ന്യൂസീലന്‍ഡ് ഓപ്പണര്‍ ഫിന്‍ അലന്റെ ബാറ്റിങ് താണ്ഡവമായിരുന്നു ഡനീഡനിലെ യൂണിവേഴ്‌സിറ്റി ഓവല്‍ സ്‌റ്റേഡിയത്തില്‍ ബുധനാഴ്ച കണ്ടത്. 62 പന്തില്‍ 137 റണ്‍സ്. 16 സിക്‌സുകള്‍, ഒരോവറില്‍ 27 റണ്‍സ് തുടങ്ങി ഫിന്‍ അലന്റെ ബാറ്റില്‍നിന്ന് തലങ്ങും വിലങ്ങും പന്ത് പറന്നുകൊണ്ടിരുന്നു. ഫലത്തില്‍ പാകിസ്താനെതിരേ ന്യൂസീലന്‍ഡിന് 45 റണ്‍സിന്റെ ജയം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ മൂന്ന് കളികളും ജയിച്ച് ന്യൂസീലന്‍ഡ് പരമ്പര നേടി. 

To advertise here,

മൂന്നാം ടി20-യില്‍ ആദ്യം ബാറ്റുചെയ്ത ന്യൂസീലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തു. പാകിസ്താന്റെ മറുപടി 20 ഓവറില്‍ ഏഴ് വിക്കറ്റിന് 179-ല്‍ അവസാനിച്ചു. മത്സരത്തില്‍ ഫിന്‍ അലന്റെ ഇന്നിങ്‌സാണ് ഏറ്റവും വേറിട്ടുനിന്നത്. ഹാരിസ് റൗഫിന്റെ ഒരോവറില്‍ 27 റണ്‍സാണ് അടിച്ചെടുത്തത്.
മൂന്ന് സിക്‌സും രണ്ട് ഫോറും ഒരു സിംഗിളും ഉള്‍പ്പെടെയുള്ള ഇന്നിങ്‌സായിരുന്നു ഇത്. 

16 സിക്‌സും അഞ്ച് ഫോറുകളും ചേര്‍ന്നതായിരുന്നു അലന്റെ 137. ടി20-യിലെ ഒരു ന്യൂസീലന്‍ഡുകാരന്റെ ഏറ്റവും മികച്ച സ്‌കോറാണിത്. ബ്രന്‍ഡന്‍ മക്കല്ലത്തിന്റെ പേരിലുള്ള റെക്കോഡാണ് തകര്‍ത്തത്. ടി20യിലെ ഒരു ഇന്നിങ്‌സില്‍ 16 സിക്‌സുകള്‍ എന്ന അഫ്ഗാനിസ്താന്റെ ഹസ്രത്തുള്ള സസായുടെ റെക്കോഡിനൊപ്പമെത്താനും ഫിന്‍ അലനായി. 

പാക് പേസര്‍ ഹാരിസ് റൗഫിനാണ് കണക്കിന് കിട്ടിയത്. റൗഫിനെ ആദ്യ പന്തില്‍ തന്നെ സിക്‌സടിച്ചാണ് ഫിന്‍ അലന്‍ സ്വാഗതം ചെയ്തത്. പിന്നാലെയുള്ള രണ്ട് പന്തുകളില്‍ രണ്ട് ഫോര്‍. വീണ്ടും രണ്ട് സിക്‌സ്. അവസാന പന്തില്‍ സിംഗിള്‍... രണ്ടാം ഓവറില്‍ റൗഫ് ആകെ വാങ്ങിക്കൂട്ടിയത് 27 റണ്‍സ്. മത്സരത്തിലാകെ നല് ഓവര്‍ എറിഞ്ഞ റൗഫ് വഴങ്ങിയത് 60 റണ്‍സ്.