അഡ്ലെയ്ഡ്: ആഷസ് ക്രിക്കറ്റ് പരമ്പരയിൽ ഓസീസിന് ആധിപത്യം. അഡ്ലെയ്ഡിലും ഇംഗ്ലീഷ് പട അടപടലം വീണതോടെ ഓസ്ട്രേലിയക്ക് പരമ്പര. ആദ്യ മൂന്നു മത്സരങ്ങളും വിജയിച്ചാണ് ഓസീസ് പരമ്പര സ്വന്തമാക്കിയത്. മൂന്നാം ടെസ്റ്റിൽ 82 റൺസിനാണ് ഓസീസ് ജയിച്ചത്. ഓസ്ട്രേലിയ ഉയർത്തിയ 435 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 352 റൺസിന് പുറത്തായി. ഓസീസിനായി രണ്ടാമിന്നിങ്സിൽ മിച്ചൽ സ്റ്റാർക്, പാറ്റ് കമ്മിൻസ്, നേതൻ ലിയോൺ എന്നിവർ മൂന്നു വിക്കറ്റ് വീതമെടുത്തു. സ്കോർ: ഓസ്ട്രേലിയ - 371, 349 ഇംഗ്ലണ്ട് - 286, 352.
ആറുവിക്കറ്റിന് 207 റൺസെന്ന നിലയിൽ അഞ്ചാംദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനുവേണ്ടി ജാമി സ്മിത്തും വിൽ ജാക്സുമാണ് പൊരുതിയത്. ഓസീസ് ബൗളർമാർക്ക് പിടികൊടുക്കാതെ ഇരുവരും പരമാവധി പിടിച്ചുനിന്നു. അവസാനദിനം നാലുവിക്കറ്റ് മാത്രം കൈയിലിരിക്കെ 228 റൺസായിരുന്നു ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ ടീം സ്കോർ 250 കടന്നു. പിന്നാലെ അർധസെഞ്ചുറി തികച്ച ജാമി സ്മിത്ത് പുറത്തായി. 60 റൺസാണ് സമ്പാദ്യം.
പിന്നീട് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളത്രയും വിൽ ജാക്സിലായിരുന്നു. ബ്രൈഡൻ കാഴ്സുമായി ചേർന്ന് ജാക്സ് ടീമിനെ മുന്നൂറ് കടത്തുകയും ചെയ്തു. എന്നാൽ, അധികനേരം താരത്തിനും പിടിച്ചുനിൽക്കാനായില്ല. 47 റൺസെടുത്ത താരത്തെ സ്റ്റാർക് കൂടാരം കയറ്റി. മൂന്ന് റൺസെടുത്ത ജൊഫ്ര ആർച്ചറിനേയും സ്റ്റാർക് വീഴ്ത്തിയതോടെ ഇംഗ്ലണ്ട് തോൽവി മണത്തു. ടീം 349-9 എന്ന നിലയിലേക്ക് വീണു. ബ്രൈഡൻഡ കാഴ്സ് പിടിച്ചുനിന്നെങ്കിലും ജോഷ് ടങ്കിനെ പുറത്താക്കി ബോളണ്ട് ഓസീസിന് ജയവും പരമ്പരയും സമ്മാനിച്ചു.
നേരത്തേ 85 റൺസെടുത്ത ഓപ്പണർ സാക് ക്രോളിയാണ് ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്‌സിൽ കാര്യമായി പൊരുതിയത്. എന്നാൽ, ജോ റൂട്ട് (39), ഹാരി ബ്രൂക്ക് (30) എന്നിവരിൽ നിന്നൊഴികെ മാറ്റ് ബാറ്റർമാരിൽനിന്ന് ക്രോളിക്ക് പിന്തുണ ലഭിച്ചില്ല. നാലാം ദിവസത്തെ അവസാന വിക്കറ്റായാണ് ക്രോളി വീണത്. ആദ്യ ഇന്നിങ്സിൽ ഓസീസ് 371 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 286 റൺസിന് പുറത്തായി. രണ്ടാമിന്നിങ്സിൽ 349 റൺസെടുത്ത കമ്മിൻസും സംഘവും 435 രൺസ് വിജയലക്ഷ്യമുയർത്തി. എന്നാൽ ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് 352 ൽ അവസാനിച്ചു.
Content Highlights: Australia have retained the Ashes
Published: 21 Dec 2025, 09:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented