ബെനോനി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അണ്ടർ-19 ക്രിക്കറ്റ് ഏകദിനപരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ഏകദിനത്തിൽ 233 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 394 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 160 റൺസിന് പുറത്തായി. ക്യാപ്റ്റൻ വൈഭവ് സൂര്യവംശിയും മലയാളി താരം ആരോൺ ജോർജും സെഞ്ചുറിയോടെ തിളങ്ങി. 63 പന്തിൽ സെഞ്ചുറി നേടിയ വൈഭവ് 127 റൺസെടുത്താണ് പുറത്തായത്. നായകനായി അരങ്ങേറ്റം കുറിച്ച ആദ്യ പരമ്പര തന്നെ തൂത്തുവാരാൻ കഴിഞ്ഞത് വൈഭവിന് നേട്ടമാണ്.

To advertise here,

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യ തുടക്കത്തിൽ തന്നെ വരിഞ്ഞുകെട്ടി. 15 റൺസിനിടെ ടീമിന് നാലുവിക്കറ്റ് നഷ്ടപ്പെട്ടു. എന്നാൽ ജേസൺ റൗൾസ്, ഡാനിയേൽ ബോസ്മാൻ, പോൾ ജെയിംസ് എന്നിവരുടെ ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയെ തകർച്ചയിൽ നിന്ന് കരകയറ്റി. റൗൾസ് 19 റൺസെടുത്ത് പുറത്തായി. ബോസ്മാനും പോൾ ജെയിംസ് ചേർന്ന് നടത്തിയ കൂട്ടുകെട്ട് ടീമിന് ആശ്വാസമായി. ബോസ് മാൻ 40 റൺസെടുത്തപ്പോൾ ജെയിംസ് 41 റൺസെടുത്ത് പുറത്തായി.

ഒരു ഘട്ടത്തിലും ദക്ഷിണാഫ്രിക്കൻ ടീമിന് വിജയപ്രതീക്ഷ ഉണ്ടായിരുന്നില്ല. പിന്നീട് വന്നവരെല്ലാം നിരനിരയായി കൂടാരം കയറി. മൈക്കൽ ക്രൂയിസ്‌ക്യാമ്പ്, ജെ.ജെ. ബാസൺ എന്നിവർ ഒരു റൺ വീതമെടുത്ത് മടങ്ങി. കൊർണെ ബോത്ത അൽപ്പമെങ്കിലും പിടിച്ചുനിന്നതൊഴിച്ചാൽ ടീമിന് കാര്യമായി ഒന്നും ചെയ്യാനായില്ല. താരം 36 റൺസെടുത്ത് പുറത്താവാതെ നിന്നു. സോണിയെ പുറത്താക്കി ക്യാപ്റ്റൻ വൈഭവ് തന്നെ ടീമിന് ജയം സമ്മാനിച്ചു. 160 റൺസിനാണ്‌ ദക്ഷിണാഫ്രിക്ക ഓൾഔട്ടായത്. കിഷൻ കുമാർ സിങ് മൂന്ന് വിക്കറ്റും മുഹമ്മദ് ഇനാൻ രണ്ടുവിക്കറ്റുമെടുത്ത് തിളങ്ങി.

നേരത്തേ നിശ്ചിത 50 ഓവറിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 393 റൺസാണെടുത്തത്. വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ടോടെയാണ് ഇന്ത്യൻ ഇന്നിങ്‌സ് ആരംഭിച്ചതുതന്നെ. ആദ്യ ഓവറുകളിൽ തന്നെ ദക്ഷിണാഫ്രിക്കൻ ബൗളർമാരെ പ്രഹരിച്ചു. ആറാം ഓവറിൽ തന്നെ ടീം അമ്പത് കടന്നു. ഏഴാം ഓവറിൽ 21 റൺസ് അടിച്ചെടുത്ത താരം പിന്നാലെ അർധസെഞ്ചുറിയും തികച്ചു. 24 പന്തിൽ നിന്നാണ് ഫിഫ്റ്റി. വൈഭവിനൊപ്പം ഓപ്പണറായി ഇറങ്ങിയ ആരോൺ ജോർജും വേഗത്തിൽ റൺസ് കണ്ടെത്തിയതോടെ ടീം പത്തോവറിൽ 111 ലെത്തി. ആരോൺ ജോർജ് 32 പന്തിൽ നിന്ന് അർധസെഞ്ചുറി നേടി.

ദക്ഷിണാഫ്രിക്കൻ ബൗളർമാർ മാറിമാറിയെറിഞ്ഞിട്ടും പിടികൊടുക്കാതെ വൈഭവ് ബാറ്റേന്തുന്നതാണ് പിന്നീട് കണ്ടത്. അതേസമയം ആരോൺ ജോർജാകട്ടെ ക്രീസിൽ നിലയുറപ്പിച്ച് വൈഭവിന് പിന്തുണ നൽകി. പിന്നാലെ വൈഭവിന്റെ സെഞ്ചുറിയുമെത്തി. 63 പന്തിൽ നിന്നാണ് താരം മൂന്നക്കം തൊട്ടത്. 24-ാം ഓവറിൽ തന്നെ ഇന്ത്യ 200 കടന്നു. 25 ഓവർ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 226 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. അടുത്ത ഓവറിൽ വൈഭവ് പുറത്തായി. 74 പന്തിൽ നിന്ന് 127 റൺസെടുത്താണ് വൈഭവ് പുറത്തായത്. ഒൻപത് ഫോറുകളും പത്ത് സിക്‌സറുകളുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്.

വേദാന്ത് ത്രിവേദിയാണ് വൺഡൗണായി ഇറങ്ങിയത്. പിന്നാലെ ആരോൺ ജോർജും സെഞ്ചുറി നേടി. 34 ഓവറിൽ 275-1 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നാലെ 106 പന്തിൽ നിന്ന് 118 റൺസെടുത്ത് ആരോൺ മടങ്ങി. പിന്നീടിറങ്ങിയവരെല്ലാം നിരനിരയായി മടങ്ങുന്നതാണ് മൈതാനത്ത് കണ്ടത്. വേദാന്ത് ത്രിവേദി 34 റൺസെടുത്തപ്പോൾ അഭിഗ്യാൻ കുണ്ഡു(21), ഹർവാൻഷ്(2),അംബ്രിഷ്(8),കിഷ്‌ക് ചൗഹാൻ(10) എന്നിവർ വേഗം മടങ്ങി. എന്നാൽ മുഹമ്മദ് ഇനാന്റെ(19പന്തിൽ 28 റൺസ്) വെടിക്കെട്ട് പ്രകടനത്തിൽ ഇന്ത്യ 393 ലെത്തി.