ലണ്ടന്‍: ചെറുപ്പത്തില്‍ പരിമിതമായ സ്ഥലസൗകര്യമുള്ളയിടങ്ങളില്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ടോ നിങ്ങള്‍? വിചിത്രമായ നിയമങ്ങളായിരിക്കും അവിടങ്ങളില്‍. അയലത്തെ വീടിന്റെ മേൽക്കൂരയിൽ പന്തുകൊണ്ടാല്‍ ഔട്ട്, മേലേ പറമ്പിലേക്ക് രണ്ടുതവണ ഉയര്‍ത്തിയടിച്ചാല്‍ ഔട്ട്, തെങ്ങിനപ്പുറം താഴ്ന്നുപോയാല്‍ ഫോറും ഉയര്‍ത്തിയടിച്ചാല്‍ ഔട്ടും തുടങ്ങി കളിക്കുന്ന സ്ഥലത്തെ ഭൂമിയുടെയും പരിസരങ്ങളുടെയും പ്രത്യേകതയ്ക്കനുസരിച്ച് ആ കളിയുടെ നിയമങ്ങളും മാറും. 

To advertise here,

ഗല്ലി ക്രിക്കറ്റെന്നോ കണ്ടം ക്രിക്കറ്റെന്നോ തമാശ രൂപേണ വിശേഷിപ്പിക്കുന്ന ഇത്തരം കളിനിയമങ്ങള്‍, ഉന്നതനിലവാരമുള്ള ക്ലബ്ബുകള്‍ക്ക് പ്രാവര്‍ത്തികമാക്കേണ്ടിവന്നാലോ? അതും രണ്ടര നൂറ്റാണ്ടിനടുത്ത് ക്രിക്കറ്റ് പാരമ്പര്യമുള്ള ക്ലബ്ബുകളില്‍. 234 വര്‍ഷം പഴക്കമുള്ള വെസ്റ്റ് സസക്‌സിലെ സൗത്ത്വിക് ആന്‍ഡ് ഷോര്‍ഹാം ഇംഗ്ലീഷ് ക്രിക്കറ്റ് ക്ലബ്ബിന് അത്തരത്തിലൊരു ഗല്ലി ക്രിക്കറ്റ് നിയമം കൊണ്ടുവരേണ്ടത് അനിവാര്യമായി വന്നിരിക്കുകയാണിപ്പോള്‍.

ക്ലബ്ബിന്റെ ബാറ്റര്‍മാര്‍ക്ക് തങ്ങളുടെ ഹോം ഗ്രൗണ്ടായ ദി ഗ്രീനില്‍ സിക്‌സടിക്കുന്നതിന് കനത്ത വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ചില മുന്‍ സിക്‌സുകള്‍ അയല്‍വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തിയത് പരിഗണിച്ചാണ് അധികൃതരുടെ തീരുമാനം. ടീമംഗങ്ങളുടെ പവര്‍ഫുള്‍ ഷോട്ട് ചെന്നുവീഴുന്നത് ഗ്രൗണ്ടിന് സമീപത്തെ വീടുകളുടെ മേല്‍ക്കൂരയിലും വാഹനങ്ങളുടെ ഗ്ലാസുകളിലുമൊക്കെയാണത്രേ. ഇതുകാരണം നിരവധി നഷ്ടങ്ങളുണ്ടാകുന്നു.

ഇതോടെ സിക്‌സടിക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചു. ഇനി ആരെങ്കിലും സിക്‌സടിച്ചാലും അതിന് റണ്‍ ലഭിക്കില്ല. രണ്ടാമതും സിക്‌സടിച്ചാല്‍ ഔട്ടായി മടങ്ങേണ്ടിവരും. 'മുന്‍പ് കാറുകള്‍ക്കും വീടുകള്‍ക്കും മേല്‍ക്കൂരകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഗ്രൗണ്ടില്‍ സിക്‌സറുകള്‍ നിരോധിക്കുക എന്ന തീരുമാനമെടുത്തിരിക്കുന്നു. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ വരുന്നതിന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനാല്‍ വിവേകപൂര്‍വം കാര്യങ്ങള്‍ ചെയ്യുക', സൗത്ത്‌വിക്ക് ക്ലബ്ബ് ട്രഷറര്‍ മാര്‍ക്ക് ബ്രോക്‌സപ്പ് പറഞ്ഞു. 

എന്നാല്‍ ക്ലബ്ബ് താരങ്ങള്‍ക്ക് ഇത് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. സിക്‌സ് അടിക്കുക എന്നതാണ് ക്രിക്കറ്റിന്റെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തമെന്നും ഇത് നിരോധിക്കുന്നത് അതിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തുമെന്നുമാണ് അവരുടെ വാദം. ഈ രീതിയിലുള്ള നിയമമാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സൗത്ത്‌വിക്ക് ബാറ്റര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഗ്രൗണ്ടിന് സമീപം താമസിക്കുന്ന മേരി ഗില്‍ എന്ന എണ്‍പതുകാരന്‍ തീരുമാനത്തെ സ്വാഗതംചെയ്തു. 'നിരോധനം നല്ല കാര്യമാണ്. ചെറിയ ഗ്രൗണ്ടാണിത്. വമ്പനടിക്കാര്‍ക്ക് അവരുടെ പവര്‍ ഹിറ്റ് നടത്താന്‍ മാത്രം ശേഷി ഗ്രൗണ്ടിനില്ല', മേരി ഗില്‍ പറഞ്ഞു.