ബ്രിസ്‌ബേന്‍: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ലീഡെടുത്ത് ഓസ്‌ട്രേലിയ. നിലവില്‍ 26 റണ്‍സിന്റെ ലീഡാണ് ടീമിനുള്ളത്. ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് തുടരുന്ന ഓസീസ് ആറുവിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സെന്ന നിലയിലാണ്. ജെയ്ക്ക് വെതറാള്‍ഡ്, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത് എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

To advertise here,

ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ഒന്‍പത് റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. 334 റണ്‍സിന് ടീം പുറത്തായി. 138 റണ്‍സെടുത്ത ജോ റൂട്ട് പുറത്താവാതെ നിന്നു. ജൊഫ്ര ആര്‍ച്ചറാണ്(38) രണ്ടാം ദിനം പുറത്തായത്.

പിന്നാലെ ആദ്യ ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഓസീസിന്റേത് മികച്ച തുടക്കമായിരുന്നു. മുന്‍നിര ബാറ്റര്‍മാരെല്ലാം ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും ജെയ്ക്ക് വെതറാള്‍ഡും ഒന്നാം വിക്കറ്റില്‍ 77 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഹെഡ് 33 റണ്‍സെടുത്ത് പുറത്തായി. വെതറാള്‍ഡ്(72), മാര്‍നസ് ലബുഷെയ്ന്‍(65), സ്റ്റീവന്‍ സ്മിത്ത്(61) എന്നിവര്‍ അര്‍ധസെഞ്ചുറി തികച്ചതോടെ ഓസീസ് 250- കടന്നു. കാമറൂണ്‍ ഗ്രീന്‍ 45 റണ്‍സും ജോഷ് ഇംഗ്ലിസ് 23 റണ്‍സുമെടുത്ത് പുറത്തായി. അതോടെ ഓസ്‌ട്രേലിയ ലീഡുമെടുത്തു. അലക്‌സ് കാരിയും മൈക്കല്‍ നെസറുമാണ് ക്രീസില്‍.