
ലോകമെങ്ങുമുള്ള കാഴ്ചക്കാര്‍ക്ക് സ്റ്റേഡിയങ്ങളില്‍ ആഹ്ലാദാരവങ്ങളുടെ അലകളുയര്‍ത്തുന്ന ഇഷ്ടവിനോദമാണ് ക്രിക്കറ്റെങ്കില്‍, കശ്മീരിലെ അനന്തനാഗിനും കുദ്ഗാമിനും സന്‍ഗമിനും കളിയല്ല ക്രിക്കറ്റ്. രാജ്യ-രാജ്യാന്തര വേദികളിലെ കളിയിരമ്പങ്ങള്‍ക്ക് കാരണമായ ക്രിക്കറ്റ് ബാറ്റുകള്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളാണ് കശ്മീരിലെ ഈ ഗ്രാമങ്ങള്‍. ക്രിക്കറ്റ് ബാറ്റുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വില്ലോ മരങ്ങള്‍ ലണ്ടന്‍ കഴിഞ്ഞാല്‍ പിന്നീട് കിളിര്‍ക്കുന്നത് ഈ മണ്ണിലാണ്. ലണ്ടന്‍ വില്ലോ മരങ്ങളും കാശ്മീര്‍ വില്ലോ മരങ്ങളുമാണ് ലോകത്തിന് കളിക്കാന്‍ ക്രിക്കറ്റ് ബാറ്റ് ഒരുക്കുന്നത്. കാശ്മീരിലും പാക്അധീന കശ്മീര്‍ പ്രദേശങ്ങളിലുമാണ് സാലിക്സ് അല്‍ബ കെയേറുലിയ എന്ന് ശാസ്ത്രനാമമുള്ള വില്ലോ മരങ്ങള്‍ വളരുന്നത്. ഇന്ത്യക്ക് പുറത്ത് യു.കെയിലും.

ടൂറിസം, കൃഷി എന്നിവ കഴിഞ്ഞാല്‍ കശ്മീരിലെ പ്രധാന വരുമാന മാര്‍ഗം ക്രിക്കറ്റ് ബാറ്റ് നിര്‍മാണമാണ്. 700 കോടി രൂപയുടെ മൂല്യമുള്ള ഈ ചെറുകിട വ്യവസായം ഒന്നര ലക്ഷം തൊഴില്‍ അവസരങ്ങളാണ് സൃഷ്ടിക്കുന്നത്.
ബാറ്റുകളുടെ ഇന്ത്യന്‍ ജീവചരിത്രം

ലണ്ടന്‍ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ബാറ്റ് നിര്‍മാതാക്കള്‍ കശ്മീരിലാണ്. ലണ്ടന്‍ വില്ലോ മരങ്ങളും കശ്മീര്‍ വില്ലോ മരങ്ങളുമാണ് ക്രിക്കറ്റ് ബാറ്റുകളെ കടഞ്ഞെടുക്കുന്നത്. ക്രിക്കറ്റ് കളി ഇന്ത്യയിലെത്തിച്ച ബ്രിട്ടീഷുകാര്‍ തന്നെയാണ് ക്രിക്കറ്റ് ബാറ്റ് നിര്‍മാണത്തിനും രാജ്യത്ത് അരങ്ങൊരുക്കിയത്. ഇന്ത്യയിലെ ബാറ്റ് നിര്‍മാണത്തിന്റെ ചരിത്രം അങ്ങനെ 19-ാം നൂറ്റാണ്ടിലേക്ക് നീളുന്നു. ഇപ്പോള്‍ പാകിസ്താന്റെ ഭാഗമായ സിയാല്‍കോട്ട് എന്ന പ്രദേശത്ത് ജീവിച്ചിരുന്ന അല്ലാ ബക്ഷ് എന്ന ഒരു വ്യവസായിയാണ് ആദ്യമായി അനന്ത്നാഗ് ജില്ലയിലെ ബിജ്ബേഹാര മേഖലയിലെ ഹല്‍മുള്ള പ്രദേശത്ത് ക്രിക്കറ്റ് ബാറ്റ് നിര്‍മാണ യൂണിറ്റ് ആദ്യമായി സ്ഥാപിച്ചത്. ഈ മേഖലയില്‍ താവളമടിച്ചിരുന്ന ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരമായിരുന്നു ആദ്യ നിര്‍മാണം. ഇംഗ്ലണ്ടില്‍നിന്ന് സാങ്കേതിക വിദ്യയും എത്തി. തുടര്‍ന്ന് അനന്ത്‌നാഗ്, പുല്‍വാമ ജില്ലകളിലായി ഇന്ത്യന്‍ ക്രിക്കറ്റ് ബാറ്റ് നിര്‍മാണ വ്യവസായം പതുക്കെ പടര്‍ന്നു. ഇപ്പോള്‍ ഇംഗ്ലീഷ് വില്ലോ മരങ്ങള്‍ കൊണ്ട് നിര്‍മിച്ച ബാറ്റുകള്‍ക്കൊപ്പം പ്രിയങ്കരമാണ് കളിക്കാര്‍ക്ക് കശ്മീര്‍ വില്ലോ മരങ്ങളില്‍ തീര്‍ത്ത ബാറ്റുകള്‍. ഇന്ത്യന്‍ ടീമംഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ച കളിയുപകരണങ്ങളാണ് പതിവായി ഉപയോഗിക്കുന്നത്. അഫ്ഗാനിസ്താന്‍ ടീം കശ്മീരി ബാറ്റുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ ബാറ്റുകള്‍ക്ക് ലോക കമ്പോളത്തില്‍ വീണ്ടും പ്രിയമേറി.
കശ്മീരില്‍ നാനൂറോളം ബാറ്റ് നിര്‍മാണ യൂണിറ്റുകളുണ്ട്. പ്രതിവര്‍ഷം മുപ്പത് ലക്ഷം ബാറ്റുകള്‍ നിര്‍മിക്കുന്നു. 2021-ല്‍ മാത്രം കശ്മീരില്‍നിന്ന് 35,000 ബാറ്റുകള്‍ വിദേശത്തേക്ക് കയറ്റി അയച്ചു. 2022-ല്‍ 1,35,000 ബാറ്റുകള്‍, 2023-ല്‍ 1,95,000 ബാറ്റുകള്‍ എന്നിങ്ങനെയായിരുന്നു കയറ്റുമതി.

കനം കുറവ്, കരുത്തേറെ
ക്രിക്കറ്റ് ബാറ്റ് നിര്‍മിക്കാന്‍ എന്തുകൊണ്ടാണ് വില്ലോ മരങ്ങള്‍ ഉപയോഗിക്കുന്നത്? ''വില്ലോ മരങ്ങള്‍ക്ക് കനം കുറവാണ്. എന്നാല്‍ കാര്യമായ കരുത്തുണ്ട്. ഇക്കാരണങ്ങളാലാണ് വില്ലോ മരങ്ങള്‍ ക്രിക്കറ്റ് ബാറ്റ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. നിര്‍മാണത്തിനായി മരങ്ങള്‍ കംപ്രസ് ചെയ്യുമ്പോള്‍ പൊട്ടിപ്പൊളിഞ്ഞു പോകില്ല എന്നതാണ് സവിശേഷത. കംപ്രസ് ചെയ്ത ശേഷവും മരം പഴയ നിലയിലേക്ക് തിരിച്ചു വരും''-അനന്ത്നാഗിലെ സന്‍ഗം എന്ന ക്രിക്കറ്റ് ബാറ്റ് വ്യവസായ മേഖലയില്‍ കാലങ്ങളായി കുടുംബ ബിസിനസ് എന്ന നിലയില്‍ ബാറ്റ് നിര്‍മാണ ഫാക്ടറി നടത്തുന്ന ഗുഡ്ലക് സ്പോര്‍ട്ട്സ് ഇന്‍ഡസ്ട്രീസ് ഉടമ സമീര്‍ പറയുന്നു. ഗവേഷകര്‍ക്കും സഞ്ചാരികള്‍ക്കും കണ്ടറിയാനായി ബാറ്റ് നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ ക്രമത്തില്‍ വിശദീകരിക്കുന്നതിനുള്ള സംവിധാനവും സമീറിന്റെ ഫാക്ടറിയില്‍ ഒരുക്കിയിട്ടുണ്ട്.
വില്ലോ മരങ്ങള്‍ നട്ടുവളര്‍ത്തുന്ന പ്രദേശങ്ങളിലെത്തി യുക്തമായ മരങ്ങള്‍ കണ്ടെത്തലാണ് നിര്‍മാണത്തിന്റെ ആദ്യ പടി. കര്‍ഷകര്‍ക്ക് വില കൊടുത്ത് മരങ്ങള്‍ വാങ്ങുന്നു. അതിനുശേഷം ഈ മരങ്ങള്‍ ആവശ്യത്തിനുള്ള കഷണങ്ങളായി മുറിച്ച് ഒരുവര്‍ഷം ഉണക്കാന്‍ വയ്ക്കും. ലണ്ടനില്‍ ഇത് സീസണ്‍ അനുസരിച്ച് നട്ടുവളര്‍ത്തുന്ന മരങ്ങളാണ്. എന്നാല്‍ കശ്മീരില്‍ അങ്ങനെയല്ലെന്ന് സമീര്‍ പറയുന്നു.

നിര്‍മാണത്തെക്കുറിച്ച് സമീര്‍ പറയുന്നത് കേള്‍ക്കുക:
20-25 വര്‍ഷമാണ് ഒരു വില്ലോ ചെടി വളര്‍ന്ന് ഉപയുക്തമായ മരമാകാനുള്ള കാലാവധി. മരം എത്രത്തോളം വണ്ണം വയ്ക്കുന്നുവോ അത്രത്തോളം നിര്‍മാണത്തിന് നല്ലതായിരിക്കും. ഒരു കഷണം തടിയില്‍നിന്ന് നാല് ബാറ്റുകള്‍ നിര്‍മിക്കാന്‍ കഴിയും. മരങ്ങള്‍ ഉണക്കിയ ശേഷം വി ഷേപ്പില്‍ മുറിക്കും. തുടര്‍ന്ന് യന്ത്രത്താലും കൈകള്‍ കൊണ്ടും ഷേപ്പ് നല്‍കും. വന്‍കിട ബ്രാന്‍ഡുകള്‍ക്കായാണ് ഞങ്ങള്‍ ബാറ്റുകള്‍ നിര്‍മിച്ച് നല്‍കുന്നത്. അവര്‍ ബള്‍ക് ഓര്‍ഡറുകള്‍ തരും. ടെന്നീസ് ബാള്‍ ബാറ്റ്, ഹാര്‍ഡ് ബോള്‍ ബാറ്റ് എന്നിങ്ങനെ വിവിധ തരം ബാറ്റുകള്‍ നിര്‍മിക്കാറുണ്ട്. ഗുണനിലവാരമനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. ടെന്നീസ് ബാള്‍ ബാറ്റിന് 500 രൂപ മുതല്‍ 1200 രൂപ വരെയും ഹാര്‍ഡ്ബാള്‍ ബാറ്റിന് 1500 രൂപ മുതല്‍ 4000 രൂപവരെയുമാണ് ഞങ്ങള്‍ വാങ്ങുന്നത്. എന്നാല്‍ ഇവ രാജ്യ-രാജ്യാന്തര മാര്‍ക്കറ്റുകളില്‍ വന്‍കിട ബ്രാന്‍ഡുകളുടെ ലോഗോ പതിച്ച് എത്തുമ്പോള്‍ വില പലമടങ്ങ് വര്‍ധിക്കും.
രാജ്യത്തിനുള്ളിലെ ബ്രാന്‍ഡുകള്‍ക്ക് വില്‍ക്കുന്നത് കൂടാതെ കയറ്റുമതിയുമുണ്ട്.വന്‍കിട ബ്രാന്‍ഡ് കമ്പനികള്‍ ഓര്‍ഡര്‍ നല്‍കും.ബ്രാന്‍ഡുകളുടെ ലോഗോ സ്റ്റിക്കറും പ്രൈസ് ടാഗും പതിച്ചാണ് കമ്പനികള്‍ക്ക് കൈമാറുന്നത്.ഇതോടൊപ്പം,ഞങ്ങള്‍ക്ക് ഞങ്ങളുടേതായ പ്രാദേശിക ബ്രാന്‍ഡുകളുമുണ്ട്.
ക്രിക്കറ്റ് ബാറ്റ് നിര്‍മാണം കുടുംബ ബിസിനസാണ്. ബ്രിട്ടീഷ് കാലം മുതല്‍ ഈ മേഖലയുടെ ജീവിതമാര്‍ഗം ക്രിക്കറ്റ് ബാറ്റ് നിര്‍മാണമാണ്. വില്ലോ മരങ്ങള്‍ കര്‍ഷകരുടേതാണ്. അവരുടെ കയ്യില്‍നിന്ന് മരങ്ങള്‍ വില കൊടുത്ത് വാങ്ങുകയാണ് രീതി. എന്നാല്‍ ഇപ്പോള്‍ വില്ലോ മരങ്ങളുടെ കൃഷി കുറഞ്ഞുതുടങ്ങി. കര്‍ഷകര്‍ ഹ്രസ്വകാലം കൊണ്ട് നല്ല വിളയും നല്ല വിലയും കിട്ടുന്ന കാര്‍ഷികോത്പന്നങ്ങളിലേക്ക് കൃഷി മാറ്റിക്കൊണ്ടിരിക്കുകയാണ്. വില്ലോ മരങ്ങള്‍ തയ്യാറാകാന്‍ ദീര്‍ഘകാലം വേണ്ടിവരുമല്ലോ.

മാത്രമല്ല, സര്‍ക്കാര്‍ ഈ ചെറുകിട വ്യവസായത്തെ സംരക്ഷിക്കാന്‍ കാര്യമായ സഹായങ്ങളൊന്നും നല്‍കുന്നില്ല. കൃഷി കുറഞ്ഞതോടെ, മരങ്ങള്‍ കിട്ടാന്‍ പ്രയാസമായിത്തുടങ്ങി. ബാറ്റിന് മേല്‍ 12 ശതമാനം ജി.എസ്.ടിയുമുണ്ട്. ഉത്പാദനത്തിന് അനിവാര്യമായ വൈദ്യുതി കിട്ടാന്‍ പ്രയാസം. വൈദ്യുതിക്ഷാമം രൂക്ഷം. പത്ത് മണിക്കൂറെങ്കിലും തുടര്‍ച്ചയായി വൈദ്യുതി ലഭിച്ചാല്‍ മാത്രമേ ഈ വ്യവസായം പിടിച്ചുനില്‍ക്കൂ. ഇത് ഘട്ടംഘട്ടമായി നിര്‍മിക്കേണ്ട ഉത്പന്നമാണ്. വൈദ്യുതി വന്നും പോയുമിരിക്കുന്നത് നിര്‍മാണത്തെ ബാധിക്കും.
അനന്ത്‌നാഗ് മേഖലയില്‍ ഇരുന്നൂറ് ഫാക്ടറികളുണ്ട്. അനന്ത്നാഗിലും പുല്‍വാമയിലുമാണ് ഈ വ്യവസായം കേന്ദ്രീകരിച്ചിരിക്കുന്നത്. എങ്കിലും ഇതിന് പുറത്ത് ജമ്മു, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെല്ലാം ക്രിക്കറ്റ് ബാറ്റ് നിര്‍മാണ ഫാക്ടറികളുണ്ട്. എന്നാല്‍ കശ്മീരില്‍നിന്ന് വില്ലോ മരത്തടികള്‍ അനധികൃതമായി കടത്തിക്കൊണ്ടുപോയാണ് അവിടെയെല്ലാം നിര്‍മിക്കുന്നത്. ഈ മരങ്ങള്‍ കശ്മീരില്‍ മാത്രമേ വളരുകയുള്ളൂ. ഇവിടെനിന്ന് കശ്മീര്‍ വില്ലോ മരങ്ങള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതിയില്ല. അതിനാല്‍ ഇവിടെനിന്ന് അനധികൃതമായി മരം കൊള്ളയടിച്ച് കടത്തിക്കൊണ്ടുപോയാണ് മറ്റ് സ്ഥലങ്ങളില്‍ വ്യവസായം നടത്തുന്നത്-സമീര്‍ പറഞ്ഞു.

വിക്കറ്റ് വീഴ്ച
.........................
പലവിധ പ്രതിസന്ധികളുണ്ടാക്കുന്ന വിക്കറ്റ് വീഴ്ചകളിലാണ് കശ്മീരിലെ ക്രിക്കറ്റ് ബാറ്റ് നിര്‍മാണ വ്യവസായമെന്ന് സമീറും സുഹൃത്തുക്കളും പറഞ്ഞു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും ബാറ്റ് വ്യവസായം നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചാ വിഷയമായിരുന്നു. സമീര്‍ പറഞ്ഞതു പോലെ, ബാറ്റ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വില്ലോ മരങ്ങളുടെ കുറവ് ഈ വ്യവസായത്തെ ബാധിച്ചിട്ടുണ്ട്. നല്ല മരങ്ങളുടെ അഭാവം ഗുണനിലവാരത്തെ ബാധിക്കുന്നു. ഗുണനിലവാരമുള്ള വില്ലോ മരങ്ങള്‍ കണ്ടെത്താനുള്ള വൈദഗ്ധ്യക്കുറവാണ് മറ്റൊരു കാരണം. ഇത്തരത്തില്‍ ഗുണനിലവാരം കുറഞ്ഞ വില്ലോ മരങ്ങള്‍ ഉപയോഗിക്കുന്നത് കശ്മീര്‍ ക്രിക്കറ്റ് ബാറ്റ് നിര്‍മാണ മേഖലയ്ക്ക് പേരുദോഷമുണ്ടാക്കുന്നുമുണ്ട്.
കഴിഞ്ഞ 30 വര്‍ഷങ്ങളായി കശ്മീരില്‍ സര്‍ക്കാര്‍ ഭൂമിയില്‍ വില്ലോ മരങ്ങള്‍ വളര്‍ത്തിയിട്ടില്ലെന്ന് വ്യവസായികള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് മരം ലഭ്യതയെ ബാധിച്ചിട്ടുണ്ട്. ഇതിനുപകരം പെന്‍സില്‍, പ്ലൈവുഡ് തുടങ്ങിയ വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കുന്ന പോപ്ലാര്‍ മരങ്ങള്‍ കശ്മീരില്‍ വ്യാപകമായി. വില്ലോ മരങ്ങള്‍ വളരാന്‍ 20 മുതല്‍ 25 വര്‍ഷം വരെ ആവശ്യമെങ്കില്‍, പോപ്ലാര്‍ മരങ്ങള്‍ക്ക് 7 മുതല്‍ 12 വര്‍ഷംവരെ മതി. വരുമാനവും പോപ്ലാര്‍ മരങ്ങള്‍ക്ക് അധികം ലഭിക്കും.
നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും കശ്മീരി വില്ലോ മരങ്ങള്‍ വന്‍തോതില്‍ കള്ളക്കടത്ത് നടത്തുന്നുണ്ട്. ഇത് തടയാന്‍ 2021-ല്‍ കര്‍ശന നിയമം കൊണ്ടുവന്നെങ്കിലും നടപ്പാകുന്നില്ല. കാലാവസ്ഥാ മാറ്റം, അമിത വിളവെടുപ്പ്, പരമ്പരാഗത കൃഷി രീതിയുടെ അഭാവം തുടങ്ങിയ കാരണങ്ങളാല്‍ വില്ലോ മരങ്ങളുടെ ക്ഷീണം വര്‍ധിച്ചു. പരിഹാരം തേടി ബാറ്റ് വ്യവസായ സംഘടനാ പ്രതിനിധികള്‍ പലവട്ടം ഭരണകൂടങ്ങളെ കണ്ടെങ്കിലും പരിഹാരമുണ്ടായില്ല.
എങ്കിലും സര്‍ക്കാരുകള്‍ നടത്തിയ ചില ഇടപെടലുകളിലൂടെ വില്ലോ മരങ്ങളുടെ പ്രതിസന്ധി കണ്ടെത്താന്‍ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ക്രിക്കറ്റ് ബാറ്റ് നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കാനായി സര്‍ക്കാര്‍ വില്ലോ മരത്തടിയുടെ കയറ്റുമതി നിയന്ത്രിച്ചിട്ടുണ്ട്. ഏറ്റവും മികച്ച വില്ലോ മരങ്ങള്‍ വളരുന്ന മേഖല, ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കശ്മീരിലെ ഫാക്കല്‍ട്ടി ഓഫ് ഫോറസ്ട്രി കണ്ടെത്തിയിട്ടുണ്ട്. കാശ്മീരില്‍ ഏറ്റവും നല്ല വില്ലോ മരങ്ങള്‍ വളരുന്നത് പുല്‍വാമ, ഷാലെബാഗ്, സോപോര്‍ എന്നീ മേഖലകളിലാണെന്ന് ഫാക്കല്‍ട്ടി പറയുന്നു.

നിര്‍മാണച്ചെലവിന് ആനുപാതികമായി വില ലഭിക്കാത്തതും ബാറ്റ് നിര്‍മാണ വ്യവസായത്തെ പിന്നോട്ടടിക്കുന്നുണ്ട്. ദേശീയ-അന്തര്‍ദേശീയ കമ്പോളങ്ങളില്‍ ലഭിക്കുന്ന വിലയ്ക്ക് ആനുപാതികമായ വില കശ്മീരിലെ ക്രിക്കറ്റ് യൂണിറ്റുകള്‍ക്ക് ലഭിക്കുന്നില്ല എന്ന് നിര്‍മാതാക്കള്‍ പറയുന്നു. കമ്പോളത്തില്‍ വന്‍വിലയ്ക്ക് ബാറ്റുകള്‍ വില്‍ക്കുമ്പോള്‍ 500 മുതല്‍ 3000 രൂപവരെയാണ് കാശ്മീരിലെ ഉത്പാദകര്‍ക്ക് ലഭിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പിനുശേഷം അധികാരത്തിലെത്തുന്ന സര്‍ക്കാരിലാണ് കശ്മീരിലെ ക്രിക്കറ്റ് ബാറ്റ് നിര്‍മാതാക്കളുടെ പ്രതീക്ഷ.
Content Highlights: cricket bat making kashmir
Published: 10 Oct 2024, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented