ന്യൂഡൽഹി: 2026 ലെ ടി20 ലോകകപ്പിന്റെ ഷെഡ്യൂളിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. ഫെബ്രുവരി 7 നും മാർച്ച് 8 നും ഇടയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന മത്സരങ്ങൾ ആരും കാണില്ലെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ (ഐസിസി) വിമർശിച്ച് അശ്വിൻ പറഞ്ഞു.
ആദ്യ മത്സരങ്ങളിൽ ഇന്ത്യയെ അസ്സോസിയേറ്റ് രാജ്യങ്ങൾക്കെതിരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അത്തരം മത്സരങ്ങൾ കാണികളുടെ താൽപര്യം കുറയ്ക്കാൻ സാധ്യതയുണ്ടെന്നും അശ്വിൻ പറഞ്ഞു. ഐസിസിയുടെ തുടർച്ചയായുള്ള നിരവധി മത്സരങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തന്റെ കുട്ടിക്കാലത്ത് നാല് വർഷത്തിലൊരിക്കൽ നടക്കുന്ന ടൂർണമെന്റുകളുമായി അദ്ദേഹം മത്സരങ്ങളെ താരതമ്യം ചെയ്തു. ഇടവേളകൾ ഉണ്ടായിരുന്നതിനാൽ അന്നത്തെ മത്സരങ്ങളിൽ മടുപ്പ് അനുഭവപ്പെടാതെ ഏറെ ആകാംക്ഷയോടെ കാണികൾ കാത്തിരിക്കുമായിരുന്നുവെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
"ഇത്തവണ ഐസിസി ടി20 ലോകകപ്പ് ആരും കാണില്ല. ഇന്ത്യയും യുഎസ്എയും ഇന്ത്യയും നമീബിയയും- ഈ മത്സരങ്ങൾ ലോകകപ്പിൽനിന്ന് കാണികളെ അകറ്റും. ലോകകപ്പുകൾ നാല് വർഷത്തിലൊരിക്കലാണ് നടന്നിരുന്നത്. അതുകൊണ്ട്, താൽപര്യം ഏറിയിരുന്നു. ആദ്യ റൗണ്ടിൽ ഇന്ത്യ ഇംഗ്ലണ്ടിനോ ശ്രീലങ്കയ്‌ക്കോ എതിരെ കളിച്ചിരുന്നു, അത് കൂടുതൽ രസകരമായിരുന്നു," അശ്വിൻ തന്റെ യൂട്യൂബ് ചാനലായ 'അഷ് കി ബാത്തി'ലൂടെ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
"1996, 1999, 2003 കാലഘട്ടങ്ങളിൽ ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ, ലോകകപ്പ് നാല് വർഷത്തിലൊരിക്കലാണ് വന്നിരുന്നത്. ഞങ്ങൾ ലോകകപ്പ് കാർഡുകൾ ശേഖരിക്കുകയും ഷെഡ്യൂളുകൾ പ്രിന്റ് ചെയ്യുകയും കാത്തിരിക്കുകയും ചെയ്യുമായിരുന്നു. ആ ആകാംക്ഷ സ്വാഭാവികമായി കൂടുമായിരുന്നു," അശ്വിൻ കൂട്ടിച്ചേർത്തു.
നേരത്തെ, ഏകദിന ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ച് അശ്വിൻ അഭിപ്രായം പങ്കുവെച്ചിരുന്നു. 2027 ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നായിരുന്നു അശ്വിൻ പറഞ്ഞത്.
"രോഹിത്തും വിരാടും വിജയ് ഹസാരെ ട്രോഫിയിലേക്ക് തിരിച്ചുവന്നപ്പോൾ ആളുകൾ അത് കാണാൻ തുടങ്ങി. കായികരംഗം എപ്പോഴും വ്യക്തികളെക്കാൾ വലുതാണെന്ന് നമുക്കറിയാം, പക്ഷേ ചിലപ്പോൾ കളി പ്രസക്തമാക്കാൻ കളിക്കാർക്ക് തിരിച്ചുവരേണ്ടതുണ്ട്. വിജയ് ഹസാരെ ട്രോഫി ഒരു ആഭ്യന്തര മത്സരമാണ്, അധികം ആളുകൾ അത് പിന്തുടരുന്നില്ല, പക്ഷേ കോലിയും രോഹിത്തും കളിക്കുന്നതുകൊണ്ട് അവർ അത് കണ്ടു. അവർ ഏകദിനത്തിൽ കളിക്കുന്നത് നിർത്തുന്ന സമയത്ത് എന്താണ് സംഭവിക്കുക?" അദ്ദേഹം പറഞ്ഞു.
ടി20, ടെസ്റ്റ് ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച രോഹിത് ശർമ്മയും വിരാട് കോലിയും ഏകദിന ക്രിക്കറ്റിൽ മാത്രമാണ് കളിക്കുന്നത്. ഫിറ്റ്‌നസ് നിലനിർത്തുന്നതിന്റെ ഭാഗമായാണ് വിജയ് ഹസാരെ ട്രോഫിയിൽ ഇരുവരും കളിക്കുന്നത്.
Content Highlights: R Ashwin slams ICC`s 2026 T20 World Cup schedule, questioning its appeal. He argues that matches against associate nations will deter viewers, contrasting it with past tournaments.
Published: 02 Jan 2026, 08:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented