ദുബായ്: ഏഷ്യാ കപ്പിലെ ശ്രീലങ്കന്‍ ജയം ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം സന്തോഷിപ്പിക്കുകയാണ്. ഞായറാഴ്ച ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ പാകിസ്താനെ 23 റണ്‍സിന് പരാജയപ്പെടുത്തിയായിരുന്നു ലങ്കയുടെ ആറാം ഏഷ്യാ കപ്പ് നേട്ടം. ടോസ് അതിനിര്‍ണായകമായ ദുബായ് പിച്ചില്‍ ടോസ് നഷ്ടപ്പെട്ട ശേഷമാണ് ലങ്ക വിജയം പിടിച്ചെടുത്തത്.

To advertise here,

അഫ്ഗാനിസ്താന്‍ പോലും കപ്പടിക്കുമെന്ന് പറഞ്ഞവര്‍ ശ്രീലങ്ക ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുമെന്ന് വിധിയെഴുതിയിരുന്നു. എന്നാല്‍ ആദ്യ മത്സരത്തിലൊഴികെ ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ലങ്ക ഒടുവില്‍ കിരീടവുമായാണ് മടങ്ങുന്നത്.

ഇപ്പോഴിതാ ടോസ് നഷ്ടപ്പെട്ടിട്ടും വിജയം നേടിയതില്‍ ഐപിഎല്‍ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിങ്‌സിനും പങ്കുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷാനക.

2021 ഐപിഎല്‍ ഫൈനലില്‍ ഇതേ വേദിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ചെന്നൈ നേടിയ വിജയമാണ് ലങ്കയ്ക്ക് പ്രചോദനമായതെന്ന് ഷാനക വെളിപ്പെടുത്തി.

''2021 ഐപിഎല്ലില്‍ ആദ്യം ബാറ്റ് ചെയ്ത് വിജയിച്ച ചെന്നൈയുടെ പ്രകടനമായിരുന്നു മനസില്‍. ഈ യുവതാരങ്ങള്‍ക്കു ദുബായിലെ സാഹചര്യങ്ങള്‍ നന്നായി അറിയാം. അഞ്ചു വിക്കറ്റുകള്‍ നഷ്ടമായ ശേഷം വാനിന്ദു ഹസരംഗയാണ് വലിയ വ്യത്യാസമുണ്ടാക്കിയത്. ചാമികയും ധനഞ്ജയ ഡിസില്‍വയും നന്നായി ബാറ്റ് ചെയ്തു. അവസാന പന്തിലെ ആ സിക്‌സറായിരുന്നു മത്സരത്തിന്റെ ഗതി നിര്‍ണയിച്ച ഘടകം.'' - ഷാനക മത്സര ശേഷം പറഞ്ഞു.

2021 ഐപിഎല്ലില്‍ ഇതേ വേദിയില്‍ കൊല്‍ക്കത്തയെ 27 റണ്‍സിന് പരാജയപ്പെടുത്തിയായിരുന്നു ചെന്നൈയുടെ കിരീട നേട്ടം. അന്ന് ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനയക്കപ്പെട്ട ചെന്നൈ 192 റണ്‍സ് അടിച്ചുകൂട്ടിയ ശേഷം കൊല്‍ക്കത്തയെ 165 റണ്‍സില്‍ ഒതുക്കുകയായിരുന്നു.