മാഞ്ചെസ്റ്റർ: കോവിഡ് തുടങ്ങിയശേഷം ശക്തമായ സുരക്ഷാ സംവിധാനങ്ങളുമായി ഒരു ടെസ്റ്റ് പരമ്പര വിജയകരമായി നടത്തിയതിന്റെ ആത്മവിശ്വാസത്തിൽ, മറ്റൊരു പരമ്പരയ്ക്ക് ഇംഗ്ലണ്ട് ബുധനാഴ്ച ഇറങ്ങുന്നു.

To advertise here,

പാകിസ്താനെതിരായ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യം മത്സരം വൈകീട്ട് 3.30 മുതൽ മാഞ്ചെസ്റ്ററിലെ ഓൾഡ് ട്രാഫഡിൽ. കഴിഞ്ഞമാസം വെസ്റ്റിൻഡീസിനെതിരായ മൂന്നു ടെസ്റ്റുകളുടെ പരമ്പര ഇംഗ്ലണ്ട് (2-1) ജയിച്ചിരുന്നു.

ഐ.സി.സി. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ് ഈ പരമ്പരയും. പരമ്പര നേടിയാൽ ഓസ്ട്രേലിയയെ മറികടന്ന് ഇംഗ്ലണ്ട് പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തും. പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള പാകിസ്താന് ഒരു ടെസ്റ്റ് ജയിച്ചാൽ നാലാംസ്ഥാനത്തുള്ള ന്യൂസീലൻഡിന് ഒപ്പമെത്താം.

കണക്കിൽ പാകിസ്താൻ

സമീപനാളുകളിൽ ഉജ്ജ്വല ഫോമിലാണ് ഇംഗ്ലണ്ട്. പക്ഷേ, പാകിസ്താനെതിരേ, സ്വന്തം നാട്ടിൽ അവർക്ക് നല്ല റെക്കോഡല്ല. 2010-നു ശേഷം പാകിസ്താൻ ഇംഗ്ലണ്ടിൽ പരമ്പര തോറ്റിട്ടില്ല. 2010-ൽ പാകിസ്താൻ ജയിച്ചപ്പോൾ (21) 2016, 2018 വർഷങ്ങളിൽ ഓരോ പരമ്പര സമനിലയായി. ഇതിനിടെ 2012, 2015 വർഷങ്ങളിൽ യു.എ.ഇ.യിൽവെച്ചും ഇംഗ്ലണ്ടിനെ തോൽപ്പിച്ചു. ചുരുക്കത്തിൽ, ഒരു പതിറ്റാണ്ടിനിടെ പാകിസ്താനെതിരേ ഒരു പരമ്പരയും ജയിക്കാൻ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടില്ല.

'തോറ്റ്' തുടങ്ങുന്ന ഇംഗ്ലണ്ട്

പരമ്പരയിലെ ആദ്യ മത്സരം തോൽക്കുക എന്നൊരു പതിവുകൂടി ഇംഗ്ലണ്ടിനുണ്ട്. കഴിഞ്ഞമാസം വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റിൽ ഉൾപ്പെടെ, കഴിഞ്ഞ പത്തു പരമ്പരകളിലെ എട്ടെണ്ണത്തിലും ആദ്യ മത്സരം ഇംഗ്ലണ്ട് തോറ്റിരുന്നു. അതുകൊണ്ടുതന്നെ ബുധനാഴ്ച ഇറങ്ങുമ്പോൾ പാകിസ്താന് ആത്മവിശ്വാസം നൽകുന്ന ഘടകങ്ങൾ ഏറെയുണ്ട്.

ആരെ തള്ളും...ആരെ കൊള്ളും?

മികച്ച പേസ് ബൗളർമാർ അധികമായതാണ് ഇപ്പോൾ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പ്രതിസന്ധി. അത്യുജ്ജ്വല ഫോമിൽ നിൽക്കുന്ന ആറ് പേസ് ബൗളർമാർ ഇലവനിൽ ഇടംനേടാനായി മത്സരിക്കുന്നു. ജയിംസ് ആൻഡേഴ്സൻ, സ്റ്റുവർട്ട് ബ്രോഡ്, ക്രിസ് വോക്സ്, ജോഫ്ര ആർച്ചർ, മാർക് വുഡ്, സാം കറൻ എന്നിവർ. പേസ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സുമുണ്ട്.

വെറ്ററൻ ബൗളർമാരായ ആൻഡേഴ്സനും ബ്രോഡും ടെസ്റ്റിൽ 500 വിക്കറ്റ് തികച്ചവർ. ആർച്ചറും വോക്സും വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റിൽ ഓരോ സാഹചര്യത്തിൽ ടീമിന്റെ രക്ഷകരായി.

പേസർമാർക്ക് തുല്യ അവസരം നൽകാൻ ഇംഗ്ലണ്ട് കുറച്ചുകാലമായി റൊട്ടേഷൻ സമ്പ്രദായത്തിലാണ് കളിക്കുന്നത്. വെസ്റ്റിൻഡീസിനെതിരേ, ആദ്യ ടെസ്റ്റിൽ ആൻഡേഴ്സൻ, മാർക് വുഡ്, ജോഫ്ര ആർച്ചർ എന്നിവർ ഇറങ്ങി. ടീമിൽ ഇടംകിട്ടാത്തതിൽ സ്റ്റുവർട്ട് ബ്രോഡ് പ്രതിഷേധിച്ചു. പിന്നീട് രണ്ട് ടെസ്റ്റിൽ ബ്രോഡ് 16 വിക്കറ്റെടുത്തു. രണ്ടാം ടെസ്റ്റിൽ ആൻഡേഴ്സനെ പുറത്തിരുത്തി. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് ആർച്ചറെ വിലക്കുകയും ചെയ്തു. ആർച്ചറും ആൻഡേഴ്സനും തിരിച്ചെത്തിയതോടെ മൂന്നാം ടെസ്റ്റിൽ മാർക് വുഡിനും സാം കറനും ഇടംകിട്ടിയില്ല.

Content Highlights: England vs Pakistan 1st Test at Old Trafford ground in Manchester