
കറാച്ചി: ക്രിക്കറ്റില്‍ ഏകദിനമത്സരങ്ങളും കാണികളുടെ എണ്ണവും കുറഞ്ഞുകൊണ്ടിരിക്കുന്ന കാലത്ത് ഈ കളിയെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ മറ്റൊരു 'വണ്‍ഡേ വണ്ടര്‍' തുടങ്ങുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സി(ഐ.സി.സി.)ലിന്റെ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന് ബുധനാഴ്ച പാകിസ്താനില്‍ തുടക്കം. കറാച്ചിയില്‍നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ പാകിസ്താന്‍ ന്യൂസീലന്‍ഡിനെ നേരിടും. ഡേ-നൈറ്റ് മത്സരങ്ങളാണെല്ലാം. ഇന്ത്യന്‍സമയം ഉച്ചയ്ക്ക് 2.30-ന് തുടങ്ങും. വ്യാഴാഴ്ച ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ ആദ്യമത്സരം. പേര് ചാമ്പ്യന്‍സ് ട്രോഫി എന്നാണെങ്കിലും ലോകത്തെ പ്രധാന ക്രിക്കറ്റ് രാജ്യങ്ങളെല്ലാം പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ലോകകപ്പിന്റെ വീറും വാശിയും പ്രതീക്ഷിക്കാം.
ചാമ്പ്യന്‍സ് ട്രോഫിയുടെ ഒന്‍പതാമത് എഡിഷനാണിത്. അവസാനമായി 2017-ല്‍നടന്ന ടൂര്‍ണമെന്റിലെ ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാകിസ്താന്‍ കിരീടം നേടുകയായിരുന്നു. 1996 ലോകകപ്പിനുശേഷം പാകിസ്താന്‍ ആതിഥേയത്വംവഹിക്കുന്ന ആദ്യ ഐ.സി.സി. ടൂര്‍ണമെന്റാണിത്.
ട്വന്റി 20 ഫോര്‍മാറ്റിലും ചാമ്പ്യന്‍സ് ട്രോഫി നടക്കാറുണ്ടെങ്കിലും ഇക്കുറി 50 ഓവര്‍ മത്സരമായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ആതിഥേയര്‍ എന്നനിലയില്‍ പാകിസ്താന്‍ നേരിട്ട് യോഗ്യതനേടിയപ്പോള്‍ കഴിഞ്ഞ ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ ഏഴു റാങ്കുകാരും യോഗ്യതനേടി. ജേതാക്കള്‍ക്ക് 19.47 കോടി രൂപ സമ്മാനം ലഭിക്കും.
ഇന്ത്യ കളിക്കുന്നത് ദുബായില്‍
ആതിഥേയര്‍ പാകിസ്താനാണെങ്കിലും ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിലാണ്. പ്രാഥമികറൗണ്ടില്‍ ഇന്ത്യയെ നേരിടാന്‍ പാകിസ്താനും ദുബായിലെത്തും. സുരക്ഷാകാരണങ്ങളാല്‍ പാകിസ്താനില്‍ കളിക്കാനാകില്ലെന്ന് ഇന്ത്യ നിലപാടെടുത്തതോടെയാണ് നിഷ്പക്ഷവേദിയിലേക്ക് മത്സരം മാറ്റിയത്. ഇതിനെ പാകിസ്താന്‍ എതിര്‍ത്തെങ്കിലും ഒടുവില്‍ ഐ.സി.സി.യുടെ നിര്‍ദേശം അംഗീകരിക്കുകായിരുന്നു. ഇന്ത്യ നോക്കൗട്ടിലേക്ക് കടന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങളും ദുബായിലായിരിക്കും.
Content Highlights: champions trophy tournament starting today
Published: 19 Feb 2025, 09:41 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented