പോണ്ടിച്ചേരി; ക്രിക്കറ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയെന്നാരോപിച്ച് പരിശീലകനെ ക്രൂരമായി മര്‍ദിച്ച് യുവാക്കള്‍. പോണ്ടിച്ചേരി ക്രിക്കറ്റ് അസോസിയേഷന്‍, അണ്ടര്‍ 19 ടീമിന്റെ മുഖ്യ പരിശീലകനായ എസ്. വെങ്കട്ടരാമനാണ് മര്‍ദനമേറ്റത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് മൂന്ന് യുവാക്കള്‍ വെങ്കട്ടരാമനെ മര്‍ദിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് റിപ്പോര്‍ട്ട് ചെയ്തത്.

To advertise here,

ഡിസംബര്‍ എട്ടാം തീയതി രാവിലെയാണ് സംഭവം. പോണ്ടിച്ചേരി ക്രിക്കറ്റ് അസോസിയേഷന്‍ കോംപ്ലക്‌സിനുള്ളില്‍ വെച്ച് യുവാക്കള്‍ ബാറ്റ് ഉപയോഗിച്ച് വെങ്കട്ടരാമനെ ആക്രമിക്കുകയായിരുന്നു. ക്രിക്കറ്റ് താരങ്ങളായ കാർത്തികേയൻ, അരവിന്ദരാജൻ, സന്തോഷ് കുമാരൻ എന്നിവരാണ് തന്നെ മർദിച്ചതെന്നാണ് വെങ്കട്ടരാമൻ പരാതിയിൽ പറയുന്നത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫി സ്ക്വാഡിൽ തിരഞ്ഞെടുക്കാതിരുന്നതിന് കാരണം ഞാനാണെന്ന് അവർ പറഞ്ഞു. അരവിന്ദരാജൻ എന്നെ പിടിച്ചുനിർത്തി. സന്തോഷ് കുമാരൻ്റെ കയ്യിലുണ്ടായിരുന്ന ബാറ്റ് കാർത്തികേയൻ എടുത്ത് എന്നെ ആക്രമിച്ചു. കൊല്ലാനുള്ള ഉദ്ദേശത്തോടെയാണ് ആക്രമിച്ചതെന്നും താൻ മരിച്ചാൽ മാത്രമേ അവസരം കിട്ടൂവെന്ന് ഭാരതിദാസൻ പോണ്ടിച്ചേരി ക്രിക്കറ്റേഴ്സ് ഫോറം സെക്രട്ടറി ജി. ചന്ദ്രൻ പറഞ്ഞതായി പ്രതികൾ വെളിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.

ക്രൂരമായ മര്‍ദനത്തിന് പരിശീലകന്‍ ഇരയായതായാണ് വിവരം. അദ്ദേഹത്തിന് ഗുരുതരപരിക്കുകളുമുണ്ട്. തലയ്ക്കും തോളിനും പരിക്കേറ്റിട്ടുണ്ട്. നെറ്റിയില്‍ ഇരുപതോളം തുന്നലുണ്ട്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ ഒളിവിലാണ്.