ചെന്നൈ: ട്രേഡ് ഡീല്‍ വഴി ടീമിലെത്തിച്ചെങ്കിലും മലയാളി താരം സഞ്ജു സാംസണ്‍ അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കില്ല. ടീമിനെ യുവതാരം ഋതുരാജ് ഗെയ്ക്വാദ് നയിക്കുമെന്ന് ചെന്നൈ വ്യക്തമാക്കി. സഞ്ജു ചെന്നൈ ക്യാപ്റ്റനായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഫ്രാഞ്ചൈസി വിഷയത്തില്‍ വ്യക്തതവരുത്തിയത്.

To advertise here,

സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഗെയ്ക്വാദ് തന്നെ നായകനാകുമെന്ന് ചെന്നൈ പ്രഖ്യാപിച്ചത്. താരത്തിന്റെ ചിത്രം പങ്കുവെച്ച് നായകന്‍ ഗെയ്ക്വാദ് തന്നെയെന്ന് ചെന്നൈ സ്ഥിരീകരിച്ചു. 2024 ലാണ് താരം ചെന്നൈയുടെ നായകകുപ്പായം അണിയുന്നത്. കഴിഞ്ഞ സീസണില്‍ ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തായതോടെ ധോനി നായകനായി തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ ക്യാപ്റ്റന്‍സിയില്‍ മാറ്റമില്ലെന്ന് അടിവരയിടുകയാണ് ചെന്നൈ.

https://www.facebook.com/photo/?fbid=1307733454731769&set=pb.100064853791417.-2207520000

2019 മുതല്‍ ചെന്നൈയുടെ നെടുംതൂണാണ് ഋതുരാജ്. അന്ന് ലേലത്തില്‍ 20 ലക്ഷത്തിനാണ് താരം ടീമിലെത്തുന്നത്. 2022 സീസണിന് മുന്നോടിയായി 6 കോടിക്ക് ടീം നിലനിര്‍ത്തി. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ടീമിന്റെ നായകനുമായി. ചെന്നൈക്കായി 71 മത്സരങ്ങളില്‍ നിന്നായി 2502 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. രണ്ട് സെഞ്ചുറിയും 20 അര്‍ധസെഞ്ചുറിയുമുണ്ട്.

ശനിയാഴ്ച രാവിലെയാണ് സഞ്ജുവിനെ ടീമിലെത്തിച്ചതായി ചെന്നൈ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. പകരം രവീന്ദ്ര ജഡേജയും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറനും രാജസ്ഥാന്‍ റോയല്‍സിലെത്തി.എം.എസ്. ധോനിക്ക് ശേഷമുള്ള ഒരു കാലഘട്ടത്തിലേക്കുള്ള ഒരുക്കമായാണ് ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കിയത്. സഞ്ജു സാംസണ്‍ 2021 മുതല്‍ രാജസ്ഥാനെ നയിക്കുന്നുണ്ട്. ആ വര്‍ഷം ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്തു. ജഡേജയാവട്ടെ, 2012 മുതല്‍ സിഎസ്‌കെയുടെ കൂടെയുണ്ട്. ടീമിന്റെ മൂന്ന് കിരീടനേട്ടങ്ങളില്‍പങ്കാളിയുമാണ്.