ഷാര്‍ജ: ഏകദിന ക്രിക്കറ്റിലെ റെക്കോഡ് ബുക്കില്‍ പേരെഴുതിച്ചേര്‍ത്ത് അഫ്ഗാനിസ്താന്റെ യുവതാരം റഹ്‌മാനുള്ള ഗുര്‍ബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ടു സെഞ്ചുറികള്‍ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന നേട്ടമാണ് ഗുര്‍ബാസ് സ്വന്തമാക്കിയത്. ഇന്ത്യന്‍ താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി, പാകിസ്താന്‍ താരം ബാബര്‍ അസം എന്നിവരെ പിന്നിലാക്കിയാണ് ഗുര്‍ബാസിന്റെ സെഞ്ചുറി വേട്ട.
ബംഗ്ലദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ചുറി തികച്ചതോടെയാണ് താരം ഈ നേട്ടത്തിലെത്തിയത്. മത്സരത്തില്‍ 120 പന്തുകള്‍ നേരിട്ട ഗുര്‍ബാസ്, ഏഴു സിക്‌സും അഞ്ചു ഫോറുമടക്കം 101 റണ്‍സെടുത്തു. മത്സരത്തില്‍ അഫ്ഗാന് അഞ്ചു വിക്കറ്റിന്റെ ജയം സമ്മാനിച്ച ഗുര്‍ബാസിന്റെ കളിമികവില്‍ അഫ്ഗാന്‍ ബംഗ്ലദേശിനെതിരേ പരമ്പര വിജയവും സ്വന്തമാക്കി. ഈ വര്‍ഷം താരത്തിന്റെ മൂന്നാം ഏകദിന സെഞ്ചുറി കൂടിയാണിത്.
22 വര്‍ഷവും 349 ദിവസവും പ്രായമുള്ളപ്പോഴാണ് ഗുര്‍ബാസ് തന്റെ എട്ടാം ഏകദിന സെഞ്ചുറി കുറിച്ചിരിക്കുന്നത്. 22 വയസും 312 ദിവസവും പ്രായമുള്ളപ്പോള്‍ എട്ടാം ഏകദിന സെഞ്ചുറി തികച്ച ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡിക്കോക്കാണ് ഈ പട്ടികയിലെ ഒന്നാമന്‍.
എട്ടാം ഏകദിന സെഞ്ചുറിയിലെത്തുമ്പോള്‍ സച്ചിന് 22 വയസും 357 ദിവസവും പ്രായമുണ്ടായിരുന്നു. കോലി 23 വയസും 27 ദിവസവും പ്രായമുള്ളപ്പോഴും ബാബര്‍ അസം 23 വയസും 280 ദിവസവും പ്രായമുള്ളപ്പോഴുമാണ് എട്ട് ഏകദിന സെഞ്ചുറികളിലെത്തിയത്.
അതേസമയം അഫ്ഗാനായി ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ ഗുര്‍ബാസ് ഒന്നാം സ്ഥാനത്താണ്. ആറ് സെഞ്ചുറികളുമായി മുഹമ്മദ് ഷഹ്‌സാദാണ് പിന്നാലെയുള്ളത്.
Content Highlights: Rahmanullah Gurbaz becomes the second youngest batsman to score 8 ODI centuries, surpassing Sachin
Published: 12 Nov 2024, 01:13 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented