ന്യൂഡല്‍ഹി: ക്രിക്കറ്റ് മൈതാനത്തേക്കുള്ള തിരിച്ചുവരവില്‍ ഉപയോഗിച്ചത് സഞ്ജു സാംസന് സമ്മാനിച്ച ബാറ്റെന്ന് വെളിപ്പെടുത്തി ശ്രീലങ്കന്‍ മുന്‍ സൂപ്പര്‍ താരം കുമാര്‍ സങ്കക്കാര. ഒരിടവേളയ്ക്കുശേഷം ലണ്ടനില്‍ വില്ലേജ് ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങിയപ്പോഴാണ് സങ്കക്കാരയുടെ വെളിപ്പെടുത്തല്‍. ക്രിക്കറ്റില്‍നിന്ന് വിരമിച്ചതിനുശേഷം ക്രിക്കറ്റ് സാമഗ്രികള്‍ സ്വന്തമായി കൈയിലുണ്ടായിരുന്നില്ലെന്നും അതിനാല്‍ സഞ്ജു സമ്മാനിച്ച ബാറ്റെടുക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നെന്നും സങ്കക്കാര പറഞ്ഞു.
വില്ലേജ് ക്രിക്കറ്റ് കളിക്കുന്നതിനായി ഇന്ത്യന്‍താരത്തിന്റെ രണ്ട് ബാറ്റുകളാണ് ഉപയോഗിക്കുന്നതെന്ന് രാജസ്ഥാന് റോയല്‍സ് പങ്കുവെച്ച വീഡിയോയില്‍ സങ്കക്കാര വ്യക്തമാക്കുന്നു. റോയല്‍സ് സ്പിന്‍ താരം യുസ്വേന്ദ്ര ചാഹല്‍ ക്രിക്കറ്റ് കിറ്റ് തരാമെന്ന് ഏറ്റിട്ടുണ്ടെന്നും അതിനായി കാത്തിരിക്കുന്നുവെന്നും സങ്കക്കാര പറഞ്ഞു.
തന്റെ ബാറ്റ് ഉപയോഗിക്കുന്നതിലെ സന്തോഷം പങ്കുവെച്ച് സഞ്ജു സാംസണും രംഗത്തെത്തി. 'കുമാര്‍ സങ്കക്കാര എന്റെ ബാറ്റ് ഉപയോഗിക്കുന്നു! ഹഹഹ... ഇതൊരു സ്വപ്നമാണ്' -സഞ്ജു സ്റ്റോറി പങ്കുവെച്ചു. സഞ്ജു ക്യാപ്റ്റന്‍സി വഹിക്കുന്ന രാജസ്ഥാന് റോയല്‍സിന്റെ പരിശീലകന്‍കൂടിയാണ് സങ്കക്കാര. ഇക്കഴിഞ്ഞ ഐ.പി.എലില്‍ ടീം പ്ലേഓഫിലെത്തിയിരുന്നു. ക്വാളിഫയര്‍ രണ്ടില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെട്ടാണ് രാജസ്ഥാന് പുറത്തായത്.
Content Highlights: kumar sangakkara plays with sanju samsons bat on comeback
Published: 18 Jul 2024, 05:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented