ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിനുശേഷമുണ്ടായ അനിഷ്ടസംഭവങ്ങളില്‍ ബി.സി.സി.ഐയോട് ഖേദം പ്രകടിപ്പിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവി മൊഹ്‌സിന്‍ നഖ്‌വി. വിവിധ ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, പിസിബി മേധാവിയും പാകിസ്താനിലെ മന്ത്രിയുമായ നഖ്‌വി ഔദ്യോഗികമായി ഇതുവരെ സമ്മാനദാനച്ചടങ്ങുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇത്തരമൊരു ഖേദപ്രകടനം നടത്തിയിട്ടില്ല.
അതുപോലെ ടൂര്‍ണമെന്റിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി കൈമാറുന്ന കാര്യത്തിലും തീരുമാനമൊന്നുമായിട്ടില്ല. കപ്പും മെഡലുകളും എന്ത് ചെയ്യും എന്ന് പറയാതെയാണ് നഖ്‌വി ബുധനാഴ്ച ലാഹോറിലേയ്ക്ക് മടങ്ങുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ കപ്പ് കൈപ്പറ്റണമെങ്കില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്നെ നേരിട്ടു വന്ന് വാങ്ങണമെന്നായിരുന്നു നഖ്‌വി പറഞ്ഞത്. എന്നാല്‍, ഇതിനോട് സൂര്യകുമാര്‍ യാദവോ ബി.സി.സി.ഐയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനിടെയാണ് നഖ്‌വി ക്ഷമാപണം നടത്തി കപ്പിന്റെ കാര്യത്തില്‍ തീരുമാനമൊന്നുമെടുക്കാതെ ലാഹോറിലേയ്ക്ക് പറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് വന്നത്.
ഇന്ത്യ തന്റെ കൈയില്‍ നിന്ന് കപ്പ് ഏറ്റുവാങ്ങില്ലെന്ന നിലപാട് കൈക്കൊണ്ടതോടെ നഖ്‌വി കപ്പും മെഡലുകളുമായി ഹോട്ടലിലേയ്ക്ക് പോവുകയാണുണ്ടായത്. കായികചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത ഈ സംഭവത്തിനെതിരെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധികളായ രാജീവ് ശുക്ലയും ആശിഷ് ഷെലാറും ശക്തമായി ആഞ്ഞടിച്ചിരുന്നു. ഇതിനുശേഷമാണ് നഖ്‌വി ക്ഷമാപണം നടത്താന്‍ തയ്യാറായതെന്നാണ് അറിയുന്നത്. ട്രോഫി പി.സി.ബിയുടെതല്ല, എ.സി.സിയുടെ സ്വത്താണെന്നും അത് ഇന്ത്യയ്ക്ക് കൈമാറുക തന്നെ വേണമെന്നും ഇരുവരും ശക്തിയുക്തം വാദിച്ചു. ഇത് വാര്‍ഷിക ജനറല്‍ ബോഡിയോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമല്ലെന്ന നിലപാടാണ് നഖ്‌വി കൈക്കൊണ്ടത്. ഇന്ത്യന്‍ സംഘത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് നഖ്‌വി സൂര്യയെയും സംഘത്തെയും അഭിനന്ദിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ഹോട്ടല്‍ മുറിയിലല്ല, എ.സി.സിയുടെ ഓഫീസിലാണ് ട്രോഫി സൂക്ഷിക്കേണ്ടതെന്നും ഇന്ത്യന്‍ സംഘം വാദിച്ചു.
അതിനിടെ കപ്പ് ഇന്ത്യയിലെത്തിക്കാന്‍ ബി.സി.സി.ഐ അണിയറ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
Content Highlights: ACC chief Mohsin Naqvi reportedly apologized to the BCCI for the Asia Cup final trophy incident. India is yet to receive the trophy. Reports suggest BCCI is working to bring it to India.
Published: 01 Oct 2025, 03:14 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented