റർമാരെ പിടിച്ചുകെട്ടിയ ഇന്ത്യ റൺറേറ്റ് കുറച്ചു. 20 റൺസെടുത്ത് ഹർഷിതയും കൂടാരം കയറിയതോടെ ലങ്ക 147-4 എന്ന നിലയിലായി. പിന്നീട് വന്നവർക്കാർക്കും ടീമിനെ കരകയറ്റാനായില്ല. ഒടുക്കം ശ്രീലങ്കയുടെ ഇന്നിങ്സ് 191-6 എന്ന നിലയിൽ അവസാനിച്ചു. ഇന്ത്യക്കായി വൈഷ്ണവി ശർമയും അരുന്ധതി റെഡ്ഡിയും രണ്ട് വീതം വിക്കറ്റെടുത്തു.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസാണെടുത്തത്. ഷെഫാലി വർമയും സ്മൃതി മന്ദാനയും വെടിക്കെട്ട് ബാറ്റിങ് നടത്തിയാണ് ഇന്നിങ്സ് ആരംഭിച്ചത്. ഇരുവരും ആദ്യ ഓവറുകൾ മുതൽ ലങ്കൻ ബൗളർമാരെ തകർത്തടിച്ചു. അതോടെ സ്കോർ അതിവേഗം കുതിച്ചു. ടീം ആറോവറിൽ 61 റൺസെടുത്തു. പവർപ്ലേയ്ക്ക് ശേഷവും പിടികൊടുക്കാതെ ഇരുവരും ബാറ്റേന്തി. പത്തോവർ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 85 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ.
പിന്നാലെ ഷെഫാലി വർമ അർധസെഞ്ചുറി തികച്ചു. 30 പന്തിൽ നിന്നാണ് താരം ഫിഫ്റ്റി നേടിയത്. 12-ാം ഓവറിൽ സ്മൃതി മന്ദാനയും ഫിഫ്റ്റി തികച്ചു. അതോടെ ലങ്ക പ്രതിരോധത്തിലായി. ബൗളർമാർ മാറിമാറിയെറിഞ്ഞിട്ടും ഇരുവരും വീഴാതെ സ്കോറുയർത്തി. അതിനിടെ മന്ദാന അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,000 റൺസും തികച്ചു. 15 ഓവറിൽ 158 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. പിന്നാലെ ഇരുവരേയും പുറത്താക്കി ലങ്ക തിരിച്ചടിച്ചു. 46 പന്തിൽ നിന്ന് 79 റൺസെടുത്ത് ഷെഫാലിയും 48 പന്തിൽ നിന്ന് 80 റൺസെടുത്ത് മന്ദാനയും മടങ്ങി.
പിന്നീടിറങ്ങിയ റിച്ച ഘോഷും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ചേർന്ന് ടീമിനെ 200 കടത്തി. അവസാന രണ്ട്ഓവറിൽ 37 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. റിച്ച ഘോഷ് 16 പന്തിൽ നിന്ന് 40 റൺസെടുത്തപ്പോൾ ഹർമൻപ്രീത് 10 പന്തിൽ നിന്ന് 16 റൺസെടുത്തു. അതോടെ 20 ഓവറിൽ ഇന്ത്യ 221 റൺസിലെത്തി.
Content Highlights: India Women vs Sri Lanka Women, 4th T20I
Published: 28 Dec 2025, 10:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented