ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിന് തുടക്കം. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്താന്‍ ശ്രീലങ്കയെ തകര്‍ത്തു. എട്ട് വിക്കറ്റിനാണ് അഫ്ഗാന്റെ വിജയം. ശ്രീലങ്ക ഉയര്‍ത്തിയ 106 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാനിസ്താന്‍ വെറും 10.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി.

To advertise here,

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 19.4 ഓവറില്‍ വെറും 105 റണ്‍സിന് ഓള്‍ ഔട്ടായി. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത അഫ്ഗാന്‍ ബൗളര്‍മാര്‍ ശ്രീലങ്കന്‍ ബാറ്റിങ് നിരയെ പിച്ചിച്ചീന്തി. 38 റണ്‍സെടുത്ത ഭനുക രജപക്‌സ മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ പിടിച്ചുനിന്നത്. 31 റണ്‍സ് നേടിയ ചമിക കരുണരത്‌നെയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഒന്‍പത് ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. 

അഫ്ഗാനിസ്താന് വേണ്ടി ഫസല്‍ഹഖ് ഫാറൂഖി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മുജീബുര്‍ റഹ്‌മാനും മുഹമ്മദ് നബിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നവീന്‍ ഉള്‍ ഹഖ് ഒരു വിക്കറ്റ് സ്വന്തമാക്കി. 

ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച അഫ്ഗാനിസ്താന്‍ അനായാസം വിജയത്തിലേക്ക് കുതിച്ചു. ഓപ്പണര്‍മാരായ ഹസ്‌റത്തുള്ള സസായിയും റഹ്‌മാനുള്ള ഗുര്‍ബാസും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ തന്നെ 83 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിന് വിജയമുറപ്പിച്ചു. 40 റണ്‍സെടുത്ത റഹ്‌മാനുള്ളയാണ് ടീമിന്റെ ടോപ് സ്‌കോര്‍. സസായി 37 റണ്‍സെടുത്തും നജീബുള്ള സദ്രാന്‍ 2 റണ്‍സ് നേടിയും പുറത്താവാതെ നിന്നു. ഇബ്രാഹിം സദ്രാന്‍ 15 റണ്‍സെടുത്ത് പുറത്തായി. 

ശ്രീലങ്കയ്ക്ക് വേണ്ടി വാനിന്ദു ഹസരംഗ ഒരു വിക്കറ്റെടുത്തു. ഈ വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ അഫ്ഗാനിസ്താന്‍ ഒന്നാമതെത്തി. ഇരുടീമുകളെയും കൂടാതെ ബംഗ്ലാദേശാണ് ഗ്രൂപ്പിലുള്ള മൂന്നാമത്തെ ടീം.